പെൺക്രിമിനലുകളുടെ വിളയാട്ടം 

പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച 
രണ്ട് സംഭവങ്ങൾ അടുത്തിടെ മലപ്പുറത്തുണ്ടായി. 
കാലത്ത് മദ്രസ്സാ പഠനത്തിനായി വീട്ടിൽനിന്ന് പോയ 
ഏഴു വയസ്സുകാരിയായ ഒരു പെൺകുട്ടിയെ പർദ്ദധാരിയായ 
ഒരു സ്ത്രീ സ്‌കൂട്ടറിൽ തട്ടിക്കൊണ്ട് പോയി ആഭരണം 
കവർന്നെടുത്ത സംഭവമാണ് അതിലൊന്ന്. 52-കാരനായ 
ഭർത്താവ് ഉറങ്ങിക്കിടക്കവേ ദേഹത്ത് ആസിഡ് ഒഴിച്ച് 
കൊലപ്പെടുത്തിയ ശേഷം മറ്റൊരു 'പർദ്ദാമഹിള' പോലീസിനെ  
അതി സമർത്ഥമായി വട്ടം ചുറ്റിച്ച സംഭവമാണ് മറ്റൊന്ന്. 

പാപങ്ങൾക്ക് മറയായി പർദ്ദയെ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ അനുദിനം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. 
ഏറെക്കുറെ 'സുരക്ഷിത'മായി തന്നെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ലളിതവും, സൗകര്യപ്രദവുമായ ഒരു ഉപാധിയായിരിക്കുന്നു പർദ്ദ. കളവ് മുതൽ അനാശാസ്യം വരെയുള്ള കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഈ വേഷം സദാ സഹായമാകുന്നു. പർദ്ദ ധരിക്കുന്നവരെല്ലാം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് എന്നല്ല പറയുന്നത്. പർദ്ദ ധരിച്ച് ഷോപ്പിംഗിനിറങ്ങുന്ന ഒരു വിഭാഗം സ്ത്രീകൾ മോഷണ വസ്തുക്കൾ ഒളിപ്പിച്ച് പിന്നീട് പിടികൂടപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. പ്രധാനമായും ഇത്തരം സംഭവങ്ങൾ കൂടുതലായും അരങ്ങേറുന്നതും മലബാറിലാണ്. ചിലതൊക്കെ യൂട്യൂബിലും കാണാനാകും. ഇതിനൊരു മറുവശവുമുണ്ട്. 
ഈയിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഈ വീഡിയോവിലും വില്ലൻ പർദ്ദ തന്നെ. അവതാരകയും നടിയുമായ പേളി മാണിയും, കമ്മട്ടിപ്പാടം സിനിമയിലെ നായിക ഷോൺറോമിയും കോഴിക്കോട്ടെ വിഖ്യാതമായ മിൽക്ക് സർബത്ത് കുടിയ്ക്കാൻ പുറത്തിറങ്ങിയത് പർദ്ദ ധരിച്ച് കൊണ്ടാണ്. ആരാധകരുടെ കണ്ണ് വെട്ടിക്കാനായിരുന്നുവത്രേ ഇവർ പർദ്ദയ്ക്കുള്ളിൽ കേറിയത്. പർദ്ദയണിഞ്ഞ് കൂളിംഗ് ഗ്ലാസും ധരിച്ച് സർബത്ത് കടയ്ക്ക് മുന്നിലെ നീണ്ട ക്യൂവിൽ നിന്ന പർദ്ദധാരികളായ പേളിയേയും, ഷോണിനേയും ഒരാളും തിരിച്ചറിഞ്ഞില്ലായെന്ന് പറഞ്ഞ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവർ തന്നെയാണ് വിശദീകരിച്ചതും. 
പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച രണ്ട് സംഭവങ്ങൾ അടുത്തിടെ മലപ്പുറത്തുണ്ടായി. കാലത്ത് മദ്രസ്സാ പഠനത്തിനായി വീട്ടിൽനിന്ന് പോയ ഏഴു വയസ്സുകാരിയായ ഒരു പെൺകുട്ടിയെ പർദ്ദധാരിയായ ഒരു സ്ത്രീ സ്‌കൂട്ടറിൽ തട്ടിക്കൊണ്ട് പോയി ആഭരണം കവർന്നെടുത്ത സംഭവമാണ് അതിലൊന്ന്. 52-കാരനായ ഭർത്താവ് ഉറങ്ങിക്കിടക്കവേ ദേഹത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മറ്റൊരു 'പർദ്ദാമഹിള' പോലീസിനെ  അതി സമർത്ഥമായി വട്ടം ചുറ്റിച്ച സംഭവമാണ് മറ്റൊന്ന്. ഈ രണ്ട് സംഭവവും പോലീസ് ഉദ്യോഗസ്ഥരെ തീർത്തും അദ്ഭുതപ്പെടുത്തി. ഇതര ജില്ലകളെ തട്ടിച്ച് നോക്കുമ്പോൾ മലപ്പുറത്ത് സ്ത്രീ കുറ്റവാളികളുടെ എണ്ണം വളരെ പരിമിതമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത കാലത്തായി ഈ നിലയിൽ വലിയ മാറ്റമുണ്ടായതായി പോലീസ് പറയുന്നു. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ കാരിയർമാരാവുന്നത് ഉൾപ്പടെ മോഷണം, പിടിച്ച് പറി, പെൺവാണിഭം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പർദ്ദധാരികളുടെ പങ്കാളിത്തം വർധിച്ചതായാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. സ്‌കൂട്ടറിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി ആഭരണം കവർന്ന സജ്‌ന എന്ന സ്ത്രീ നേരത്തെ കഞ്ചാവ് കാരിയറായിരുന്നു. ഭർത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സുബൈദക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പറയുന്നതെങ്കിലും ഇവർ ഇരുത്തം വന്ന ക്രിമിനലുകളെ വെല്ലുന്ന രീതിയിലാണ് പോലീസിനെ വട്ടം ചുറ്റിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സജ്‌ന
ഏപ്രിൽ 26-ന് കാലത്ത് 6.30-ന് മലപ്പുറം ചെമ്മാട്-കൊടിഞ്ഞി റോഡിലൂടെ തനിച്ച് മദ്രസയിലേക്ക് നടന്ന് പോവുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയെ പർദ്ദ ധരിച്ച് സ്‌കൂട്ടറിലെത്തിയ ഒരു സ്ത്രീ, കുട്ടിയുടെ മാതാവ് ആശുപത്രിയിലാണെന്ന് പറഞ്ഞ് നിർബന്ധിച്ച് സ്‌കൂട്ടറിൽ കേറ്റിക്കൊണ്ട് പോയി. മദ്രസാ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാവ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വഷണത്തിൽ ചെമ്മാട്ടും പരിസരത്തും മറ്റുമായി സ്ഥാപിച്ച സി.സി.ടി.