ദോഹ- ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയിനിനെ തോൽപ്പിച്ച് മൊറോക്കോ രചിച്ച ചരിത്രം ആഘോഷിച്ച് അറബ് ലോകം. മൊറോക്കൻ ജനതക്കൊപ്പം മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആളുകൾ ഇപ്പോഴും ആഹ്ലാദത്തിലാണ്. മൊറോക്കോയുടെ വിജയം മുഴുവൻ അറബ് ലോകത്തിന്റെയും വിജയമായാണ് ആഘോഷിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിൽ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ അറബ് രാജ്യമായാണ് മൊറോക്കോ ചരിത്രം രചിച്ചത്. മൊറോക്കോയുടെ വിജയാഹ്ലാദം ബഗ്ദാദ് മുതൽ കാസാബ്ലാങ്ക വരെയും ഗൾഫിലെ മുഴുവൻ പ്രദേശങ്ങളിലും പുലരമ്പോഴും ആഘോഷിക്കുകയാണ്. അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും മൊറോക്കോയെ അഭിനന്ദിച്ചു. അറ്റ്‌ലസ് സിംഹങ്ങൾക്ക് അഭിനന്ദനങ്ങൾ, നിങ്ങൾ ഞങ്ങളെ സന്തോഷിപ്പിച്ചു. നിങ്ങൾ നേരത്തെയും ഞങ്ങളെ സന്തോഷിപ്പിച്ചു. വീണ്ടും സന്തോഷിപ്പിച്ചുവെന്ന് ജോർദാനിലെ റാനിയ രാജ്ഞി ട്വിറ്ററിൽ കുറിച്ചു.
കെയ്റോ, ബെയ്റൂട്ട്, ടുണിസ്, അമ്മാൻ, റമല്ല എന്നിവിടങ്ങളിലും അറബികൾ മൊറോക്കോയുടെ വിജയത്തിൽ വിജയത്തിൽ ആഹ്ലാദിച്ചു. വിജയം ഫലസ്തീന് സമർപ്പിക്കുന്നതായി മൊറോക്കോ വ്യക്തമാക്കി. വിജയാഹ്ലാദത്തിനിടെ മൈതാനത്ത് ഫലസ്തീന്റെ പതാകയും മൊറോക്കോ വീശി.
പ്രീ ക്വാർട്ടർ മത്സരത്തിൽ പങ്കെടുക്കുന്നതിന് ആയിരകണക്കിന് മൊറോക്കോൻ ആരാധകരാണ് ഖത്തറിലെത്തിയത്.
'വലിയ സ്പാനിഷ് ടീമുകളായ ബാഴ്സലോണയും മാഡ്രിഡും കണ്ടാണ് ഞാൻ വളർന്നത്. അതിനാൽ സ്പെയിനിനെപ്പോലൊരു വലിയ രാജ്യത്തെ തോൽപ്പിക്കുന്നത് മൊറോക്കോയുടെ വലിയ വിജയമാണെന്ന് ദോഹയിൽ താമസിക്കുന്ന മൊറോക്കൻ സ്വദേശി താഹ ലഹ്റൂഗി (23) പറഞ്ഞു.
കൊളോണിയൽ കാലഘട്ടത്തിൽ മൊറോക്കോയുടെ ഭൂരിഭാഗവും ഭരിക്കുകയും ഇപ്പോഴും നിരവധി മൊറോക്കക്കാർ താമസിക്കുകയും ചെയ്യുന്ന സ്‌പെയിനിന് എതിരായ വിജയം മൊറോക്കോക്ക് സമ്മാനിക്കുന്നത് മധുരമാണ്.
ഇറാഖി ഷിയ നേതാവ് മൊക്താദ അൽ സദർ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് അൽ ദബീബ എന്നിവരും മൊറോക്കോയെ അഭിനന്ദിച്ചു.
'ഇത് മൊറോക്കോയുടെ മാത്രമല്ല, എല്ലാ അറബികളുടെയും വിജയമാണ്, അറബ് മണ്ണിൽ ഇത് നേടിയതിന്റെ സന്തോഷം ഇതിലും വലുതാണ്,' അമ്മാനിൽ തന്റെ കാർ ഹോൺ മുഴക്കി ആഘോഷിക്കുന്ന ജോർദാനിയൻ ഹസീം അൽ ഫയസ് പറഞ്ഞു.