Sorry, you need to enable JavaScript to visit this website.

മൂന്നു പേരെ മഹല്ലില്‍നിന്ന് പുറത്താക്കി; ലഹരി മാഫിയയെ ചെറുക്കന്‍ പടന്നക്കാട് മാതൃക കീഴൂരിലും

കീഴൂര്‍ പടിഞ്ഞാറ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കുട്ടികള്‍ നടത്തിയ റാലി.

കാസര്‍കോട്- മയക്കുമരുന്ന് കേസില്‍ അകപ്പെട്ടാല്‍ പെണ്ണിനെ കിട്ടില്ലെന്നും കല്യാണവുമായി മഹല്ലില്‍ ആരും  സഹകരിക്കില്ലെന്നുമുള്ള പടന്നക്കാട് ജമാഅത്തിന്റെ മാതൃകാപരമായ തീരുമാനം നടപ്പിലാക്കുകയാണ് കീഴൂര്‍ പടിഞ്ഞാര്‍ മുസ്ലിം ജമാ അത്ത് കമ്മറ്റിയും.
മാരക മയക്കുമരുന്ന് വ്യാപകമാവുകയും ലഹരി മാഫിയ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും നശിപ്പിക്കുകയും കുടുംബബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിലാണ് ധീരമായ നിലപാടുമായി കീഴൂര്‍ ജമാഅത്ത് കമ്മറ്റിയും രംഗത്തുവന്നത്. പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെയും വീട്ടുകാരെയും മഹല്ലില്‍നിന്ന് പുറത്താക്കിയാണ് രണ്ടുമാസം മുമ്പെടുത്ത ശക്തമായ തീരുമാനം ജമാഅത്ത് നടപ്പിലാക്കിയത്.  മഹല്ലിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖയും ജമാഅത്ത് ഭാരവാഹികള്‍ അടിച്ചിറക്കി. ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്തിട്ടുണ്ട്. മഹല്ല് പ്രദേശങ്ങളിലെ കവലകളിലും പീടിക തിണ്ണകളിലും രാത്രി പത്ത് മണിക്ക് ശേഷം തമ്പടിക്കുന്നത് ഒഴിവാക്കണം, പുറത്തുനിന്ന് എത്തി കൂട്ടം കൂടുന്നതും തടയണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കമ്മറ്റി പോലീസ് സഹായത്തോടെ നടപടി എടുക്കും. മയക്കുമരുന്ന് കച്ചവടം നിര്‍ത്തണം, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞാല്‍ ആ വ്യക്തിയെയും കുടുംബത്തെയും ജമാഅത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളുമായി സഹകരിക്കില്ല, ആനുകൂല്യങ്ങള്‍ അനുവദിക്കില്ല, മയക്കുമരുന്ന് കച്ചവടത്തിനായി വരുന്ന വാഹനങ്ങള്‍ നിരീക്ഷിച്ചു പോലീസിന് കൈമാറും, വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും തുടങ്ങിയവയാണ് മുന്നറിയിപ്പുകളില്‍ പ്രധാനം. ലഹരിക്കെതിരെ ബോധവല്‍ക്കരണം, കഌസുകള്‍, റിഹാബിലേഷന്‍ പ്രവര്‍ത്തനം തുടങ്ങിയവ നടത്തുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

പുറത്താക്കപ്പെട്ടവര്‍

കീഴൂരിലെ ജലാലുദ്ധീന്‍, ദേളിയില്‍ താമസിക്കുന്ന കീഴൂരിലെ ശഫീര്‍, കീഴൂര്‍ ടൗണിലെ കച്ചവടക്കാരന്‍ മുഹമ്മദ്കുഞ്ഞി. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടിരുന്നു.

മാപ്പപേക്ഷ ആറു മാസത്തിന് ശേഷം

മഹല്ലില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മയക്കുമരുന്ന് പൂര്‍ണ്ണമായും ഉപേക്ഷിച്ചു 'സത്യവാന്‍' ആയെങ്കില്‍ ആറു മാസത്തിന് ശേഷം മാപ്പപേക്ഷ നല്‍കാം. പിന്നീടുള്ള ആറു മാസം കൂടി നിരീക്ഷിച്ച ശേഷം കമ്മറ്റി തീരുമാനം എടുക്കും. ജയിലില്‍ ആണെങ്കില്‍ പുറത്തിറങ്ങി ആറു മാസത്തിന് ശേഷം വേണം അപേക്ഷ നല്‍കാന്‍.
ആരോടും വിരോധം ഉള്ളത് കൊണ്ടല്ല, നാടിന് വേണ്ടിയാണിതെന്നും പെണ്‍കുട്ടികള്‍ വരെ ലഹരിക്ക് ഇരയാകുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും കീഴൂര്‍  പടിഞ്ഞാര്‍ ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ പറഞ്ഞു. നിരവധി പഠന കഌസുകള്‍ നടത്തിയ ശേഷമാണ് നപടിയിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News