നെയ്മാറിനെ നേർവഴിക്ക് നയിക്കാൻ പണ്ഡിതൻ

പിണറായി സർക്കാരുകളുടെ ദോഷങ്ങൾ പറയാൻ പലതും കാണുമായിരിക്കും. എന്നാൽ നന്മ കണ്ടില്ലെന്ന് വെക്കുന്നത് ശരിയല്ല. നേട്ടം കാണണമെങ്കിൽ വടക്കേ മലബാറിലേക്ക് വരിക. 
കേരളത്തിൽ അടുത്ത കാലം വരെ ഏറ്റവുമേറെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിരുന്ന സ്ഥലങ്ങളാണ് തലശേരി നഗരവും സമീപ പ്രദേശങ്ങളും. കൂട്ടിന് കുറ്റിയാടിപ്പുഴയുടെ മറുകരയിൽ നാദാപുരവും. 80കളിലും 90കളിലും ഇടക്കിടെ കർഫ്യൂ പ്രഖ്യാപിക്കാറുള്ള സ്ഥലങ്ങൾ തലശേരിക്കടുത്തുണ്ടായിരുന്നു. തലശേരി, പാനൂർ, കൊളശേരി, കൂത്തുപറമ്പ് മേഖലകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാതായെന്നതാണ് കേരളം ഭരിക്കുന്ന എൽ.ഡി.എഫിന്റെ ഏറ്റവും വലിയ നേട്ടം. കഥയിൽ ചോദ്യമില്ലെന്ന് പറയാറുള്ളത് പോലെ ഇതെങ്ങനെ നേടിയെന്നതൊന്നും വിശകലനം ചെയ്യാനുദ്ദേശ്യമില്ല. പിന്നിട്ട വാരത്തിൽ തലശേരി-കുടക് റോഡിൽ കൂത്തുപറമ്പ് വരെ യാത്ര ചെയ്തപ്പോഴാണ് പഴയ കാര്യങ്ങളോർത്തു പോയത്. 
ശ്രീനിവാസന്റെ വിഖ്യാത  സിനിമയിൽ കണ്ടത് പോലെ പണ്ടൊക്കെ നിറയെ പാർട്ടി സ്തൂപങ്ങളും ബോർഡുകളുമായിരുന്നു ഇവിടെ. ഇതിനെ ചൊല്ലിയുള്ള തർക്കങ്ങളിലായിരുന്നു എല്ലാറ്റിന്റേയും തുടക്കം. ഇപ്പോൾ എല്ലാം തുടച്ചു മാറ്റിയിരിക്കുന്നു. കതിരൂരും പൊന്ന്യവും ചമ്പാടുമെല്ലാം സമാധാനത്തിന്റെ തുരുത്തുകളായിരിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പാവപ്പെട്ട ഒരു കുടുംബവും അനാഥമാവുന്നില്ല. സമാധാനം നീണാൾ വാഴട്ടെ. രാഷ്ട്രീയ പ്രതിയോഗിയെ വെല്ലുവിളിക്കുന്ന ബോർഡിന്റെ സ്ഥാനത്ത് മലപ്പുറത്തും കോഴിക്കോട്ടും മറ്റുമുള്ളത് പോലെ ബ്രസീലും അർജന്റീനയും ജർമനിയുമൊക്കെ ഇടം പിടിച്ചിരിക്കുന്നു. തലശേരി ക്രിക്കറ്റിന്റെ ഈറ്റില്ലമാണ്. ഹോക്കിക്കും ബാസ്‌കറ്റിനും ടെന്നിസിനും നല്ല സ്വാധീനമാണ്. അവിടെയാണ് പുതിയ തലമുറ ഫുട്‌ബോളിന്റെ ഹോർഡിംഗുകൾ ഉയർത്തിയിരിക്കുന്നത്. ടി.സി റോഡിലെ ചോനാടത്ത് കണ്ട കൂറ്റൻ ബോർഡിൽ അരകളേയും സിആർസെവനെയുമെല്ലാം കണക്കിന് കളിയാക്കുന്നുണ്ട്. ജർമനിയുടെ തോമസ് മുള്ളർ കപ്പ് കൊണ്ടു പോകാനാണ് എത്തിയിരിക്കുന്നതെന്നാണ് ഇതിലെ സന്ദേശം. 