വിയിൽ പർദ്ദധാരിയായ ഒരു സ്ത്രീ നമ്പരില്ലാത്ത വെള്ള നിറമുള്ള സ്‌കൂട്ടറിൽ കുട്ടിയെ കൊണ്ട് പോകുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. നമ്പറില്ലായിരുന്നുവെങ്കിലും, രജിസ്‌ട്രേഷൻ സ്റ്റിക്കർ ക്യാമറയിൽ വ്യക്തമായിരുന്നു. ഹെൽമെറ്റണിഞ്ഞത് കാരണം സ്ത്രീയുടെ മുഖം വ്യക്തവുമല്ലായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് റോഡരികിൽ കരഞ്ഞ് കൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരനായ സഹദേവൻ എന്നയാൾ ശ്രദ്ധിക്കുകയും കാര്യം തിരക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന് താൽക്കാലിക അറുതിയായത്. കുട്ടി പറഞ്ഞ ഫോൺ നമ്പരിൽ വിളിച്ച് കാര്യമറിയിച്ച സഹദേവൻ കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജ് പോലീസിൽ  ഏൽപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് തിരൂരങ്ങാടി പോലീസ് കുട്ടിയെ ഏറ്റു വാങ്ങുകയായിരുന്നു.  കുട്ടി പോലീസിന് നൽകിയ മൊഴി ഇപ്രകാരം. മദ്രസയിലേക്ക് പോകുംവഴി സ്‌കൂട്ടറിലെത്തിയ ഒരു 'ഇത്താത്ത',  ഉമ്മ ആശുപത്രിയിലാണെന്നും, അങ്ങോട്ട് ചെല്ലണമെന്നും പറഞ്ഞു. മടിച്ച് നിന്നപ്പോൾ വണ്ടിയിലേക്ക് പിടിച്ച് കേറ്റി. വെഞ്ചാലി വഴി വള്ളിക്കുന്ന്, ചെട്ട്യാർമാടിലൂടെ പന്തീരാങ്കാവിലെത്തി. തുടർന്ന് ഓട്ടോയിൽ കോഴിക്കോട് കമ്മത്ത് ലൈനിലെത്തി. ഇതിനിടെ തന്റെ പുസ്തകങ്ങളടങ്ങിയ ബാഗ് കോഴിക്കോട് യൂനിവേഴ്‌സിറ്റിക്കടുത്ത് കുറ്റിക്കാട്ടിൽ വലിച്ചറിയുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ സ്വർണക്കടയിൽനിന്ന് തന്റെ കയ്യിൽ ധരിച്ചിരുന്ന മുക്കാൽ പവന്റെ വള മുറിച്ചെടുത്തശേഷം പിന്നീട് ബസ്സിൽ കേറി മെഡിക്കൽ കോളേജിന്റെ പരിസരത്തെത്തി തന്നെ ഉപേക്ഷിച്ച് ഇത്താത്ത അപ്രത്യക്ഷമായെന്നാണ് ബാലിക പോലീസിനോട് വിശദീകരിച്ചത്.


പ്രതിയെ പിടികൂടാനുള്ള ശ്രമമായി പിന്നീട് പോലീസിന്. പർദ്ദ ധരിച്ചെത്തുന്ന മഹിളകൾ തനിച്ചും കൂട്ടമായും നടത്തിയ മോഷണക്കേസ്സിൽ നേരത്തെ മലപ്പുറത്ത് വിവിധ ഘട്ടങ്ങളിൽ ചിലർ പിടിയിലായിരുന്നു. ഇത്തരം വ്യക്തികളെ കുറിച്ചായിരുന്നു പോലീസ് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഇരുനൂറിലേറെ സ്‌കൂട്ടറുകളുടെ രേഖകളും പോലീസ് പരിശോധിച്ചു. യുവതി ഓടിച്ചിരുന്ന വെള്ള സ്‌കൂട്ടറിന്റെ കണ്ണാടിയിലുണ്ടായിരുന്ന ചുവന്ന സ്റ്റിക്കർ പോലീസ് അന്വേഷണത്തിന് ഏറെ സഹായകമായി. പ്രദേശത്തെ ചില വീടുകളിൽ അടുക്കളവേലക്ക് നിന്നിരുന്ന താനൂർ സ്വദേശിനി സജ്‌ന (27) യെക്കുറിച്ച് പോലീസിന് ചില സംശയങ്ങളുണ്ടായി. സജ്‌നയുടെ ഫോൺ നിരീക്ഷിച്ചതോടെ ആ ഫോണിലേക്ക് സ്ഥിരമായി വിളിക്കുന്ന മൂന്ന് നമ്പരുകൾ കണ്ടെത്തി. അതിലൊന്ന് നന്നമ്പ്രയിലെ ഒരു ബേക്കറി തൊഴിലാളിയുടേതായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന സജ്‌ന ഈ യുവാവുമായി പ്രണയത്തിലാണെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച കാമുകനെ കൊണ്ട് സജ്‌നയ്ക്ക് ഫോൺ ചെയ്യിച്ചു. പോലീസ് നിർദ്ദേശമനുസരിച്ച് തനിക്ക് മംഗലാപുരത്ത് നല്ല ജോലി കിട്ടിയതിനാൽ അങ്ങോട്ട് പോവുകയാണെന്നും, തന്നെ യാത്രയാക്കാൻ സജ്‌ന റെയിൽവെ സ്റ്റേഷനിലെത്തണമെന്നും കാമുകൻ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് താനൂർ റെയിൽവെ സ്റ്റേഷനിലെത്തിയ സജ്‌നയെ പോലീസ് അകത്താക്കി. തട്ടിക്കൊണ്ട് പോകലിനിരയായ ബാലിക സജ്‌നയെ തിരിച്ചറിയുകയും ചെയ്തു. കോഴിക്കോട്ടുള്ള സഹോദരിക്കൊപ്പമാണ് സജ്‌ന താമസിക്കുന്നത്. പണത്തിന് ആവശ്യം വന്നപ്പോൾ സഹോദരിയുടെ സ്‌കൂട്ടറുമെടുത്ത് ഏപ്രിൽ 26-ന് കാലത്ത് തന്നെ നിരത്തിലിറങ്ങി. ചെമ്മാട്-കൊടിഞ്ഞി പ്രദേശത്ത് സജ്‌ന കുറച്ച് കാലം വീട്ടുജോലി ചെയ്തിരുന്നതിനാൽ ഈ ഭാഗത്ത് കുട്ടികൾ കാലത്ത് 6-നും 6.30-നുമിടയിൽ മദ്രസയിലേക്ക് പോകുന്നത് ഇവർ ശ്രദ്ധിച്ചിരുന്നത് കൊണ്ടാണ് സജ്‌ന ഇവിടെയെത്തിയത്. തുടർന്ന് വിജനമായ സ്ഥലത്ത് സ്‌കൂട്ടർ നിർത്തി വീണ് കിട്ടിയ 'ഇര'യെ കടത്തിക്കൊണ്ട് പോവുകയുമായിരുന്നു. കുട്ടിയെ കൊണ്ട് പോയ സ്ഥലങ്ങളിലെല്ലാം  സജ്‌നയുമായി പോലീസ് തെളിവെടുപ്പ് നടത്തുകയും,  വിൽപ്പന നടത്തിയ ആഭരണം പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

ആസിഡ് മുഖത്തൊഴിച്ച് കൊലപാതകം
മലപ്പുറം മുണ്ടുപറമ്പിൽ മലബാർ ലൈറ്റ് ആന്റ് സൗണ്ട്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന ഉമ്മത്തൂർ സ്വദേശി പോത്തഞ്ചേരി വീട്ടിൽ ബഷീർ (52) രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കവേ ആസിഡ് ആക്രമണത്തിനിരയായി. ഏപ്രിൽ 20-ന് അത്യുഷ്ണം കാരണം വീടിന്റെ കതക് അടയ്ക്കാതെയാണ് ബഷീർ ഭാര്യ സുബൈദയോടൊന്നിച്ച് ഉറങ്ങാൻ കിടന്നത്. രാത്രി 11 മണിയോടെ ബഷീറിന്റെ ദേഹത്തേയ്ക്ക് ആരോ ആസിഡൊഴിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മജിസ്ട്രേറ്റിനു നൽകിയ മരണമൊഴിയിൽ വീടിന്റെ കതക് തുറന്ന് കിടന്നതിനാൽ പുറത്തുനിന്ന് ആരോ ആസിഡ് തൂവുകയായിരുന്നുവെന്നും, ആരാണ് ആക്രമണം നടത്തിയതെന്ന് അറിയില്ലെന്നുമാണ് ബഷീർ മൊഴി നൽകിയത്. ഒരു സംഘം ആളുകൾ രാത്രി വീട്ടിലെത്തി തട്ടി വിളിച്ചതായും, കതക് തുറന്നയുടൻ ബഷീറിന്റെ മേൽ ആസിഡ് ഒഴിച്ച് ഓടി മറഞ്ഞെന്നുമാണ് ഭാര്യ സുബൈദയും പോലീസിന് മൊഴി നൽകിയത്. ഈ മൊഴി വിശ്വാസത്തിലെടുത്താണ് പ്രഥമ ഘട്ടത്തിൽ അന്വേഷണം മുന്നോട്ട് നീങ്ങിയത്.
