അബഹ - മഹായില്‍ അസീറില്‍ നിര്‍മാണത്തിലുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ശ്വാസംമുട്ടിയും മുങ്ങിയും മരിച്ചു. മഹായിലിലെ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലാണ് ദുരന്തം. പ്രദേശത്ത് പെയ്ത പെയ്ത കനത്ത മഴക്കിടെ രൂപപ്പെട്ട പ്രളയത്തില്‍ പതിനഞ്ചു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയും ആറു മീറ്റര്‍ താഴ്ചയുമുള്ള ഭൂഗര്‍ഭ ടാങ്ങില്‍ വെള്ളം കയറുകയായിരുന്നെന്ന് ദുരന്തത്തില്‍ പെട്ട കുടുംബത്തിലെ അബ്ദുല്ല ബിന്‍ ഹസന്‍ ഹാദി അസീരി പറഞ്ഞു. ഒരു മീറ്റര്‍ ഉയരത്തിലാണ് ടാങ്കില്‍ വെള്ളം കയറിയത്. ഈ വെള്ളം അടിച്ചൊഴിവാക്കാന്‍ വേണ്ടി കുടുംബാംഗങ്ങള്‍ ടാങ്കിനകത്തേക്ക് ഡീസല്‍ മോട്ടോര്‍ ഇറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മോട്ടോറില്‍ നിന്നുള്ള പുക ടാങ്കിനകത്ത് നിറഞ്ഞതാണ് നാലു പേരുടെ ജീവനെടുത്ത ദുരന്തത്തിലേക്ക് നയിച്ചത്.
വെള്ളം അടിച്ചൊഴിവാക്കാനും ടാങ്ക് വൃത്തിയാക്കാനും വേണ്ടി ആദ്യം ടാങ്കില്‍ ഇറങ്ങിയത് പതിനഞ്ചുകാരനായ സഹോദരന്‍ അലിയായിരുന്നു. പുകനിറഞ്ഞ ടാങ്കിനകത്തു വെച്ച് ശ്വാസംമുട്ടിയതിനാല്‍ അലിക്ക് തിരിച്ചു കയറാനായില്ല. ഇതോടെ അലിയെ രക്ഷിക്കാന്‍ ശ്രമിച്ച് 55 കാരനായ പിതാവ് ഹസന്‍ ബിന്‍ ഹാദി അസീരി ടാങ്കില്‍ ഇറങ്ങി. എന്നാല്‍ പിതാവും ശ്വാസംമുട്ടി ടാങ്കില്‍ വീണു.
ഇതോടെ തന്റെ പിതാവിനെയും സഹോദരനെയും രക്ഷിക്കാന്‍ ശ്രമിച്ച് പിതൃസഹോദര പുത്രന്മാരായ ഹമദും (17) ഹാദിയും (19) ടാങ്കിലേക്ക് ചാടി. ഇവരും ശ്വാസംമുട്ടി ടാങ്കില്‍ വീണു. ഇതോടെ ഇവരുടെ പിതാവും തന്റെ പിതൃസഹോദരനുമായ അലി ഹാദി (70) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങി. ഇദ്ദേഹത്തിനും ടാങ്കില്‍ നിന്ന് പുറത്തിറങ്ങാനായില്ല.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ഇതോടെ തന്റെ ഇളയ സഹോദരങ്ങള്‍ ബഹളംവെച്ച് അയല്‍വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. ഇവരാണ് സംഭവത്തെ കുറിച്ച് സിവില്‍ ഡിഫന്‍സില്‍ അറിയിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി അഞ്ചു പേരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തു. അപ്പോഴേക്കും തന്റെ പിതാവും സഹോദരന്‍ അലിയും പിതൃസഹോദരനും പിതൃസഹോദര പുത്രന്‍ ഹമദും മരണപ്പെട്ടിരുന്നു. ജീവനോടെ രക്ഷിച്ച പിതൃസഹോദര പുത്രന്‍ ഹാദിയെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ട് ഹാദി ആശുപത്രി വിട്ടതായും അബ്ദുല്ല ബിന്‍ ഹസന്‍ ഹാദി അസീരി പറഞ്ഞു.