ദോഹ- കുഞ്ഞാൻ വിളിച്ചു, നെയ്മറെ, നെയ്മർ ഓടിയെത്തി കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു. കാലങ്ങളായി ആശിച്ചു കൂടെക്കൊണ്ടു നടന്ന കുഞ്ഞാന്റെ മോഹത്തിന് ഒടുവിൽ സാഫല്യം. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി കുഞ്ഞാനാണ് കഴിഞ്ഞ ദിവസം ദോഹ 974 സ്‌റ്റേഡിയത്തിൽ നെയ്മാറിനെയും ബ്രസീലിന്റെ മറ്റു താരങ്ങളെയും കാണാനും തൊടാനും ഭാഗ്യം ലഭിച്ചത്. ഇതിന് പുറമെ, ഗ്രൗണ്ടിൽ ഇരുടീമുകളും പ്രാർത്ഥന ചെല്ലുമ്പോൾ ടീമിന് അടുത്തുനിൽക്കാനും കുഞ്ഞാനായി.
ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്നിൽ തൊട്ടുമ്മ വെച്ചതിന്റെ നിർവൃതിയിൽ കുഞ്ഞാന്റെ കണ്ണുകൾ നനഞ്ഞു. ബ്രസീലും തെക്കൻ കൊറിയയും പോരാടിയ മത്സരത്തിന്റെ തൊട്ടുമുമ്പുള്ള പ്രാർത്ഥനയിലും കുഞ്ഞാൻ ദോഹയിലെ 974 സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.മലപ്പുറത്തുനിന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ പത്തു ടിക്കറ്റുമായാണ് കുഞ്ഞാനും കൂട്ടുകാരൻ ഷബീബും ഖത്തറിലെത്തിയത്. ജർമനി-സ്‌പെയിൻ മത്സരത്തിന് ഗ്രൗണ്ടിന്റെ അതിർവരക്ക് അടുത്തുവരെ എത്തിയെങ്കിലും താരങ്ങളുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ബ്രസീൽ-തെക്കൻ കൊറിയ മത്സരം കാണുന്നതിന് സ്‌റ്റേഡിയത്തിലെത്തിയ കുഞ്ഞാൻ ഇത്തവണ എങ്ങിനെയങ്കിലും നെയ്മറിനെ കാണണം എന്ന് മനസിലുറപ്പിച്ചിരുന്നു. നെയ്മാറിനെ കാണാനുള്ള ആഗ്രഹവുമായി ഹോട്ടലിൽ ചെന്നെങ്കിലും സാധിച്ചിരുന്നില്ല. സ്്‌റ്റേഡിയത്തിലെത്തിയ കുഞ്ഞാൻ തന്റെ ആഗ്രഹം സംഘാടകരോട് അറിയിച്ചു. ഇറ്റാലിയൻ സ്വദേശിയായ വനിതയായിരുന്നു സംഘാടക. അവരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും അവരൊന്നും പറയാതെ പോയി. എന്നാൽ അൽപസമയത്തിന് ശേഷം, അവർ തിരിച്ചെത്തി കുഞ്ഞാന്റെ കഴുത്തിൽ ടാഗ് അണിയിച്ചു. ഗ്രൗണ്ടിലേക്കുള്ള പ്രവേശനത്തിന് അനുമതിയുള്ള ടാഗായിരുന്നു അത്. ലോകകകകപ്പ് ഫുട്‌ബോൾ ഭിന്നശേഷി സൗഹദമായി പരിഗണിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരെയും കളിക്കുമുന്നേ ഗ്രൗണ്ടിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഗ്യാലറിയിലിരുന്ന് കളി കാണാനുള്ള മോഹം ഗ്രൗണ്ടിലെത്തി കളി കാണാനുള്ള അവസരത്തിൽ ചെന്നുതൊട്ടു.
നെയ്മാറും ബ്രസീൽ ടീമും ഗ്രൗണ്ടിലേക്ക് വരുമ്പോൾ വിളിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യരുതെന്ന് നേരത്തെ തന്നെ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗ്രൗണ്ടിലേക്കിറങ്ങാൻ ആദ്യമെത്തിയ ഡാനി ആൽവസ് കുഞ്ഞാന് അടുത്തെത്തി കൈ കൊടുത്തു. തൊട്ടുപിറകെ ഓരോ താരങ്ങളായി എത്തി. മുതല് അതാ വരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷബീർ വിളിച്ചുപറഞ്ഞതോടെ കുഞ്ഞാന് നിയന്ത്രണം വിട്ടു. നെയ്മറെന്ന് കുഞ്ഞാൻ വിളിച്ചു. ആദ്യം വിളി കേട്ടില്ല. കൈ കൊണ്ട് ആംഗ്യം കാണിച്ചു. കുഞ്ഞാൻ കൈകൂപ്പി നിന്നതോടെ നെയ്മാർ അടുത്തെത്തി. കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു. ജീവിതത്തിലെ ഏറ്റവും വലിയ മോഹം അങ്ങിനെ 974 സ്‌റ്റേഡിയത്തിൽ പൂവണിഞ്ഞു.