മുഖത്തും നെഞ്ചിലും ഉൾപ്പെടെ ശരീരത്തിൽ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീർ ഏപ്രിൽ 22-ന്  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ആസിഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് ജില്ലയിൽ ഇതാദ്യമാണ്. സംഭവത്തിന് പിന്നിൽ അജ്ഞാതരാണെന്നാണ് മലപ്പുറത്ത് പ്രചരിച്ചിരുന്നത്. പോലീസ് മാധ്യമങ്ങളോട് പറഞ്ഞതും അങ്ങനെ തന്നെയായിരുന്നു. 
തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബഷീറിന് നല്ല സൗഹൃദ ബന്ധമുണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ ബഷീറിന്റെ കൊലപാതകിയെ കണ്ടെത്തണമെന്ന ജനകീയാവശ്യവും ശക്തമായിരുന്നു. അതേസമയം പോലീസ് കൊലയാളിക്ക് പിറകിലൂടെ പതുങ്ങി നീങ്ങുകയായിരുന്നുവെന്നത് പുറത്തറിയിച്ചതുമില്ല. കൊലയാളിയെ പരമാവധി വേഗത്തിൽ കണ്ടെത്തണമെന്ന യജ്ഞത്തിലായിരുന്നു അന്വേഷണ സംഘം.  

കെട്ടിച്ചമച്ച കഥ- പ്രതിയുടെ വക
ബഷീർ-സുബൈദ ദമ്പതിമാർക്ക് ഹന, ആസിഫലി, ഫാത്തിമാസന എന്നിങ്ങനെ മൂന്ന് മക്കളുണ്ടെങ്കിലും, സംഭവം നടക്കുമ്പോൾ ഭാര്യ സുബൈദ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആസിഡ് വീണ് ഗുരുതരമായി പരിക്കേറ്റ ബഷീറിനെ  സ്വയം വണ്ടിയോടിച്ച് സുബൈദ തന്നെയാണ് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതും. ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ബഷീറുമായി ബന്ധപ്പെട്ടിരുന്നവർ, ബന്ധുക്കൾ എന്നിവരെയെല്ലാം വിശദമായി ചോദ്യം ചെയ്തു. തൃശൂരിൽ നിന്നുള്ള സയന്റിഫിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ മലപ്പുറത്ത് സംഭവം നടന്ന വീട് വിശദമായ പരിശോധനയും നടത്തി. ഭർതൃ വിയോഗത്തിൽ അതീവ ദുഃ:ഖിതയായി കാണപ്പെട്ട സുബൈദ ഭർത്താവിനോട് വിരോധമുണ്ടായിരുന്ന താമരശ്ശേരി സ്വദേശികളായ മൂന്ന് പേരെക്കുറിച്ച് പോലീസിന് സൂചന നൽകി. ഇവരെയെല്ലാം വിളിച്ച് വരുത്തി ചോദ്യം ചെയ്ത പോലീസിന് ഇവർക്കൊന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. പിന്നീട് മലപ്പുറത്തെ ഒരു പഴക്കച്ചവടക്കാരനെ സംശയമുണ്ടെന്നായി സുബൈദ. നടപടികളുടെ ഭാഗമായി അയാളേയും പോലീസ് ചോദ്യം ചെയ്തു. 