***  ***  ***

നൂറ്റി മുപ്പത് കോടി ഇന്ത്യക്കാരിൽ നിന്ന് പന്തിന് പിറകെ ഓടാൻ കെൽപ്പുള്ള പതിനൊന്ന് പേരെ കണ്ടെത്താനാവാത്തതിൽ പലരും വിഷമം പ്രകടിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ കണ്ടു. ജപ്പാൻ ഫുട്‌ബോൾ ടീമിലെ പരിശീലിപ്പിച്ചു തുടങ്ങുമ്പോൾ 1992ൽ നമ്മളിവിടെ പള്ളി പൊളിച്ചു പണി തുടങ്ങുകയായിരുന്നുവെന്ന് വരെ പരിഹാസമുണ്ട്. 
ഒരു സന്ന്യാസി ഇന്ത്യ ഫുട്‌ബോളിൽ പിന്നാക്കമായതിന്റെ കാരണം വിവരിച്ചത് രസകരമായി. നമ്മൾ സനാതന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനത. ആരെയും കാല് കൊണ്ട് ചവിട്ടാൻ  ഭാരതീയ സമൂഹത്തിനാവില്ല. ഇത് കൃത്രിമമായി ആരെങ്കിലും പടച്ചുണ്ടാക്കിയതാണെങ്കിലും തമാശ ആസ്വദിക്കാവുന്നതാണ്.  കാൽപന്തു കളിക്കും താരങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി ഒരു വിഭാഗം പണ്ഡിതരും രംഗത്തെത്തിയിട്ടുണ്ട്.  ഇപ്പോൾ ആതിഥേയർ ഖത്തർ. മിക്കവാറും  മുസ്‌ലിം രാജ്യമായ മൊറോക്കോയും വൈകാതെ ലോക ഫുട്‌ബോൾ മേളയുടെ ആതിഥേയത്വം വഹിക്കും.  
വെള്ളിയാഴ്ച അർധ രാത്രി കണ്ട ബ്രസീൽ-ക്രൊയേഷ്യ കളി കണ്ട എല്ലാവർക്കും ബ്രസീൽ കളിക്കാരോട് സിമ്പതി മാത്രമേ തോന്നിയിട്ടുണ്ടാവൂ. പ്രത്യേകിച്ച് നെയ്മാറിന്റെ ഗോൾ പിറവി. ഈ ടൂർണമെന്റിലെ സുന്ദര മുഹൂർത്തങ്ങളിലൊന്ന്. എന്നിട്ടും ഭാഗ്യം ബ്രസീലിനെ തുണച്ചില്ല. നെയ്മാറിന്റെ പോക്കത്ര ശരിയല്ലെന്ന് ഒരു മൊല്ലാക്ക സൈബർ ലോകത്ത് വിലപിക്കുന്നത് കഴിഞ്ഞ ദിവസം ശ്രവിക്കാനിടയായി. വളരെ ആധികാരികമായാണ് മൂപ്പരുടെ ഡയലോഗ്. അതിനായി ഉദ്ദരിക്കുന്നത് ലണ്ടനിലെ പത്രങ്ങളായ സണ്ണിനേയും ഡെയ്‌ലി മെയിലിനേയും. (ഇതു രണ്ടും അവിടത്തെ ടാബ്ലോയിഡുകൾ. പഴയ കാലത്തെ ക്രൈം പോലുള്ള സാധനങ്ങൾ) യു.കെയിലെ ദ ഹിന്ദുവിൽ വായിച്ചുവെന്ന പോലെയാണ് മൂപ്പരുടെ തട്ട്. 1992ൽ ജനിച്ച നെയ്മാർ മര്യാദയ്ക്ക് സ്‌കൂളിൽ പോയിട്ടില്ല. ഒരു വിവരവുമില്ല. വെള്ളമടിയാണ് പ്രധാന ഹോബി. മഹാ പെണ്ണു പിടിയനും. ഒമ്പതാം വയസ്സിൽ ഫുട്‌ബോൾ കളിക്കാൻ തുടങ്ങി. പതിനെട്ട് പെണ്ണുങ്ങളുമായി ബന്ധമുണ്ട്. ലിവ് ഇൻ പാർട്ണർമാരായ അതിലൊന്നിനെ കെട്ടി. ഈ ബന്ധത്തിൽ മാത്രം കുട്ടിയുണ്ട്. 
രാവിലെ എണീറ്റാൽ ചായ കുടിക്കുന്ന ശീലമേയില്ല. ഇതൊന്നും താനുണ്ടാക്കി പറയുന്നതല്ല, ആർക്കു വേണേലും സൺ പത്രത്തിന്റെ സൈറ്റിൽ ചെന്ന് വെരിഫൈ ചെയ്യാവുന്നതാണ്- മൗലവി ബോധവൽക്കരണം തുടരുന്നതങ്ങനെ. ബ്രസീൽ, അർജന്റീന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതരീതി വേറെ.  മലബാറിൽ പലേടത്തും ലഹരി മാഫിയ പിടിമുറുക്കുന്നത് കാണുമ്പോൾ വളരെ അപകടം പിടിച്ച കാലത്തിലൂടെയാണ് നമ്മുടെ സമൂഹം  കടന്നു പോകുന്നതെന്ന് മനസ്സിലാക്കാം. 

