റിസല്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണ്. ആന്റിറിസര്‍വേഷന്‍ ഗ്രൂപ്പുകള്‍ സജീവമാകുന്ന കാലവും ഇത് തന്നെ. മെറിറ്റിനെ അട്ടിമറിച്ച്, ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയെ/തുല്യതയെ പിഴുതെറിയാന്‍ ശേഷിയുള്ള എന്തോ ഒന്നാണ് സാമൂഹിക സംവരണം എന്നാണ്, ഇതുപോലയുള്ള ഗ്രൂപ്പുകളിലെ സന്ദേശത്തിന്റെ ആകത്തുക.
അപ്പോള്‍ അവിടെനിന്ന് തന്നെ തുടങ്ങാം. ഈ ഭരണഘടനയോ അതിലെ സംവരണ വകുപ്പുകളോ ഒക്കെ ഉണ്ടാകുന്നതിന് മുമ്പ്, ഇവിടെ എന്ത് ജനാധിപത്യം / തുല്യത ഉണ്ടായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്? ലോകത്തിലെ എറ്റവും വലിയ അഴിമതിയായ ജാതിവ്യവസ്ഥയാല്‍ നിര്‍മ്മിക്കപ്പെട്ട ഒരിടം മാത്രമായിരുന്നു ഇന്ത്യ.
ഒരാള്‍ ജനിക്കുമ്പോള്‍ തന്നെ എന്ത് കാണണം, കേള്‍ക്കണം, കഴിക്കണം, ഉടുക്കണം, അങ്ങനെ അയാളുടെ ചിന്തകളെയും സ്വപ്‌നങ്ങളെയും കാഴ്ചപ്പാടിനെയും "അരുതുകള്‍' കൊണ്ട് വിലക്കാന്‍ മാത്രമല്ല, അയാളെ തന്നെ കൊല്ലാന്‍ വിധിക്കാന്‍ പ്രാപ്തിയുള്ള ജാതി വ്യവസ്ഥയെ ആണോ നിങ്ങള്‍ തുല്യത എന്ന് വിളിക്കുന്നത്?. ഭരണഘടന പ്രാബല്യത്തില്‍ വന്ന അന്ന് മുതല്‍ കംപ്യൂട്ടറിലെ ഒരു സോഫ്റ്റ്‌വയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലാഘവത്തോടെ ഇന്ത്യയിലെ ജാതീയതയെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണോ നിങ്ങള്‍ കരുതുന്നത്? അനീതിയെ ധര്‍മ്മമായി കാണുന്ന, മെറിറ്റെന്നത് അജ്ഞാതമായ ഒരു സമൂഹത്തില്‍ ജനാധിപത്യം പരിചയപ്പെടുത്തുമ്പോള്‍ നാം ആദ്യം മനസ്സിലാക്കേണ്ട കാര്യം, എല്ലാ മനുഷ്യര്‍ക്കും സമൂഹത്തില്‍ ഒരേ മൂല്യമല്ല എന്ന സത്യമാണ്. ആ അനീതിയെ മറികടക്കാനാണ് സംവരണം. "ഒരാള്‍ക്ക് ഒരു വോട്ട് അതിന് ഒരേ മൂല്യമെന്ന തത്വം നാം രാഷ്ട്രീയത്തില്‍ അംഗീകരിച്ചേക്കാം. എന്നാല്‍ സാമൂഹ്യ സാമ്പത്തിക ഘടനയില്‍ ഒരു മനുഷ്യന് ഒരു മൂല്യമെന്ന തത്വത്തിന്റെ നിഷേധം തുടരുക തന്നെ ചെയ്യുന്നു. എത്രകാലം നമുക്ക് ഈ വൈരുദ്ധ്യപൂര്‍ണമായ ജീവിതം തുടരാന്‍ കഴിയും'. നിങ്ങളുടെ ട്രോളുകളിലൂടെ എറ്റവും അധികം അധിക്ഷേപിക്കപ്പെടുന്ന ഡോ. ബി.ആര്‍. അംബേദ്ക്കറുടെ വാക്കുകളാണിവ. ആ വരികളിലേക്ക് നിങ്ങള്‍ നോക്കുക, ഇന്നും അതിജീവിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു വലിയ ജനാവലിയുടെ മിടിപ്പുകള്‍ നിങ്ങള്‍ക്കതില്‍ കാണാം.
