മുന്‍ ഇന്ത്യന്‍ താരം  സലാം ഓര്‍മയായി

കണ്ണൂര്‍ -കൊല്ലം സന്തോഷ് ട്രോഫിയിലൂടെ ഉയര്‍ന്നുവന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായ കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ സലാം (77) അന്തരിച്ചു. എസ്.ബി.ഐയില്‍ മാനേജറായി വിരമിച്ച അദ്ദേഹം പയ്യന്നൂര്‍ സജിന്‍ വില്ലയിലായിരുന്നു താമസം. മനിലയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് സലാം ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയത്. 
ജൂനിയര്‍ കേരള, കല്‍ക്കത്ത യൂനിവേഴ്‌സിറ്റി, ജൂനിയര്‍ ഇന്ത്യ ടീമുകളുടെയും സന്തോഷ് ട്രോഫിയില്‍ ബംഗാള്‍, മദിരാശി എന്നീ സംസ്ഥാനങ്ങളുടെയും ജഴ്‌സിയണിഞ്ഞു. നാലു വര്‍ഷം കല്‍ക്കത്ത മുഹമ്മദന്‍സസിന് കളിച്ചു. കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്‌സിലൂടെയാണ് വളര്‍ന്നുവന്നത്. 1963 ല്‍ ജൂനിയര്‍ കേരളാ ടീമില്‍ അരങ്ങേറി. 1964 ലെ കൊല്ലം സന്തോഷ് ട്രോഫിയിലാണ് കേരളത്തിനു വേണ്ടി ആദ്യമായി ജഴ്‌സിയണിഞ്ഞത്. 1966 ലെ മനില ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിനു ശേഷം മുഹമ്മദന്‍സ് റാഞ്ചി. അതേസമയത്താണ് കല്‍ക്കത്ത യൂനിവേഴ്‌സിറ്റിക്കും കളിച്ചിരുന്നത്. 1967 ല്‍ ഹൈദരാബാദ് സന്തോഷ് ട്രോഫിയില്‍ ബംഗാളിനു വേണ്ടി ഇറങ്ങി. പിന്നീട് മദിരാശി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. കോഴിക്കോട് എസ്.ബി.ഐയില്‍ നിന്നാണ് വിരമിച്ചത്. മികച്ച ഡിഫന്ററായിരുന്നു. 
ഭാര്യ: സൈബുന്നിസ. മക്കള്‍: സജിന, സാജിദ്, ഷഹന. മരുമക്കള്‍: അലി ടി എം എടക്കാട്, റിയാസ് അലി എറണാകുളം, സഹോദരി ഫാത്തിമ
 

Latest News