ഫൈനല്‍ മത്സരം തുടങ്ങുംമുമ്പ് മെസ്സിയോടൊപ്പം മലയാളി ബാലന്‍

ദോഹ- ലോകകപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അര്‍ജന്റീന ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച് മെസ്സിയോടൊപ്പമുള്ള മലയാളി ബാലന്റെ ദൃശ്യം.   മുഹമ്മദ് ആസിം വെളിമണ്ണയാണ് കിക്കോഫ് വിസില്‍ മുഴങ്ങും മുമ്പ് മെസ്സിയോടൊപ്പം മലയാളികളുടെ മനസ്സിലെത്തിയത്.
ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് വാം അപ്പ് സെഷനായി പുറപ്പെട്ട മെസ്സി ടണലില്‍ കാത്തിരുന്ന ആസിമിനടുത്തെത്തി  ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു.  
മെസ്സിയും സംഘവും ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് ലോകമെങ്ങും തത്സമയം കണ്ടപ്പോള്‍ മലയാളികള്‍ ഈ ദൃശ്യം പ്രത്യേകം ശ്രദ്ധിച്ചു.
കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിം പിതാവ് മുഹമ്മദ് സഈദിനൊപ്പമാണ് ദോഹയിലെത്തിയത്. ലോകകപ്പ് കാണാനുള്ള ആഗ്രഹമറിയിച്ച ആസിമിന് കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി. മുഹമ്മദ് മുഖ്താറാണ് തുണയായത്. വിമാനടിക്കറ്റും വിസയും താമസവും കളികാണാനുള്ള ഹയ കാര്‍ഡുമെല്ലാം ഏര്‍പ്പാടാക്കിയത് അദ്ദേഹമായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ആസിം പിതാവിനൊപ്പം യു.എ.ഇ.യിലുമെത്തിയിരുന്നു.

 

Latest News