ജാതി ഒക്കെ പണ്ടല്ലേ? ഇപ്പോള്‍ അതൊക്കെ ഉണ്ടോ എന്ന് പുച്ഛിക്കുന്നവരോട്: ഒരു കുട്ടിയെ അടക്കി ഇരുത്താന്‍ നമ്മള്‍ ഏവരും ആശ്രയിക്കുന്ന ഒന്നാണ് കാര്‍ട്ടൂണുകള്‍. തിന്‍മക്ക് മുകളില്‍ നന്‍മയുടെ വിജയം തന്നെ അതിലെ കഥ. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ഈ തിന്‍മയുടെ കഥാപാത്രങ്ങളില്‍ 90% കറുത്ത നിറത്തിലായിരിക്കും. ആ കാഴ്ച ഒരു കുട്ടിയിലുണ്ടാക്കുന്ന ജാതീയത എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അതിന്റെ ഇടയിലുള്ള പരസ്യങ്ങളില്‍ മുഴുവനും വെളുക്കാനുള്ള പതിനെട്ട് അടവുകള്‍. കറുത്തിരുന്നാല്‍ നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ചുള്ള അപായസൂചനകള്‍. ഇന്ത്യയിലെ കോസ്മറ്റിക് പരസ്യങ്ങള്‍ കറുത്തവരോട് പറയുന്നത് ഒന്നുകില്‍ വിഷം കഴിച്ചു മരിക്കു, അല്ലെങ്കില്‍ ഞങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച്, വെളുത്ത് മനുഷ്യക്കോലത്തില്‍ ആവു എന്നല്ലാതെ മറ്റെന്താണ്? എന്തിന് ന്യൂസ് ഡസ്കില്‍പോലും ഇത് തന്നെയാണ് അവസ്ഥ. നിങ്ങള്‍ പറയു, ഇതൊക്കെ കണ്ടു വളരുന്ന ഞങ്ങളുടെ തലമുറ എങ്ങനെ കോണ്‍ഫിഡന്‍സോടെ സമൂഹത്തെ അഭിമുഖികരിക്കും?
നൂറുകണക്കിന് റിയാലിറ്റി ഷോകള്‍ ഉണ്ടായിട്ടും, സ്മൂളുകളിലുടെ ഞങ്ങളുടെ കുട്ടികള്‍ക്ക് പാടി കൈയടി വാങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
ആഢ്യത്വം, പാരമ്പര്യം, സൗന്ദര്യം, ഐശ്വര്യം... ഈ വാക്കുകളില്‍ നമുക്ക് ഒരു ദളിത് ശരിരത്തെ ഊഹിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ് ആ വാക്കുകള്‍ക്ക് മൂല്യമുണ്ടാകുന്നത്. "കാടത്തം' പോലുള്ള വാക്കുകളുടെ മൂല്യച്യുതിയുടെ പിന്നില്‍ അത് ആദിവാസി/ദളിതരെ ഓര്‍മ്മപ്പെടുത്തുന്നു എന്നതിലാണ്. നിങ്ങളറിയണം, സ്വന്തമായി ഒരു മാതൃഭാഷപോലും ഇല്ലാത്തവരാണ് ദളിതര്‍. നിങ്ങളുടെ ഈ അപരവല്‍ക്കരണം തന്നെയാണ് അയിത്തം.
