സൗഹൃദങ്ങളിലേക്ക് അറിയാതെ മതിലുകൾ കയറിവരുന്ന ഒരു കാലത്തിന്റെ മുന്നിലേക്കാണ് ഈ ചിത്രം നിലാവായി പെയ്യുന്നത്. പത്തനംതിട്ടയിലെ അടൂർ കടമ്പനാട് അരുണിന്റെയും മെഡിക്കൽ വിദ്യാർഥിനി അഞ്ജലിയുടെയും കല്യാണചിത്രം.
ഇവരുടെ വിവാഹചിത്രത്തിന്റെ ഫ്രെയിമിലൊരിടത്ത് അഞ്ജലിയുടെ സഹപാഠി കോഴിക്കോട് സ്വദേശി ഷാന ഫാത്തിമ കടന്നുവരുന്നുണ്ട്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർഥികളാണ് ഇരുവരും. ക്ഷേത്രം ചുറ്റി താലവുമേന്തി അഞ്ജലിക്കൊപ്പം. ജലീൽ പുനലൂർ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രം ഇതിനോടകം തന്നെ വൈറലായി. കൊല്ലം കുന്നത്തൂർ നെടിയവളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു വിവാഹം. മുഹൂർത്ത സമയത്ത് നവവധുവിനെ സ്വീകരിച്ചു കൊണ്ട് വരുന്ന ചിത്രമെടുക്കുന്നതിനിടെയാണ് ഈ മനോഹരദൃശ്യം തന്റെ ഫ്രെയിമിലേക്ക് കടന്നുവരുന്നതെന്ന് ജലീൽ പറയുന്നു.

മനുഷ്യർ പരസ്പരം പടവെട്ടുന്ന ഒരുകാലത്ത്, സൗഹൃദത്തിന്റെ പുതിയ ആകാശം കാണിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ജലീൽ. സോഷ്യൽ മീഡിയയിൽ പതിനായിരങ്ങളാണ് ഈ ചിത്രം പങ്കുവെച്ചത്. ചിത്രം കണ്ടവരെല്ലാം അഭിനന്ദനമറിയിച്ചെന്നും ജലീൽ പറയുന്നു.
നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജലീൽ പുനലൂരിൽ ജാസ് വെഡിംഗ് സ്റ്റുഡിയോ നടത്തി വരികയാണ്. നന്മ ബാക്കിയുള്ള മുഴുവൻ മനുഷ്യർക്കുമായി ഈ ചിത്രം സമർപ്പിക്കുകയാണെന്ന് ജലീൽ പറയുന്നു.






