ബ്യൂണസ് അയേഴ്‌സ്- കാത്തുകാത്തിരുന്ന് ലഭിച്ച കനക കിരീടം താഴെ വെക്കാതെ ഫുട്‌ബോൾ ഇതിഹാസം ലിയണൽ മെസി. ദോഹയിൽനിന്ന് അർജന്റീനയിൽ തിരിച്ചെത്തിയ മെസി ലോകകപ്പും കെട്ടിപ്പിടിച്ച് കിടക്കുന്നതിന്റെയും കൂടെയിരിക്കുന്നതിന്റെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മെസി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഇന്ന് പുലർച്ചെയാണ് ദോഹയിൽനിന്ന് അർജന്റീന ഫുട്‌ബോൾ സംഘം ബ്യൂണസ് അയേഴ്‌സിലെത്തിയത്. പതിനായിരങ്ങൾ പങ്കെടുത്ത സ്വീകരണ ചടങ്ങിന് ശേഷം മെസി റൊസാരിയോയിലെ വീട്ടിലേക്ക് പോയി. വീട്ടിൽനിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കറുത്ത പുതപ്പിനുള്ളിൽ വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്ന മെസി ഇടതുകൈ കൊണ്ട് ലോകകപ്പ് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഒന്ന്. ഇതിന് പുറമെ, ബെഡിൽ പാതി കിടന്ന് ചായ കുടിക്കുമ്പോഴും മെസിയുടെ കൈവശം ലോകകപ്പ് കിരീടമുണ്ട്. കാത്തുകാത്തിരുന്ന കിരീടം താഴെവെക്കാതെ മെസി ഊണിലും ഉറക്കിലും കിരീടത്തിനൊപ്പമാണ്.






