ആദ്യം പീഡിപ്പിക്കും, പിന്നെ ചെക്ക് കൊടുക്കും: ആസക്തി പൂണ്ട പുരുഷ കേരളം

ബാല പീഡകന്മാര്‍ നിറഞ്ഞാടുന്ന ആസുരകാലത്ത്, പെണ്‍കുട്ടികളെ ഒറ്റക്ക് പുറത്തേക്ക് വിടാന്‍ മാതാപിതാക്കള്‍ മടിക്കുന്നു. അമ്മയെ ഇപ്പുറത്തും പിഞ്ചു മകളെ അപ്പുറത്തുമിരുത്തി ലൈംഗികാസ്വാദനം നടത്തുന്ന മധ്യവയസ്കന്മാരുടെ കേരളം രോഷവും നടുക്കവുമുണ്ടാക്കുന്നതാണ്. കൊച്ചുപെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി മാറുകയാണ് കേരളം. "കതുവ' നമുക്കു ചുറ്റും തന്നെ രൂപപ്പെട്ടിരിക്കുന്നു.

മാതാപിതാക്കള്‍ക്ക് നടുവില്‍ തെരുവിലുറങ്ങുന്ന നാടോടിപ്പെണ്‍കുട്ടിയെ ആരുമറിയാതെ ഊരിയെടുത്തുകൊണ്ടുപോയി പീഡിപ്പിക്കുന്ന നരാധമന്മാര്‍ വിലസുകയാണിവിടെ. ഉണര്‍ന്നു ബഹളം വെക്കുകയും നാട്ടുകാരെ കൂട്ടുകയും ചെയ്താല്‍, ചെയ്തുപോയ അപരാധത്തിന് ചെക്ക് ബുക്കില്‍ നഷ്ടപരിഹാരത്തുകയെഴുതി നല്‍കി രക്ഷപ്പെടും ഈ കാപാലികന്മാര്‍. പീഡനത്തിനിരയാകുന്നവര്‍ക്ക് "ഓണ്‍ ദ സ്‌പോട്ടില്‍' നഷ്ടപരിഹാരമെഴുതിയ ബാങ്ക് ചെക്ക് നല്‍കി സ്ഥലംവിടാം എന്ന ചിന്ത പ്രബുദ്ധ കേരളത്തില്‍ തന്നെയാണ്.

കൊച്ചുകുഞ്ഞുങ്ങളെ ലാളിക്കാന്‍ പോലും അന്യന്റെ കൈയിലേല്‍പിക്കാന്‍ മടിയും സംശയവുമുള്ള കാലം സമാഗതമായിരിക്കുന്നു. എന്തുകൊണ്ടാണ് പെണ്‍കുഞ്ഞുങ്ങള്‍ ഇങ്ങനെ കാമാസക്തിക്കിരയാകുന്നതെന്ന് അത്ഭുതത്തോടെയും അതിലേറെ അമര്‍ഷത്തോടെയും നാം ചോദിച്ചു പോകുന്നു.

നമ്മുടെ സമൂഹം പെണ്‍ശരീരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉത്തരമാണ് ഈ സംഭവങ്ങള്‍ എന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. പെണ്ണ്, അതേതു പ്രായത്തിലുള്ളവരായാലും ആസ്വദിക്കാനുള്ളതാണ് എന്ന വികല ചിന്തയാണ് നമ്മുടെ ആണുങ്ങളെ ഭരിക്കുന്നത്. സമയവും സൗകര്യവും ഒത്തുകിട്ടിയാല്‍, ഇത്തരം ആസ്വാദനങ്ങളില്‍നിന്ന് ധാര്‍മികതയുടെ പേരില്‍ ഒഴിഞ്ഞുനില്‍ക്കുന്നവര്‍ എത്രപേരുണ്ടാകും? സമൂഹത്തെ ഒന്നാകെ ചികിത്സിക്കേണ്ട വിപര്യയമാണ് മാനസിക രോഗ ചികിത്സകര്‍ അഭിമുഖീകരിക്കുന്നത്.

ഉപഭോഗവസ്തുവെന്ന നിലയിലല്ലാതെ സ്ത്രീയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് നമ്മുടെ സമൂഹം. ലൈംഗികതയെക്കുറിച്ച തെറ്റായ ധാരണകളും, അസംതൃപ്തമായ ലൈംഗിക ജീവിതങ്ങളും ഈ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നുണ്ട്. കര്‍ശന ശിക്ഷ ലക്ഷിക്കുമെന്നറിഞ്ഞിട്ടും അതില്‍ തരിമ്പും ഭയമില്ലാതെ, എല്ലാം ഒളിപ്പിക്കാനാവും എന്ന മൂഢവിശ്വാസത്തോടെ പെണ്‍ജീവിതങ്ങള്‍ക്ക് നേരെ ചീറിയടുക്കുകയാണ് നമ്മുടെ ആണുങ്ങള്‍. പണവും  ലഹരിയും ഈ ആസക്തിക്ക് ആക്കം കൂട്ടുന്നു.