രാത്രി 11 മണിയോടെയാണ് ആസിഡ് ആക്രമണം ഉണ്ടായതെന്ന് സുബൈദ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പുലർച്ചെ 2 മണി കഴിഞ്ഞാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചതെന്ന് അവിടുത്തെ സി.സി.ടി.വി പരിശോധിച്ചതിലൂടെ പോലീസ് കണ്ടെത്തി. പരസഹായമില്ലാതെയാണ് ബഷീർ കാറിൽ നിന്നിറങ്ങി ആശുപത്രിക്കകത്തേക്ക് കേറുന്നത്. ഈ സമയം സുബൈദ കാറിന്റെ ഡിക്കി തുറന്ന് എന്തെല്ലാമോ എടുത്ത് സമീപത്തുള്ള തോട്ടിലേക്കെറിയുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്ന് കേവലം 5 മിനിറ്റിനകം വാഹനത്തിൽ ആശുപത്രിയിൽ എത്താമെന്നിരിക്കെ പുലർച്ചെ 2 മണി വരെ കാത്തിരുന്നത് എന്താനാണെന്ന പോലീസിന്റെ ചോദ്യത്തിന് മെനഞ്ഞുണ്ടാക്കിയ മറുപടിയാണ് സുബൈദ നൽകിയത്. യഥാർത്ഥത്തിൽ ഭർത്താവ് മരണത്തിൽനിന്ന് രക്ഷപ്പെടാതിരിക്കാനാണ് സുബൈദ ബോധപൂർവ്വം സമയം വൈകിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ എന്താണ് കാറിൽ നിന്നെടുത്ത് തോട്ടിലെറിഞ്ഞതെന്ന ചോദ്യം നിഷേധിച്ച സുബൈദക്ക് സി.സി.ടി.വിയുടെ കാര്യം കേട്ടതോടെ ഉത്തരംമുട്ടി. സ്വയം മെനഞ്ഞുണ്ടാക്കിയ കഥകളിൽ ഉറച്ച് നിൽക്കാൻ പരമാവധി ശ്രദ്ധ പുലർത്തിയെങ്കിലും പോലീസിന്റെ സമർഥമായ ചോദ്യങ്ങൾക്ക് മുന്നിൽ ഒടുവിൽ ഇവർ പതറുകയായിരുന്നു. സുബൈദക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയ ശേഷമാണ് പോലീസ് ഇവരെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.


സുബൈദയും ബഷീറും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. ഭർത്താവിനോട് ഒരുതരം തീരാപകയും ഇവർ പുലർത്തിയിരുന്നു. ഭർത്താവിനെ വക വരുത്തുന്നതിനായി 'സിദ്ധനായ' ഒരു മുസ്ലിയാരെ നേരത്തെ സുബൈദ  സമീപിച്ചിരുന്നു. പക്ഷേ ബുദ്ധിമാനായ സിദ്ധൻ ഭർത്താവിനെ സുബൈദയിലേക്ക് അടുപ്പിക്കാനുള്ള ചില കർമ്മങ്ങൾ ചെയ്യാമെന്നേറ്റു. എന്നാൽ അങ്ങനെ ഒരു സേവനം സുബൈദക്കാവശ്യമുണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ ഭർത്താവിന്റെ മുഖത്ത് സുബൈദ ചൂടുവെള്ളം ഒഴിച്ചിരുന്നു. അബദ്ധത്തിൽ പൊള്ളലേറ്റുവെന്നാണ് ബഷീർ നാണക്കേട് കാരണം സുഹൃത്തുക്കളോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നതും.
