Sorry, you need to enable JavaScript to visit this website.

അല്‍നസ്ര്‍ ക്ലബ്ബുമായി റൊണാള്‍ഡൊ കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് സ്ഥിരീകരണം

റിയാദ് - സൗദിയിലെ അല്‍നസ്ര്‍ ക്ലബ്ബുമായി പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇതുവരെ കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുമായി കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ദോഹയില്‍ വെച്ച് കരാര്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്നും അല്‍നസ്ര്‍ ക്ലബ്ബ് വൃത്തങ്ങള്‍ കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്നു. അടുത്ത ജനുവരി മുതല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അല്‍നസ്ര്‍ ക്ലബ്ബില്‍ ചേര്‍ന്ന് കളിക്കുമെന്ന് സ്പാനിഷ് പത്രം കഴിഞ്ഞ വാരാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി പിരിഞ്ഞ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇപ്പോള്‍ ഒരു ക്ലബ്ബിന്റെയും ഭാഗമല്ല.
അല്‍നസ്ര്‍ ക്ലബ്ബില്‍ ചേര്‍ന്ന് കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും വ്യക്തമാക്കി. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലാന്റും തമ്മിലുള്ള മത്സരം പൂര്‍ത്തിയായ ശേഷം ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നടത്തിയ ചോദ്യത്തിന് റൊണാള്‍ഡൊ ഒറ്റവാക്കില്‍ മറുപടി പറയുകയായിരുന്നു. ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്കാണ് അല്‍നസ്ര്‍ ക്ലബ്ബ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയെ സ്വന്തമാക്കുന്നത് എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Latest News