Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോക്കറ്റിലെ മാരകായുധം

റഫറിയുടെ പോക്കറ്റിലെ മാരകായുധമാണ് ചുവപ്പ് കാര്‍ഡ്. റഫറിയുടെ പോക്കറ്റിലേക്ക് കൈ നീങ്ങുമ്പോള്‍ ഓരോ കളിക്കാരന്റെയും ഉള്ളില്‍ തീയാളും. 1970 ലെ ലോകകപ്പിലാണ് ചുവപ്പ് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നത്. അതിനു മുമ്പും കളിക്കാരെ റഫറിമാര്‍ പുറത്താക്കിയിട്ടുണ്ട്. 1930 ലെ പ്രഥമ ലോകകപ്പില്‍ പെറുവിന്റെ പ്ലാസിഡൊ ഗലിന്‍ഡൊ ആണ് പുറത്താക്കപ്പെട്ട ആദ്യ കളിക്കാരന്‍. 1970 ലാണ് ചുവപ്പ് കാര്‍ഡ് ഏര്‍പ്പെടുത്തിയതെങ്കിലും ആ ലോകകപ്പില്‍ ആരും പുറത്താക്കപ്പെട്ടില്ല. 1974 ലെ ലോകകപ്പില്‍ ചിലെയുടെ കാര്‍ലോസ് കസേലിക്കാണ് ആദ്യ ചുവപ്പ് കാര്‍ഡ് കിട്ടിയത്. ചുവപ്പ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ലോകകപ്പുകളില്‍ 23 പേര്‍ പുറത്താക്കപ്പെട്ടിരുന്നു. ചുവപ്പ് കാര്‍ഡ് കിട്ടിയും അല്ലാതെയും ഇതുവരെ 169 കളിക്കാര്‍പുറത്താക്കപ്പെട്ടു.


ചുവപ്പ് കാര്‍ഡുകളുടെ ചരിത്രത്തില്‍ എടുത്തു പറയേണ്ട ലോകകപ്പ് 2006 ലേതാണ്. 28 ചുവപ്പ് കാര്‍ഡുകളാണ് ആ ലോകകപ്പില്‍ റഫറിമാര്‍ക്ക് പുറത്തെടുക്കേണ്ടി വന്നത്. അതിനെക്കാളുപരി അത്തവണ കിരീടം നിര്‍ണയിക്കപ്പെട്ടതും ഒരു ചുവപ്പ് കാര്‍ഡിലാണ്. ഫൈനലിന്റെ എക്‌സ്ട്രാ ടൈമില്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന് ചുവപ്പ് കാര്‍ഡ് കിട്ടിയത് നിര്‍ണായക വഴിത്തിരിവായി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചുവപ്പ് കാര്‍ഡും ഇതു തന്നെയായിരിക്കണം. ലോകകപ്പില്‍ രണ്ടു തവണ ചുവപ്പ് കാര്‍ഡ് കിട്ടിയ രണ്ട് കളിക്കാരിലൊരാളാണ് സിദാന്‍.
അതേ ലോകകപ്പില്‍ ക്രൊയേഷ്യയുടെ ജോസഫ് സിമുണിച് വാര്‍ത്തയായത് ചുവപ്പ് കാര്‍ഡ് ലഭിക്കാത്തതിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് സിമുണിച് വാര്‍ത്തയായത്. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സിലാണ് സിമുണിച് പഠിച്ചത്. ഓസ്‌ട്രേലിയക്ക് കളിക്കാമായിരുന്നു. ക്രൊയേഷ്യയിലല്ല സിമുണിച് ജനിച്ചത്, ബോസ്‌നിയ ഹെര്‍സഗോവിനയിലായിരുന്നു. പക്ഷെ ക്രൊയേഷ്യയില്‍ ഇരട്ടപ്പൗരത്വം നേടി. സാധാരണ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയാല്‍ ആ കളിക്കാരനെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കണം. എന്നാല്‍ റഫറി ഗ്രഹാം പോള്‍ ഇക്കാര്യം മറന്നു പോയി. ഒടുവില്‍ മൂന്നാമതും സിമുണിച് മഞ്ഞക്കാര്‍ഡ് വാങ്ങി. അപ്പോഴാണ് ചുവപ്പ് കാര്‍ഡ് കാട്ടിയത്. 


അറിയാമോ? ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരം 2006 ലെ പോര്‍ചുഗല്‍-നെതര്‍ലാന്റ്‌സ് രണ്ടാം റൗണ്ടാണ്. 16 മഞ്ഞക്കാര്‍ഡും നാല് ചുവപ്പ് കാര്‍ഡും റഫറി പുറത്തെടുത്തു.



