Sorry, you need to enable JavaScript to visit this website.

VIDEO - അവസാനത്തെ കാണിയും വീടയണന്നതുവരെ ഈ കാവലുണ്ട്

ദോഹ-ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്‌റ്റേഡിയത്തിൽ ആരവങ്ങൾക്കിടയിലിരുന്നു കാണാൻ ഇറങ്ങുന്നതു മുതൽ തിരിച്ചെത്തുന്നത് വരെ സംഘാടകരുടെ കാവലുണ്ട് ഓരോ കാണിക്കും. ഒരിടത്തും വഴിത്തെറ്റാതെ സ്‌റ്റേഡിയത്തിലേക്കും തിരിച്ച് താമസസ്ഥലത്തേക്കും എത്താൻ പാകത്തിൽ കണ്ണെത്തുന്ന ദൂരത്തെല്ലാം വളണ്ടിയർമാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും സാന്നിധ്യം നൽകുന്ന സുരക്ഷിതത്വം ചെറുതല്ല.  
മെട്രോ മെട്രോ ദിസ് വേ...,(മെട്രോയിലേക്കുള്ള വഴി ഇതാണ്)എന്ന താളത്തിലുള്ള വിളി മുതൽ തുടങ്ങും വളണ്ടിയർമാരുടെ കരുതൽ. ദോഹയിലെ മുഴുവൻ സ്‌റ്റേഡിയങ്ങളിലേക്കുമുള്ള മെട്രോ സർവീസുകളിലെല്ലാം നൂറു കണക്കിന് വളണ്ടിയർമാരുണ്ട്. മെട്രോ നേരിട്ടെത്താത്തെ സ്ഥലങ്ങളിലേക്കുള്ള മെട്രോ ലിങ്ക് ബസ് സർവീസുകളിലും ഇതുപോലെ വഴിയടയാളങ്ങളുമായി ആളുകൾ കാത്തിരിക്കുന്നു. ഒരിടത്തും ആർക്കും വഴിത്തെറ്റുകയേ ഇല്ല.
പതിനായിരങ്ങൾ കളി കാണാനെത്തുന്ന സ്റ്റേഡിയത്തിൽ ഒരിടത്തും ആൾത്തിരക്ക് അനുഭവപ്പെടില്ല. അത്രയും ശാസ്ത്രീയമായാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കളി കഴിഞ്ഞ് സ്റ്റേഡിയത്തിൽനിന്ന് ആയിരങ്ങൾ ഒറ്റയടിക്ക് ഇറങ്ങി നഗരത്തിൽ അലിഞ്ഞാലും പെരുമഴക്കാലത്തെ പുഴവെള്ളം കടലിൽ ലയിച്ചില്ലാതാകുന്നതു പോലെ ജനക്കൂട്ടം നഗരത്തിൽ അലിഞ്ഞില്ലാതാകും. ഓരോ മിനിറ്റിലും ഇടതടവില്ലാതെ വരുന്ന മെട്രോ ലിങ്ക് ബസുകൾ ഒരുഭാഗത്ത്. ഓരോ രണ്ടു മിനിറ്റിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആയിരങ്ങളെയുമായി കുതിക്കുന്ന മെട്രോ സർവീസുകൾ. 
സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന വഴികളിലെല്ലാം നിങ്ങളെ സന്തോഷിപ്പിക്കാനും ആഹ്ലാദിപ്പിക്കാനും പാകത്തിലുള്ള കലാരൂപങ്ങളും ഒരുക്കിയിരിക്കുന്നു. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളുടെ മുന്നിലാണ് ഏറ്റവും കൂടുതൽ വിനോദപരിപാടികൾ നടക്കുന്നത്. മൈതാനത്തിലേക്ക് വരുന്ന ഓരോരുത്തരും ഈ കലാരൂപങ്ങൾക്ക് മുന്നിൽ ഏറെ നേരം എല്ലാം മറന്നിരിക്കും. പാട്ടിനൊപ്പം പാടും. നൃത്തത്തിനൊപ്പം ചുവടുവെക്കും. സ്വന്തം രാജ്യത്തിന്റെയും ഇഷ്ട ടീമിന്റെയും പതാക പുതച്ചും ആടിയും പാടിയും വിനോദസംഘത്തിനൊപ്പം കൂടും. പ്രായവും ലിംഗവും ഭാഷയും മറന്ന് എല്ലാവരും ഒരൊറ്റ ഫുട്‌ബോളായി മാറുന്ന അസുലഭ സന്ദർഭങ്ങളാണ് ഖത്തർ സമ്മാനിക്കുന്നത്. 
ഗ്യാലറിയിലെ ഓരോ മുക്കിലും മൂലയിലും വളണ്ടിയർമാർ കാത്തിരിക്കുന്നുണ്ട്. ഇരിപ്പിടങ്ങളുടെ പേരിൽ അസ്വസ്ഥതകൾ അനുഭവപ്പെടാതെ കളി കാണാനാകുക എന്നത് ഫുട്‌ബോൾ കാണിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇത്തരത്തിൽ ഓരോ മത്സരവും കാണിക്ക് സമ്മാനിക്കുന്നത് അതിവിശിഷ്ടമായ ഫുട്‌ബോൾ അനുഭവമാണ്.
മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയാലും സ്റ്റേഡിയത്തിന് പുറത്ത് കലാവിഭവങ്ങൾ ആവോളമുണ്ട്. ജയിച്ചവർക്ക് സന്തോഷിക്കാനും പരാജയപ്പെട്ടവർക്ക് സങ്കടം തീർക്കാനുമായി കുറേപേർ ആടിപ്പാടുന്നു. തിരിച്ചുപോകുന്ന വഴികളിലെല്ലാം കൊച്ചുകൊച്ചു കലാരൂപങ്ങൾ വേറെയും. ഓരോ രാജ്യത്തിന്റെയും തനത് കലാരൂപം മുതൽ ആധുനിക സംഗീതവിസ്മയങ്ങളും ഒരുക്കിയിരിക്കുന്നു. അസ്വസ്ഥതയില്ലാതെ താമസസ്ഥലത്തേക്ക് തിരിച്ചെത്താം. അവസാനത്തെ കാണിയും വീടണയുന്നതുവരെ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ട് നൂറായിരം മനുഷ്യർ.

Latest News