അശ്ലീലതയോടുള്ള കമ്പം കൂടുന്നതും അതില്‍ അഭിരമിക്കാന്‍ നിരന്തരം അവസരം ലഭിക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മുമ്പൊക്കെ, വല്ലപ്പോഴുമിറങ്ങുന്ന  എ സിനിമകളോ, പാത്തും പതുങ്ങിയും വായിക്കാന്‍ കിട്ടുന്ന "കൊച്ചു പുസ്തക'ങ്ങളോ, അപൂര്‍വമായി വന്നെത്തുന്ന നീലച്ചിത്രങ്ങളോ ഒക്കെയാണ് അശ്ലീലാസ്വാദനത്തിന് വേദിയൊരുക്കിയതെങ്കില്‍ ഇന്ന്, വിരല്‍ത്തുമ്പില്‍ എന്തും ഏതും എപ്പോഴും ലഭ്യമാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ, അശ്ലീലതയും ലൈംഗിക ദൃശ്യങ്ങളും വൈകൃതങ്ങളും ആവോളം ആസ്വദിക്കാന്‍ ലഭിച്ച സൗകര്യം മാനസിക വൈകൃതങ്ങളായി രൂപാന്തരപ്പെടുന്നുണ്ട്. ഇത്തരം അശ്ലീലാസ്വാദനത്തിന് കീഴടങ്ങുന്നവര്‍ ക്രമേണ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുകയാണ്.

ഇത്തരം ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത്, സ്വഭാവ വൈകൃതങ്ങളിലേക്കും അമിതമായ ലൈംഗികാസക്തിയിലേക്കും ലൈംഗിക കുറ്റങ്ങളിലേക്കും ചെന്നെത്തുന്നു. എതിര്‍പ്പിന്റെ ശക്തി കുറയുമെന്നതും ഭയപ്പെടുത്തി കീഴ്‌പെടുത്താന്‍ എളുപ്പമാണെന്നതുമാണ് ഇത്തരം മനോരോഗികളെ കുട്ടികളിലേക്ക് എത്തിക്കുന്നതെന്ന് വേണം കരുതാന്‍. കുട്ടികളോട് മാത്രം ലൈംഗിക താല്‍പര്യം തോന്നുന്ന പ്രത്യേക മാനസികാവസ്ഥയുള്ളവരുമുണ്ട്.

ലഹരിക്ക് ഒരാള്‍ എങ്ങനെയാണ് അടിപ്പെടുന്നത്, അതേ അളവിലും വ്യാപ്തിയിലും അശ്ലീല ദൃശ്യങ്ങള്‍ക്കും അടിമപ്പെടാമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഇത്തരം പ്രവണതകള്‍ക്ക് ആക്കമേറിയിട്ടുണ്ടെന്ന് ഇന്ത്യാന യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. നല്ലൊരു ശതമാനം സ്ത്രീപുരുഷന്മാര്‍ ഇന്ന് ഇത്തരം രതിദൃശ്യങ്ങള്‍ കാണാന്‍ ഉത്സുകരാണ്. കുട്ടികളുമായുള്ള ലൈംഗിക വേഴ്ചകളുടെ ദൃശ്യങ്ങള്‍ ഇത്തരം ചാനലുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഏറെയാണെന്നതും കുട്ടികളിലേക്ക് ശ്രദ്ധ തിരിയാന്‍ ഇടയാക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളും ഇത്തരം ആസക്തികള്‍ക്ക് വളമിടുന്നതായി പഠനങ്ങള്‍ പറയുന്നു. അതിവേഗം ഇത്തരം ദൃശ്യങ്ങളും ക്ലിപ്പുകളും പ്രചരിപ്പിക്കാനും ഏത് ആള്‍ക്കൂട്ടത്തിനിടയിലും സ്വകാര്യമായി ഇതെല്ലാം ആസ്വദിക്കാനും ഇത്തരം മാധ്യമങ്ങള്‍ തുണയാകുന്നു. ഇതെല്ലാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.

നിയമസംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രശ്‌നങ്ങളില്‍ മനശ്ശാസ്ത്രപരമായ സമീപനം കൂടി ആവശ്യപ്പെടുന്നുണ്ട് ഇത്തരം സംഭവങ്ങളുടെ ആധിക്യം.

(മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകന്‍)

 

Latest News