അന്തര്‍ജനം എന്ന് കേള്‍ക്കുമ്പോഴും പുലയ സ്ത്രി എന്ന് കേള്‍ക്കുമ്പോഴും അല്ലെങ്കില്‍ അഗ്രഹാരം എന്ന് കേള്‍ക്കുമ്പോഴും ദളിത് കോളനി എന്ന് കേള്‍ക്കുമ്പോഴുമുള്ള നിങ്ങളുടെ മനോഭാവം ഒന്നാകാത്തിടത്തോളം കാലം ഇന്ത്യയില്‍ സംവരണം തുടരുക തന്നെ ചെയ്യും. മാട്രിമോണിയല്‍ കോളത്തില്‍ സ്വന്തം ജാതി തിരിഞ്ഞുള്ള വിവാഹ ആലോചനകള്‍ ഉള്ളിടത്തോളം കാലം നിങ്ങള്‍ കാണിക്കുന്നത് അയിത്തം തന്നെയാണ്. ഇലക്ഷന്‍ പോലുള്ള കാര്യങ്ങളില്‍ നിങ്ങള്‍ എത്ര പേര്‍ മെറിറ്റ് (വ്യക്തിയുടെ കഴിവ്) നോക്കി വോട്ട് ചെയ്യുന്നുണ്ട്? അങ്ങനെ , തന്റെ സ്വകാര്യ ജീവിതത്തില്‍നിന്ന് മനുസ്മൃതിയെ ഇറക്കിവിടാത്തിടത്തോളം കാലം നിങ്ങള്‍ സംവരണം എന്ന നീതിയെ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം.
സംവരണത്തെ എതിര്‍ക്കുന്നവരില്‍ 90 ശതമാനം പേരും സ്വന്തം പേരിലുള്ള ജാതിപോലും മാറ്റാന്‍ തയാറാവാത്തവരാണ്. എന്നിട്ട് സംവരണത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രം അവര്‍ക്ക് ഒരു ജാതി മാത്രമേ അറിയു, അത് മനുഷ്യ ജാതിയാണെന്ന കപടത പുറത്തെടുക്കുന്നു. ജാതി ഒരു മൂലധനമാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെയാണ് നിങ്ങള്‍ പേരിനൊപ്പം ജാതി ചേര്‍ക്കുന്നത്. അതുംകൂടി ചേര്‍ന്നതാണ് എന്റ പേര് എന്നത് ഒരു മുട്ടാപ്പോക്ക് മാത്രമാണ്. പണ്ടത്തെപ്പോലെ കല്ലുമാല അണിയാനും, ചൂല് കെട്ടി തുക്കാനുമൊന്നും പറയാന്‍ നിങ്ങള്‍ക്കാവില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ജാതിപറഞ്ഞ് ആ പ്രിവിലേജിനെ പിടിച്ച് നിര്‍ത്തണം. നിങ്ങള്‍ പേരിനൊപ്പം ജാതി ചേര്‍ക്കുമ്പോള്‍ നടക്കുന്നത് ഭരണഘടനാ ലംഘനമാണ്. സമത്വം, സാഹോദര്യം എന്നിവയെ കത്തി കയറ്റി കൊല്ലുകയാണ്. ഒരാള്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവനാണെന്നു പേരുകൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കുന്നത് അങ്ങനെ ചെയ്യാനുള്ള അയാളുടെ മൗലിക അവകാശമല്ല, മറിച്ച് മറ്റൊരാളുടെ മൗലികാവകാശത്തെ റദ്ദ് ചെയ്യാന്‍ മനുസ്മൃതിയെ തിരിച്ച് കൊണ്ടുവരുകയാണ് .
ഇനി കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, നിങ്ങള്‍ ഭരണഘടനയില്‍ തൊട്ട് പ്രതിഞ്ജ ചെയ്തല്ലേ ആ കസേരയില്‍ ഇരുന്നത്? അതൊന്ന് മറിച്ച് നോക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം എന്നെങ്കിലും കാണിക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് പിടികിട്ടും, സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയ അല്ലെന്നും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയാണെന്നുമുള്ള കാര്യം.






