നിലാവലയിൽനിന്ന് ഗ്രീഷ്മജ്വാലയിലേക്ക്

അരങ്ങിന്റെ നേർത്ത വെളിച്ചത്തിൽനിന്നും ജീവിതത്തിന്റെ ഉച്ചച്ചൂടിലേയ്ക്ക് നടന്നടുത്ത ചരിത്രമാണ് കുടശ്ശനാട് കനകം എന്ന കലാകാരിയുടേത്. അരപതിറ്റാണ്ടോളം കേരളത്തിലങ്ങോളമിങ്ങോളം നിരവധി വേദികളിൽ ജീവിതം തകർത്താടിയപ്പോൾ ജീവിതാരങ്ങിൽ തനിച്ചായിപ്പോവുകയായിരുന്നു. സ്വന്തമായി ഒരു വീടു പോലുമില്ലാതെ ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ഈ അഭിനേത്രി  ഒടുവിലെത്തിയതാകട്ടെ സിനിമയുടെ വെള്ളിവെളിച്ചത്തിലും. അഞ്ചു പതിറ്റാണ്ടോളം മലയാള നാടകവേദിയിലെ നിറസാന്നിധ്യമായിരുന്ന ഈ അമ്മ ഈയിടെ പുറത്തിറങ്ങിയ ജയജയജയ ജയഹേയിലെ അമ്മ വേഷത്തോടെ ഏവരുടെയും ആദരവിന് പാത്രമായിരിക്കുകയാണ്. ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യമാണിപ്പോൾ കനകത്തെ മുന്നോട്ടു നയിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത കുടശ്ശനാട്ടെ വാടകവീട്ടിലിരുന്ന്  സ്വന്തം ജീവിതത്തിന്റെ ഫ്ലാഷ് ബാക്കിലേയ്ക്ക് മനസ്സു പായിക്കുകയായിരുന്നു ഈ കലാകാരി.
മാതാപിതാക്കളുടെ എട്ടു മക്കളിൽ ഇളയവളായാണ് ജനനം. കുട്ടിക്കാലംതൊട്ടേ കലാതാല്പര്യമുള്ളതിനാൽ നൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് നാടകത്തിലും വേഷമിട്ടുതുടങ്ങി. അന്നൊക്കെ നാടകങ്ങളിൽ പുരുഷന്മാരായിരുന്നു പെൺവേഷം കെട്ടിയിരുന്നത്. മൂന്നാം വയസ്സിലായിരുന്നു ആദ്യമായി അരങ്ങിലെത്തിയത്. പൂതനയെ കൊല്ലുന്ന കൃഷ്ണന്റെ വേഷം. പൂതനയുടെ മുടിയിലും കഴുത്തിലുമെല്ലാം കുത്തിപ്പിടിച്ച് കൊല്ലുന്നതുകണ്ട് കാണികൾ ആർത്തുവിളിച്ചു. അതോടെയാണ് എന്നിലെ കലാകാരിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞുതുടങ്ങിയത്. അതോടെ കനകമ്മ എന്ന പേര് മാറ്റി കുടശ്ശനാട് കനകം എന്നാക്കി. പത്താം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളു. എങ്കിലും സ്‌കൂൾ കലോത്സവങ്ങളിലെല്ലാം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രൊഫഷണൽ നാടകവേദിയിലെത്തുന്നത്. അന്നൊന്നും പെൺകുട്ടികളെ നാടകങ്ങളിൽ അഭിനയിപ്പിക്കാൻ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാടകത്തിൽ അഭിനയിക്കുന്നത് നിലവാരം കുറഞ്ഞ ഒരു തൊഴിലായാണ് കണ്ടിരുന്നത്. അതുകൊണ്ടാണ് ആണുങ്ങൾതന്നെ പെൺവേഷം കെട്ടിയിരുന്നത്. എന്നാൽ ഒരിക്കൽ അച്ഛന്റെ സുഹൃത്തു കൂടിയായ അഡ്വ. ശശികുമാർ സാർ വീട്ടിലെത്തി നാടകാഭിനയത്തിന് ക്ഷണിച്ചപ്പോൾ അച്ഛന് സമ്മതം മൂളേണ്ടിവന്നു. അന്നുമുതൽ അരങ്ങിനൊപ്പമായിരുന്നു എന്റെ ജീവിതം.


