പാപ്പിറസ് മരങ്ങളുടെ രോഷം

കവിതകൾ പലപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കുന്നവയാണ്. അസ്വസ്ഥമാക്കുന്ന ജീവിതാവസ്ഥകളോട് അല്ലെങ്കിൽ ചുറ്റുപാടുകളോട് കലഹിക്കുന്നവരാണ് കവികൾ. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയാണ്. ഇത്തരത്തിൽ വായനക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് കവിതകൾ അവയുടെ ധർമം നിറവേറ്റുന്നത്. 
സഹർ അഹമ്മദിന്റെ 'ബുദ്ധനും സ്ത്രീയും' എന്നപുസ്തകത്തിന്റെ ശീർഷകത്തിൽ തന്നെയുണ്ട് കവിയുടെ കാഴ്ചപ്പാടുകളുടെ കയ്യൊപ്പിന്റെ ഭൂപടം. 

''അർധരാത്രി പ്രിയതമയോട് പോലും പറയാതെ
സമാധാനത്തിനായി
ഒളിച്ചോടിയ ബുദ്ധനെ പോലെയല്ല സ്ത്രീ''
 (ബുദ്ധനും സ്ത്രീയും)


'അടുക്കളയിലെ നാലു ചുമരുകൾക്കിടയിൽ
പരക്കം പായുന്നവരോട് സ്വപ്‌നങ്ങളെക്കുറിച്ച് ചോദിക്കാറുണ്ടോ'
(നാലു ചുമരുകളും കുറെ മനുഷ്യരും)

അടുക്കളയിലെ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപ്പോവുക എന്ന സ്ത്രീകളുടെ ജീവിതയാഥാർഥ്യത്തെ തിരിച്ചറിയാൻ പറ്റുക എന്നത് അതിലേറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടായിരിക്കണം സ്ത്രീകളുടെ ഈ നിസ്സഹായവസ്ഥക്കെതിരെയെല്ലാം  കവി ശബ്ദമുയർത്തുന്നത്.

കവികൾ ഉറക്കെ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അനീതികൾക്കെതിരെ ശബദമുയർത്തുന്ന ഓരോ കവിഹൃദയങ്ങൾക്കുമുള്ള അർച്ചന കൂടിയാണ് ഈ കവിത
 
'എവിടെയോയിരുന്ന്  കവി പറയുന്നു
മൗനങ്ങൾ കൊണ്ട്
ഇതിഹാസം രചിക്കപ്പടില്ല
ഉറക്കെയുറക്കെ ചോദിക്കുക
ചോദ്യങ്ങൾക്ക് ഉത്തരം
നല്കപ്പെടുന്ന കാലം വരേക്കും'

കവിയുടെ പല കവിതകളിലും നമുക്ക് ശ്വസിക്കാൻ പറ്റുന്നതാണ് ഉമ്മയെന്ന സുഗന്ധം. 'അമ്മയില്ലാത്ത വീട്' എന്ന കവിത  ഉമ്മയോർമ്മകൾ കൊണ്ട് നമ്മെ പൊതിയുന്നു. 
''മടങ്ങി വരാത്ത അമ്മയെ നോക്കി
തെക്കേ തൊടിയിലേക്ക് കണ്ണും നട്ടിരിക്കുന്നു''
എന്ന വരികൾ എവിടെയൊക്കെയോ നോവ് പടർത്തുന്നു.
എത്രയൊക്കെ മൂടിവെക്കപ്പെട്ടാലും അടിച്ചമർത്തപ്പെട്ടാലും ഒരു നാൾ സത്യം ഉയിർക്കപ്പെടുക തന്നെ ചെയ്യും. 'എന്റെ കിതാബിലെ ലോകം' എന്ന കവിത ഭാഷാപ്രയോഗങ്ങളും അവതരണത്താലും ഏറെ മികച്ചു നിൽക്കുന്നു. 
ചതച്ചരക്കപ്പെട്ട ഓരോ പാപ്പിറസ്  മരങ്ങളും കവിതയിൽ പ്രതിഷേധത്തിന്റെ ജ്വാല പടർത്തുന്നു.

''താളുകൾക്കിടയിൽ ചതച്ചരക്കപ്പെട്ട
പാപ്പിറസ് മരങ്ങൾ
വേരുകളാൽ കെട്ടിപ്പുണർന്ന്
പ്രതിഷേധത്തിന്റെ മതിലുകൾ
കെട്ടിപ്പൊക്കുന്നു''
പ്രതീക്ഷകളുടെ പുൽനമ്പുകളാണല്ലോ ജീവിതം. ഓരോ ആകുലതകളോടും അസത്യങ്ങളോടും എത്ര മുഖം തിരിക്കാൻ ശ്രമിച്ചാലും ഉള്ളിൽ പടരുന്ന പ്രതീക്ഷകൾ നമുക്ക് വഴികാണിക്കും.  ആ ഇത്തിരി വെട്ടത്തിലായിരിക്കും നാം സത്യത്തിലേക്കും മറ്റുള്ളവരിലേക്കും  നടന്നടുക്കുന്നത്. 

''ഉറക്കം നടിച്ചു
കണ്ണടച്ചു കിടന്നിട്ടും
വെളിച്ചത്തിന്റെ
ഇത്തിരി കിരണങ്ങൾ
വീണ്ടും കണ്ണു തുറപ്പിക്കുന്നു''

ജീവിതം ഒരിക്കലും അനശ്വരമല്ല. പാതി വഴിയിൽ ഓട്ടം നിർത്തി ഒരു കൂട്ടർ മടങ്ങുമ്പോൾ മറ്റൊരു കൂട്ടർ അതെ സ്റ്റേഷനിൽ നിന്നും വീണ്ടും യാത്ര തുടരുന്നു. എത്ര മനോഹരമായാണ് ജീവിതത്തിന്റെ നിസ്സഹായാവസ്ഥകളെ കവിതകളിൽ ഒളിപ്പിക്കുന്നത്.

'പാതി വഴിയിൽ
യാത്ര പൂർത്തിയാക്കി
ചിലർ ഇറങ്ങുമ്പോൾ
അതേ സ്റ്റേഷനിൽ നിന്ന്
മറ്റു ചിലർ യാത്ര തുടരുന്നു.'

പ്രമേയഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും വായനക്കാരന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഒരു പിടി നല്ല കവിതകൾ കൊണ്ട് സമ്പന്നമാണ് 'ബുദ്ധനും സ്ത്രീയും' എന്ന ഈ കവിതാസമാഹാരം. വാക്കുകളും വരികളും കൊണ്ട് ഇനിയും കവിതകൾ സമൃദ്ധമാകട്ടേ. എല്ലാവിധ ആശംസകളും.


ബുദ്ധനും സ്ത്രീയും
സഹർ അഹമ്മദ് 
പ്രസാധകർ - ലോഗോസ് ബുക്‌സ്
വില - 110 രൂപ

Latest News