ഏറ്റവും നിര്‍ഭാഗ്യകരമായ ചുവപ്പ് കാര്‍ഡ് കിട്ടിയത് 1990 ലെ ലോകകപ്പില്‍ ജര്‍മനിയുടെ റൂഡി വൊള്ളര്‍ക്കായിരുന്നു. ഹോളണ്ടും ജര്‍മനിയും തമ്മിലുള്ള മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയതിന്റെ രോഷത്തില്‍ വൊള്ളറുടെ മുഖത്തു തുപ്പി ഫ്രാങ്ക് റൈക്കാഡ്. വൊള്ളര്‍ അത് ചോദ്യം ചെയ്തപ്പോള്‍ റഫറി വൊള്ളര്‍ക്കും മഞ്ഞക്കാര്‍ഡ് കൊടുത്തു. തൊട്ടുപിന്നാലെ വൊള്ളര്‍ ഡച്ച് ബോക്‌സില്‍ വീണു. പിറകെ വന്ന് റൈക്കാഡ് ജര്‍മന്‍ സ്‌ട്രൈക്കറെ പ്രകോപിപ്പിച്ചു. ഇത്തവണ റൈക്കാഡിന് റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തു. നിര്‍ഭാഗ്യകരമെന്നു പറയാം, തൊട്ടുടനെ വൊള്ളറെയും ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി. ആ കളി ജയിക്കുകയും ആ ലോകകപ്പ് നേടുകയും ചെയ്തുവെന്ന് ജര്‍മനിക്കും വൊള്ളര്‍ക്ക് ആശ്വസിക്കാം. 

ഒരു ചുവപ്പ് കാര്‍ഡും ഗംഭീരമായ തിരിച്ചുവരവുമാണ് ഡേവിഡ് ബെക്കാമിന്റെ കഥ. 1998 ലെ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ഡേവിഡ് ബെക്കാമിന് കിട്ടിയ ചുവപ്പ് കാര്‍ഡ് ഇംഗ്ലണ്ടിനെ മുഴുവന്‍ രോഷം കൊള്ളിച്ചു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് പുറത്തായി. ബെക്കാമായി പ്രധാന വില്ലന്‍. രാജ്യം മുഴുവന്‍ ബെക്കാമിനെ കുറ്റപ്പെടുത്തി. '10 സിംഹങ്ങളും ഒരു വിഡ്ഢിയും' എന്നായിരുന്നു ഡെയിലി മിററിന്റെ തലക്കെട്ട്. ബെക്കാം അതിശക്തമായി തിരിച്ചുവന്നു. 2002 ലെ ലോകകപ്പിന് ഇംഗ്ലണ്ട് യോഗ്യത നേടിയത് ഗ്രീസിനെതിരായ മത്സരത്തില്‍ 93 ാം മിനിറ്റിലെ ബെക്കാമിന്റെ ഫ്രീകിക്ക് ഗോളിലായിരുന്നു. ആ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ മത്സരം ഇംഗ്ലണ്ട് വിജയിച്ചത് ബെക്കാമിന്റെ പെനാല്‍ട്ടി ഗോളിലായിരുന്നു. 
2002 ലെ ലോകകപ്പിലുമുണ്ടായി ചുവപ്പ് കാര്‍ഡ് വിവാദം. തെക്കന്‍ കൊറിയക്കെതിരായ കളിയുടെ എക്‌സ്ട്രാ ടൈമില്‍ ഇറ്റലിയുടെ ഫ്രാഞ്ചെസ്‌കൊ ടോട്ടി ബോക്‌സിലേക്ക് കുതിച്ചു. ടോട്ടി വീണത് കൊറിയന്‍ ഡിഫന്ററുടെ കാലില്‍ അബദ്ധത്തില്‍ തട്ടിയോ അല്ലെങ്കില്‍ കൊറിയന്‍ ഡിഫന്റര്‍ ഫൗള്‍ ചെയ്തതു കൊണ്ടോ ആവാം. എന്നാല്‍ റഫറി ബൈരന്‍ മോറിനൊ വിധിച്ചത് പെനാല്‍ട്ടി നേടാന്‍ ടോട്ടി മനഃപൂര്‍വം വീണുവെന്നാണ്. രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടി ടോട്ടി പുറത്തായി. ഇറ്റലിയുടെ തോല്‍വി ലോക ഫുട്‌ബോളില്‍ വന്‍ പ്രകമ്പനം സൃഷ്ടിച്ചു. മോറിനോയെ കുറിച്ച് പിന്നീട് ഫിഫ അന്വേഷണം നടത്തി. വിവാദങ്ങളെത്തുടര്‍ന്ന് അദ്ദേഹം വിരമിച്ചു. 2010 ല്‍ ഹെറോയിന്‍ കടത്തിയതിന് മോറിനൊ അമേരിക്കയില്‍ പിടിക്കപ്പെടുകയും തടവിലാവുകയും ചെയ്തു. 

 

Latest News