ആഗ്ര- രണ്ട് ദിവസം മുമ്പ് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 40 കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ ആഗ്രയിലെ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കയാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ ശ്രീവാസ്തവ അറിയിച്ചു. ജനിതക ശ്രേണീകരണത്തിനായി ഇയാളുടെ സാമ്പിളുകള്‍ ലഖ്‌നൗവിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളോടും സമ്പര്‍ക്കം പുലര്‍ത്തിയവരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 23 ന് ചൈനയില്‍ നിന്ന് ദല്‍ഹി വഴി ആഗ്രയിലേക്ക് മടങ്ങിയ ഇയാള്‍ സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയതും കോവിഡ് പോസിറ്റീവ് സ്ഥരീകരിച്ചതും.
നവംബര്‍ 25 ന് ശേഷം ജില്ലയില്‍ കണ്ടെത്തിയ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസാണിതെന്ന് അധികൃതര്‍ അറിയിച്ചു. ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ കേന്ദ്രം കൊറോണ വൈറസ് മുന്‍കരുതല് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്നും മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കാന്‍ ഡിസംബര്‍ 27 ന് മോക്ക് ഡ്രില്‍ നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, താജ്മഹല്‍, ആഗ്ര ഫോര്‍ട്ട്, അക്ബറിന്റെ ശവകുടീരം എന്നിവിടങ്ങളിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തുടങ്ങി.
കൂടാതെ, ആഗ്ര വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, ഇന്റര്‍ ബസ് ടെര്‍മിനല്‍ (ഐഎസ്ബിടി) എന്നിവിടങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.