കൊട്ടിയം സംഘം തിയേറ്റേഴ്‌സിന്റെ രാമായണം എന്ന നാടകത്തിലായിരുന്നു ആദ്യവേഷം. അഭിനയിക്കാനെത്തിയപ്പോൾ പെൺകുട്ടിയായി ഞാൻ മാത്രമേയുള്ളു. മറ്റൊരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഒരു നടനായിരുന്നു. എങ്കിലും ആദ്യനാടകംതന്നെ ശ്രദ്ധിക്കപ്പെട്ടു. അതോടെ നാടകസമിതിക്കാർ പലരും വീട്ടിലെത്തി നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചുതുടങ്ങി. അമേച്വർ നാടകങ്ങളിലും പ്രൊഫഷണൽ നാടകങ്ങളിലും ഒരുപോലെ തിളങ്ങാനായിരുന്നു നിയോഗം. അരങ്ങിൽ മാത്രമല്ല, നാല്പതുവർഷം മുൻപ് ടെലിഫിലിമിൽ അഭിനയിച്ച ചരിത്രവും കനകത്തിനുണ്ട്. കുമരകം രഘുനാഥിനും സീമാ ജി നായർക്കുമൊപ്പം ജസ്റ്റ് എ മിനുട്ട് എന്ന ടെലിഫിലിമിൽ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിലായിരുന്നു ആ ടെലിഫിലിം സംപ്രേഷണം ചെയ്തത്. പവർ വിഷൻ ചാനലിലും വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
കൊട്ടിയം സംഗം തിയേറ്റേഴ്‌സിന്റെ രാമായണത്തിലെ സീത, അടൂർ ജയ തിയേറ്റേഴ്‌സിന്റെ പവിത്രാണായ, ആരാധനയുടെ അന്തരം അധികാരം, തിരുവനന്തപുരം ശ്രുതിയുടെ പടിപ്പുരവിളക്ക്, എൻ.ജി.ഒ., സമയരഥം, പ്രമാണി, ഗുരുകുലം തുടങ്ങിയ നാടകങ്ങളിലെ അഭിനയമുഹൂർത്തങ്ങൾ ഇന്നും കനകത്തിന്റെ മനസ്സിലുണ്ട്. സമയരഥം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കേയായിരുന്നു അച്ഛന്റെ മരണം. നാടകം കഴിയുന്നതുവരെ എന്നെ കാത്തുകിടന്നാണ് അച്ഛനെ ചിതയിലേയ്‌ക്കെടുത്തത്.
തിരുവനന്തപുരം നവദർശനയുടെ കയ്യും തലയും പുറത്തിടും, മുഹൂർത്തം ശുഭമുഹൂർത്തം, അനാൾജിൻ, മന്ദാകിനിയുടെ മൗനതീരങ്ങളിൽ, കൊല്ലം വിശ്വചേതനയുടെ ഹൃദയപൂർവ്വം സ്‌നേഹിതന്്, കരുനാഗപ്പള്ളി അമ്മു കമ്മ്യൂണിക്കേഷൻസിന്റെ ദാരികൻ, സംഘചേതനയുടെ കടുകോളം വലുത്, ഓച്ചിറ അനുപമ ക്രിയേഷൻസിന്റെ മധുരാപുരിയിലെ മന്ത്രവാദിനി തുടങ്ങിയ നാടകങ്ങളിലും നായികയായി അരങ്ങുതകർക്കുകയായിരുന്നു. ഹൃദയപൂർവ്വം സ്‌നേഹിതന് എന്ന നാടകത്തിലെ അഭിനയത്തിന് അമ്പലപ്പുഴ ഫോക്കസിന്റെ മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചിരുന്നു. മധുരാപുരിയിലെ മന്ത്രിവാദിനിയിൽ നർത്തകിയായ ഉർവ്വശിയെ അവതരിപ്പിച്ചതിന് മണ്ണടി പൊന്നമ്മയിൽനിന്നും പുരസ്‌കാരം ലഭിച്ചിരുന്നു.
ജീവിതത്തിലെ നല്ലൊരു പങ്കും നാടകസമിതികൾക്കൊപ്പമായിരുന്നു കനകത്തിന്റെ യാത്ര. ഓച്ചിറ സരിഗ കലാസമിതിയിൽ ഏഴുവർഷത്തോളം നാടകം അവതരിപ്പിച്ചു. ഗീഥാ സലാമിന്റെ നാടകസമിതിയിൽ മൂന്നുവർഷം, ഓച്ചിറ ആവിഷ്‌കാരയിൽ രണ്ടുവർഷം, കൊച്ചിൻ കലാസാരഥിയിൽ ഒരു വർഷം തുടങ്ങി അരങ്ങിൽ വർഷങ്ങളോളം അഭിനയിച്ചു ജീവിച്ചു. എങ്കിലും മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന ഒരു വേഷമുണ്ട്. ആറ്റിങ്ങൽ ബാക്ക് കർട്ടൻ തിയേറ്റർ ഗ്രൂപ്പിന്റെ സെൽ നമ്പർ 13 എന്ന നാടകത്തിലെ സൈക്യാട്രിസ്റ്റിന്റെ വേഷം. ഇന്നും മറക്കാനാവാത്ത ആ കഥാപാത്രത്തിന് മികച്ച നടിക്കുള്ള പ്രേംനസീർ റോളിംഗ് ട്രോഫിയും ലഭിച്ചിരുന്നു. പ്രവീൺ വടക്കുന്തലയുടെ ഏറ്റം എന്ന നാടകത്തിലായിരുന്നു ഒടുവിൽ വേഷമിട്ടത്. നിരവധി നൃത്തസമിതികളിലും അഭിനയിച്ചിട്ടുണ്ട്. ശംഖനാദം, തച്ചോളി അങ്കം, ഹരിചന്ദ്രൻ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്.
അഭിനയമികവിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽവച്ച് അരങ്ങിന്റെ മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചിരുന്നു. ഡോ. ബിന്ദു അനന്തകൃഷ്ണൻ എൻഡോവ്‌മെന്റ്, നവരസയുടെ മികച്ച നടിക്കുള്ള അംഗീകാരം, കുടശ്ശനാട് ജംഗ്ഷൻ വാട്‌സ് അപ്പ് കൂട്ടായ്മയുടെ ആദരവ്,  ദീപം കലാവേദിയുടെ ആദരവ് തുടങ്ങി നിരവധി അവാർഡുകൾ അക്കൂട്ടത്തിലുണ്ട്. നർത്തകിയും നൃത്താധ്യാപികയുമായിരുന്നിട്ടുണ്ട്.
സിനിമയിൽ മുൻപും മുഖം കാണിച്ചിട്ടുണ്ടെങ്കിലും അത് വെളിച്ചം കണ്ടില്ല. ചെമ്പഴന്തി ചന്ദ്രബാബുവിന്റെ സ്‌പൈഡർ ഹൗസ് എന്ന ചിത്രത്തിൽ നായികയുടെ അമ്മ വേഷം അഭിനയിച്ചിരുന്നു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. കൂടാതെ രവി ആലുമ്മൂടിന്റെ അകത്തേയ്ക്കു തുറക്കുന്ന ജാലകം എന്ന ചിത്രത്തിൽ അഭിനയത്തോടൊപ്പം കോറിയോഗ്രഫിയും ചെയ്തിരുന്നു. സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലുമെല്ലാം വേഷമിട്ടു.
അൻപതുവർഷത്തോളം നാടകങ്ങളിൽ അഭിനയിച്ചുനടന്നു. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞു. ഒടുവിൽ നാടകങ്ങൾക്ക് ജനപ്രീതി കുറഞ്ഞുവന്നതോടെ വേദികളില്ലാതായി. കൊറോണയും കൂടിയെത്തിയതോടെ വരുമാനം പാടെ നിലച്ചു. സിനിമയിൽ അവസരം ചോദിച്ച് പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജീവിതം പ്രതിസന്ധിഘട്ടത്തിലേയ്ക്കു നീങ്ങുകയായിരുന്നു. വരുമാനം നിലച്ചതോടെ പണത്തിന് അത്യാവശ്യം വന്നപ്പോൾ ഉണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടിവന്നു. ഇതിനിടയിലായിരുന്നു മകന്റെ അകാലവിയോഗം. നല്ലൊരു ഗായകനും അഭിനയജീവിതത്തിൽ തികഞ്ഞ പിന്തുണയുമായി കൂടെനിന്ന അവന്റെ മരണം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. മറ്റൊരു മകനാകട്ടെ ഭാര്യയോടൊപ്പം വേറൊരു വീട്ടിലേയ്ക്കു താമസവും മാറി. ഭർത്താവ് നേരത്തെ മരിച്ചതിനാൽ ശരിക്കും അനാഥയായി. സങ്കടങ്ങളുടെ ആഴങ്ങളിൽ അലയേണ്ടിവന്നെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാൻ തന്നെയായിരുന്നു തീരുമാനം. ചെറിയൊരു വാടകവീട്ടിലേയ്ക്ക് താമസം മാറി. എന്റെ കലയിൽ ആത്മവിശ്വാസമുള്ളതുകൊണ്ട് പിടിച്ചുനിൽക്കുന്നു.സോളമൻ ഫ്രം കുട്ടനാട് എന്ന വെബ് സീരീസ് സിനിമയാകുന്നുണ്ട്. അതിലും അമ്മവേഷത്തിലെത്തുന്നുണ്ട്- കനകം പറഞ്ഞുനിർത്തുന്നു. കനകത്തിന്റെ ഫോൺ നമ്പർ. 9495210528.
 

Latest News