ലണ്ടൻ / കോട്ടയം - ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജു(40)വും ആറു വയസുള്ള മകൻ ജീവയും നാലു വയസ്സുള്ള മകൾ ജാൻവിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശി ചേലപാലിൽ സാജുവി(52)നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിലും മക്കളെ അതീവ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവർ താമസിച്ച ഫ്ളാറ്റിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. പോലീസ് എത്തുമ്പോൾ മക്കൾക്ക് ജീവൻ ഉണ്ടായിരുന്നു. ഉടനെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ജു വിഷാദത്തിലായിരുന്നെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ ദു:ഖത്തിലായിരുന്നു മകൾ. ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതകക്കാരനാണ്. മാസങ്ങളായി നാട്ടിലേക്ക് പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും യു.കെയിലേക്ക് മക്കളുമായി പോയത് ഒക്ടോബറിലാണെന്നും അച്ഛൻ പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ വൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും താമസിയാതെ രണ്ടു തവണ എയർ ആംബുലൻസ് പറന്നു പൊങ്ങിയതുമേ അറിയൂവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. വീടിന് സമീപത്തുനിന്നും പോലീസ് ഒരു കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൃത്യമായ കാരണങ്ങൾ അറിയൂ എന്നും അയൽവാസികൾ പറഞ്ഞു.
വ്യാഴാഴ്ച അഞ്ജു ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. വ്യാഴാഴ്ച ലണ്ടനിലെ പ്രദേശിക സമയം രാവിലെ 11.15നാണ് (ഇന്ത്യൻ സമയം രാത്രി 11.15) കേസ് രജിസ്റ്റർ ചെയ്തത്. ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന സംഭവമാണുണ്ടായതെന്നും പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണെന്നും അറിയിച്ച ലോക്കൽ പൊലീസിങ് കമാണ്ടർ സ്റ്റീവ് ഫ്രീമാൻ മരണപ്പെട്ട യുവതിക്കും കുട്ടികൾക്കും നീതി ലഭ്യമാക്കുമെന്നും അറിയിച്ചു.