***  ***  ***

മുമ്പൊക്കെ കാംപോസ് പോലുള്ള ഔഷധങ്ങളാണ് ലഹരി മരുന്നായി കോളജ് ഹോസ്റ്റലുകളിലെത്തിയിരുന്നത്. അതും ആവശ്യക്കാർ അങ്ങോട്ട് ചെന്നാൽ മാത്രം ലഭിക്കുന്നത്. ഇപ്പോഴിത് സർവ വ്യാപിയാണ്. പുതിയ പേരുകളിലുള്ള വസ്തു പിടിച്ചതിന്റെ വാർത്തകളാണെവിടെയും. കോഴിക്കോട്ടെ ഒരു പത്രത്തിന്റെ മലപ്പുറം എഡിഷനിൽ റമദാന്റെ അവസാന നാളുകളിൽ ഒരു പേജ് നിറയെ ജില്ലയിൽ മയക്കുമരുന്ന് പിടിച്ച വാർത്തയായിരുന്നു. എല്ലാം കോടികളുടെ ബിഗ് ഡീൽ. 
തലശേരി ഡൗൺ ടൗൺ മാളിൽ ലഹരി എത്തിക്കാനുപയോഗിച്ചത് അഴിയൂരിൽ എട്ടാം ക്ലാസ് പഠിക്കുന്ന വിദ്യാർഥിനിയെയാണ്. ഇത് ലേറ്റസ്റ്റ് ഒറ്റപ്പെട്ട സംഭവം. സമാന സംഭവങ്ങൾ എപ്പോഴും എവിടേയും ആവർത്തിക്കാം. രായ്ക്കുരാമാനം ധനികരാവാൻ ഇറങ്ങി തിരിച്ച ഒരു കൂട്ടർ എന്തും ചെയ്യാൻ തയാർ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി എങ്ങിനെ പത്ത്-പന്ത്രണ്ട് കിലോ മീറ്റർ അകലെ തലശേരിയിലെത്തി? ദിവസങ്ങളോളം ഇത് ആവർത്തിച്ചിട്ടും സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കാഞ്ഞതെന്ത്? ലഹരി മാഫിയ സംഘം ബാലികയെ കരിയറാക്കിയെന്ന പരാതിയിൽ പോലീസും എക്‌സൈസും വേണ്ട പോലെ അേന്വഷിക്കാതിരുന്നതെന്ത്?  കുറ്റക്കാരനായ വിദ്യാർഥിയെ മാഹി കോളജ് അധികൃതർ പുറത്താക്കി. എന്നാൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പോലീസ് തൽക്ഷണം വിട്ടയച്ചതെന്തിന്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധി. 
പോലീസിന്റെ വിശ്വാസ്യതക്ക് തന്നെ കോട്ടം തട്ടുന്ന പ്രവൃത്തിയാണിത്. 
എട്ടാം ക്ലാസുകാരിയെ ലഹരി മരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. മന്ത്രി പറയുന്നത് പോലെ സ്‌കൂളുകളിൽ പ്രതിജ്ഞ നടത്തിയത് കൊണ്ട് മയക്കുമരുന്ന് വിപത്ത് ഇല്ലാതാവില്ല. ഇതൊരു മാതിരി രാത്രി 9.30ന് ഹോസ്റ്റലിൽ തിരിച്ചെത്തിയില്ലേൽ വിദ്യാർഥിനികൾക്ക് എന്തോ പറ്റി പോകുമെന്ന് പറയുന്നത് പോലൊരു കാര്യമാണ്. കേരളത്തിലെല്ലായിടത്തും ഇപ്പോഴും ഏറ്റവും ശക്തമായ യുവജന സംഘടന ഡി.വൈ.എഫ്.ഐയാണ്. മയക്കുമരുന്ന് മാഫിയയെ നിലയ്ക്ക് നിർത്താൻ സി.പി.എമ്മിന് സാധിക്കും. ഭരണത്തുടർച്ച കൂടിയായതോടെ പലതരം ക്രിമിനലുകളും പാർട്ടിയിൽ അഭയം തേടിയിട്ടുണ്ടെന്നതും വസ്തുതയാണ്. 

