Sorry, you need to enable JavaScript to visit this website.

ഖത്തറിലെ സ്റ്റേഡിയം 974 നാളെ പൊളിക്കുമെന്ന് വ്യാജ വാര്‍ത്ത, യാഥാര്‍ത്ഥ്യമറിയാം

ദോഹ- ഖത്തറിൽ ലോകകപ്പിന് വേദിയായ 974 സ്റ്റേഡിയം അടുത്ത ദിവസം തന്നെ പൊളിച്ചുനീക്കുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ. ഈ മാസം 16ന് ഖത്തർ ഫാഷൻ ഷോക്ക് വേദിയാകുന്ന സ്റ്റേഡിയമാണ് ഉടൻ പൊളിച്ചുനീക്കുമെന്ന് നിരവധി മാധ്യമങ്ങൾ വാർത്ത നൽകുന്നത്. സ്റ്റേഡിയം ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് വേണ്ടി മാത്രമായി പ്രത്യേകം നിർമ്മിച്ചതാണെങ്കിലും ലോകകപ്പ് തീരുന്നതിന് മുമ്പു തന്നെ മുഴുവനായി പൊളിച്ചുനീക്കുമെന്നുള്ള വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. 
ഈ മാസം പതിനാറിനാണ് 974 സ്റ്റേഡിയത്തിൽ വൻ ഫാഷൻ ഷോ നടക്കുന്നത്. 25000 പേരെയാണ് ഫാഷൻ ഷോയിൽ പ്രതീക്ഷിക്കുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽനിന്നുള്ള കലാകാരൻമാർ ഫാഷൻ ഷോയിൽ പങ്കെടുക്കും. അർജന്റീന, ബെൽജിയം, ബ്രസീൽ, ചൈന, കൊളംബിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഘാന, ഗ്രീസ്, ഈജിപ്ത്, ഇറാൻ, ഇറ്റലി, ജപാൻ, നൈജീരിയ, ഖത്തർ, ശ്രീലങ്ക, ഉക്രൈൻ, അമേരിക്ക എന്നിവടങ്ങളിലെ മികച്ച ബ്രാന്റുകൾ ഷോക്കെത്തും. വൈകുന്നേരം മൂന്നു മണിക്കാണ് ഫാഷൻ ഷോ. 
ലോകകപ്പിലെ ഏഴു മത്സരങ്ങളാണ് 974 സ്റ്റേഡിയത്തിൽ നടന്നത്. നവംബർ 22ന് ഗ്രൂപ്പ് സി യിലെ മെക്‌സികോ-പോളണ്ട് മത്സരമായിരുന്നു ആദ്യത്തേത്. 24-ന് പോർച്ചുഗൽ-ഘാന, 26ന് ഫ്രാൻസ്-ഡെൻമാർക്ക്, 28ന് ബ്രസീൽ-സ്വിറ്റ്‌സർലന്റ്, 30ന് പോളണ്ട്-അർജന്റീന, ഡിസംബർ രണ്ടിന് സെർബിയ-സ്വിറ്റ്‌സർലന്റ്, അഞ്ചിന് ബ്രസീൽ-തെക്കൻ കൊറിയ പ്രീ ക്വാർട്ടർ മത്സരങ്ങളുമാണ് ഇവിടെ നടന്നത്. 
44,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. നിർമാണ സമയത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾ റീ സൈക്കിൾ ചെയ്താണ് സ്‌റ്റേഡിയം നിർമ്മിച്ചത്. സ്‌റ്റേഡിയം നിർമ്മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. 
സ്പെയിനിലെ മാഡ്രീഡ് ആസ്ഥാനമായ  ഫെൻവിക്ക് ഇരിബാരന്‍ ഗ്രൂപ്പാണ് സ്റ്റേഡിയം രൂപകല്പന ചെയ്തത്. 450,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വാട്ടർഫ്രണ്ട് സൈറ്റിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഡിയം നിർമ്മിച്ച സ്ഥലത്ിതന്റെ വ്യാവസായിക ചരിത്രത്തിനും ഖത്തറിനുള്ള അന്തർദ്ദേശീയ ഡയലിംഗ് കോഡായ 974-നോടുള്ള ആദരസൂചകവുമായാണ് സ്‌റ്റേഡിയത്തിന് 974 എന്ന് പേരിട്ടത്. സ്റ്റേഡിയം ഇതേരീതിയിൽ മറ്റെവിടെയെങ്കിലും പുനസ്ഥാപിക്കും. 
2022 ഫിഫ ലോകകപ്പിനായി ഒരുക്കിയ എട്ടു സ്റ്റേഡിയങ്ങളിൽ ഒന്നായിരുന്നു ഇത്. 2017-ലാണ് നിർമാണം ആരംഭിച്ചത്. വീണ്ടും നിർമ്മിക്കാൻ പാകത്തിലുള്ള നിർമിതിയാണ് ഉദ്ദേശിച്ചതെന്ന് ഇതിന്റെ നിർമാണ ഘട്ടത്തിൽ തന്നെ ആർക്കിടെക്റ്റ് ഫെൻവിക് ഇരിബാരൻ പറഞ്ഞിരുന്നു. മുൻ ലോകകപ്പുകൾക്ക് ശേഷം കാര്യമായ മത്സരങ്ങളില്ലാതെ നിരവധി സ്‌റ്റേഡിയങ്ങൾ നോക്കുകുത്തിയായി നിന്നിരുന്നു. അതുപോലെ ഇവിടെയും സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ നിർമാണം ക്രമീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിൽ ഈ സ്റ്റേഡിയത്തിന് ഫോർ സ്റ്റാർ ലഭിച്ചിട്ടുണ്ട്. റാസ് അബു അബൗദ് സ്റ്റേഡിയം എന്ന പേരിലാണ് സ്റ്റേഡിയം പ്രഖ്യാപിച്ചത്. എന്നാൽ 2021 നവംബർ 20-ന് ഔദ്യോഗികമായി സ്റ്റേഡിയം 974 എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 
2021 നവംബർ 30-ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും സിറിയയും തമ്മിൽ ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിനാണ് സ്റ്റേഡിയം ആദ്യം സാക്ഷ്യം വഹിച്ചത്. വീണ്ടും കൂട്ടിയോജിപ്പിച്ച സ്റ്റേഡിയം ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു വാർത്തകൾ. അതേസമയം,  2030 ലോകകപ്പിനുള്ള ബിഡിൽ ഉറുഗ്വേ-അർജന്റീന-ചിലി-പരാഗ്വേ രാജ്യങ്ങൾ വിജയിച്ചാൽ സ്റ്റേഡിയം അവിടേക്ക് കൊണ്ടുപോകുമെന്നും വാർത്തകളുണ്ട്. 

Latest News