Sorry, you need to enable JavaScript to visit this website.

ഇന്ത്യ പിന്മാറി; 2027 ഏഷ്യന്‍ കപ്പ് സൗദിയില്‍ ഉറപ്പായി

റിയാദ് - 2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിക്കുമെന്ന് ഉറപ്പായി. 2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യക്കൊപ്പം മത്സര രംഗത്തുണ്ടായിരുന്ന ഇന്ത്യ പിന്മാറിയതോടെയാണിത്. ഏഷ്യന്‍ കപ്പ് ഹോസ്റ്റ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്‍വാങ്ങിയതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹോസ്റ്റ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങാനുള്ള കാരണം പരസ്യപ്പെടുത്തിയിട്ടില്ല.
2027 ഏഷ്യന്‍ കപ്പ് സംഘാടന ചുമതല നേടിയെടുക്കാന്‍ ശ്രമിച്ചുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഫയലുകള്‍ എ.എഫ്.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്‌ടോബറില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഫെബ്രുവരിയില്‍ നടക്കുന്ന റീജ്യനല്‍ സമ്മേളനത്തില്‍ എ.എഫ്.സി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ പിന്‍വാങ്ങിയതോടെ 2027 ടൂര്‍ണമെന്റ് സംഘാടന അവകാശം നേടിയെടുക്കാന്‍ സൗദി അറേബ്യ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത്. നിലവില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ 2023 ഏഷ്യന്‍ കപ്പ് നടക്കും. ഖത്തറില്‍ ഇതിനകം രണ്ടു തവണ ഏഷ്യന്‍ കപ്പ് അരങ്ങേറിയിട്ടുണ്ട്.
2026 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിമന്‍സ് ഏഷ്യന്‍ കപ്പ് സംഘാടന അവകാശം നേടിയെടുക്കാനും സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ ഫയല്‍ സൗദി അറേബ്യ ഔപചാരികമായി ഏഷ്യന്‍ ഫുഡ്‌ബോള്‍ കോഫെഡറേഷന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. മലേഷ്യയിലെ കുലാലംപൂരിലെ എ.എഫ്.സി ആസ്ഥാനത്തു വെച്ചാണ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സംഘം എ.എഫ്.സി അധികൃതര്‍ക്ക് അന്തിമ ഫയല്‍ കൈമാറിയത്.
സൗദി വിമന്‍സ് നാഷണല്‍ ഫുട്‌ബോള്‍ ടീം അസിസ്റ്റന്റ് കോച്ച് ദുന റജബ്, സൗദി ടീം താരവും അല്‍ശബാബ് ക്ലബ്ബ് താരവുമായ റഗദ് ഹില്‍മി, സൗദി യുവതാരം മാരിയ ബാഗഫാര്‍ എന്നിവരാണ് അന്തിമ ഫയല്‍ എ.എഫ്.സിക്ക് കൈമാറിയത്. കായിക ലോകത്ത് അടക്കം സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്രമായ വികസന കുതിച്ചുചാട്ടവുമായി പൊരുത്തപ്പെട്ടുപോകുന്ന നിലക്ക് വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു. 2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ജോര്‍ദാനും ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും മത്സരിക്കുന്നുണ്ട്. 2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം ഏതു രാജ്യത്തിനാണെന്ന് അടുത്ത വര്‍ഷം എ.എഫ്.സി പ്രഖ്യാപിക്കും.

 

Latest News