***  ***  ***

മാഹി ഭാഗത്തെ അസുഖകരമായ വാർത്തകൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ആഴ്ച തലശേരി കൂളിബസാറിൽ മാഹിയിലെ ഇത്ത മദ്യപിച്ച് കാറോടിച്ച് ദൃശ്യാനുഭവം പകർന്നത് മറക്കാറായിട്ടില്ല. 67 മദ്യഷോപ്പുകളും രണ്ടു ഹോട്ടലുകളുമുള്ള മയ്യഴിയിൽ പോയതിന്റെ പരാക്രമം ഡ്രൈവിംഗിൽ പ്രകടമായിരുന്നു. ജീവനിൽ കൊതിയുള്ള  ഓട്ടോറിക്ഷക്കാരും ഇരുചക്ര വാഹനങ്ങളും ഓടിരക്ഷപ്പെടുകയായിരുന്നു. പുതുച്ചേരി പോലീസ് ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിൽ പുതുമയില്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്. 
എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. കൊടുവള്ളി  സ്വദേശിനിയായ വിദ്യാർഥിനി അഞ്ചാംദിവസം ക്ലാസിൽ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനു പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. എന്നാൽ, നാലുദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ ഹാജർപട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെ ഒരു വിദ്യാർഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ട്. എന്നാൽ, പ്രവേശന രജിസ്റ്ററിൽ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജർപട്ടികയിൽ വന്നെന്ന കാര്യം ദുരൂഹമാണ്. മറിമായങ്ങളുടെ കാലം. 

***  ***  ***

ഡ്രൈവിംഗിൽ ഏറെ കമ്പമുള്ളയാളാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ഓസ്‌ട്രേലിയയിൽ അവധി ആഘോഷിക്കുന്നതിനിടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിഡ്‌നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കും തുടർന്ന് ടാസ്മാനിയയിലേക്കുമായിരുന്നു മമ്മൂട്ടിയുടെ കാർ യാത്ര.
മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റിയത്.  വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. രണ്ടു ദിവസം കൊണ്ടാണ് മമ്മൂട്ടി ടാസ്മാനിയ ചുറ്റിക്കണ്ടതെന്നും ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ അദ്ദേഹം ആകെ 2,300 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്‌തെന്നും കുറിപ്പിൽ പറയുന്നു. റോബർട്ടിനെ കൂടാതെ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും സുഹൃത്ത് രാജശേഖരനും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. പുൽമേടുകൾക്കും വൻ മരങ്ങളും നിറഞ്ഞ മനോഹരമായ റോഡിലൂടെയായിരുന്നു മമ്മൂട്ടിയുടെ ശാന്തമായ കാർ യാത്ര. 

***  ***  ***

മലയാളത്തിലെ വാണിജ്യ സിനിമകളുടെ വിജയ ഫോർമുലകളിലൊന്നായി മാറിയിട്ടുണ്ട് കണ്ണൂർ ഭാഷ. കഥാപാത്രങ്ങൾ കണ്ണൂർ സ്ലാംഗിൽ സംസാരിക്കുന്ന സിനിമകൾ പലതും ഹിറ്റായി. അടുത്തിടെ പുറത്തിറങ്ങിയ ഓട്ടോക്കാരന്റെ ഭാര്യ, കൊത്ത് സിനിമകളിലും കണ്ണൂർ ഭാഷയുണ്ട്. എന്നാൽ നായകന്മാർ ഈ സ്ലാംഗ് സംസാരിക്കുന്നതിൽ കല്ലുകടിയുണ്ടായി. 
ഓട്ടോക്കാരന്റെ ഭാര്യയിൽ സുരാജ് അന്ന മങ്കലം കയിച്ചുവെന്നാണ് പറയുന്നത്. മങ്കലം എന്നു മാഹി മുതൽ പയ്യന്നൂർ വരെ ഒരിടത്തും പറയില്ല. മങ്ങലമെന്നാണ് കൊളോക്കിയൽ പ്രയോഗം. സി.പി.എം -ആർ.എസ്.എസ് സംഘട്ടനത്തിന്റെ കഥ പറയുന്ന കൊത്തിൽ ആസിഫ് അലിയും തെറ്റിക്കുന്നുണ്ട്. ഈ സിനിമ 1990ൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ വൻ ഹിറ്റാകുമായിരുന്നു. സമാധാന കാലത്ത് ആർക്ക് വേണം കൊത്തു പോലുള്ള സിനിമകൾ. എന്നാൽ യാഥാർഥ്യവുമായി ചേർന്നു നിൽക്കുന്നതാണ് തിരക്കഥയും സംഭാഷണവും. രണ്ട് സിനിമകളിലേയും നായികമാർ മയ്യഴി, കണ്ണൂർ സ്ലാംഗുകളിൽ മനോഹരമായി സംസാരിച്ചു. കൊത്തിലെ നായിക നിഖില വിമൽ കണ്ണൂർ തളിപ്പറമ്പുകാരിയാണല്ലോ. ഓട്ടോക്കാരന്റെ ഭാര്യയായി വേഷമിട്ട ആൻ കോഴിക്കോട്ടെ അഗസ്റ്റിന്റെ മകളുമാണ്. 

Latest News