 ബഷീറിനെ കൊലപ്പെടുത്താനുള്ള പദ്ധതി സുബൈദ തന്നെയാണ് ആവിഷ്‌കരിച്ചത്. ഭർത്താവ് ഉറങ്ങുമ്പോൾ ദേഹത്ത് ആസിഡ് ഒഴിക്കാനാണ് പ്ലാനിട്ടത്. സംഭവത്തിന് തലേദിവസം മഞ്ചേരിയിലെ ഒരു കടയിൽനിന്ന് സുബൈദ ഒരു ലിറ്റർ ആസിഡ് വാങ്ങിച്ചിരുന്നു. റബ്ബർപാൽ സംസ്‌കരിക്കാനുപയോഗിക്കുന്ന ഫോർമിക് ആസിഡായതിനാൽ കടക്കാരൻ പ്രത്യേകിച്ച് ആശങ്കയൊന്നുമില്ലാതെ സുബൈദയ്ക്ക് ഒരു പ്ലാസ്റ്റിക്കാനിൽ ആസിഡ് നൽകുകയും ചെയ്തു. വീട്ടിലെത്തി ആസിഡ് മാറ്റി ഒഴിക്കാൻ പാകത്തിലുള്ള ബക്കറ്റും ഒരുക്കി വെച്ചു. സ്വാഭാവിക രീതിയിലാണ് സുബൈദ ഭർത്താവിനോടൊപ്പം ഉറങ്ങാൻ കിടന്നത്. ഭർത്താവ് ഉറക്കമായതോടെ ബക്കറ്റിൽ മാറ്റി വെച്ചിരുന്ന ആസിഡ് അയാളുടെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. നിലവിളിച്ച് കൊണ്ടുണർന്ന ഭർത്താവിനെ, വീടിന് പുറത്ത് ആരോ ഓടിപ്പോയതായി സുബൈദ വിളിച്ച് പറയുകയും ചെയ്തു.
 ബഷീറിന്റെ ദേഹത്ത് ആസിഡ് വീണ രീതി പരിശോധിച്ചപ്പോൾതന്നെ വിഷയത്തിൽ പോലീസിന് പന്തികേട് തോന്നിയിരുന്നു. ബഷീറിനോടൊന്നിച്ച് കിടന്നുറങ്ങിയ ഭാര്യ സുബൈദയുടെ ദേഹത്ത് എന്ത് കൊണ്ട് ആസിഡ് വീണില്ലെന്നാണ് പോലീസിന് സംശയത്തിനിട നൽകിയത്. പുറത്ത് നിന്ന് മറ്റാരെങ്കിലും കൃത്യം ചെയ്തതാണെങ്കിൽ സുബൈദയുടെ ദേഹത്തും പൊള്ളലേൽക്കുമായിരുന്നു. എന്നാൽ അതുണ്ടായിട്ടുമില്ല. സംഭ്രമജനകമായ കഥകൾ സുബൈദ കുറേ മെനഞ്ഞെങ്കിലും ഒന്നും ഫലിച്ചില്ല. ഓരോ കഥയും പോലീസ് പൊളിച്ചടുക്കുമ്പോഴും മറ്റൊരു കഥക്ക് രൂപം നൽകുകയായിരുന്നു ഇവർ. തുടരെയുണ്ടായ ചോദ്യം ചെയ്യലിൽ ഒടുവിൽ ഇവർക്ക് പിടിച്ച് നിൽക്കാനുമായില്ല. നടന്ന കാര്യങ്ങളെല്ലാം ഗത്യന്തരമില്ലാതെ സുബൈദ തുറന്ന് പറഞ്ഞു. പ്ലാസ്റ്റിക് ബക്കറ്റിൽ ആസിഡ് നിറച്ച് ഉറങ്ങിക്കിടന്ന ബഷീറിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നെന്ന് സുബൈദ സമ്മതിച്ചു. 
മഞ്ചേരിയിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ് സുബൈദ. 52-കാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഏഴാംനാൾ 48-കാരിയായ സുബൈദയുടെ കയ്യിൽ വിലങ്ങ് വീഴുകയും ചെയ്തു. ഡൽഹി നിർഭയ സംഭവത്തിന് ശേഷം ഐ.പി.സി ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്ത 326-എ വകുപ്പനുസരിച്ച് കേസെടുക്കുന്ന ജില്ലയിലെ ആദ്യത്തെ സംഭവമാണിത്. ആസിഡ് ആക്രമണം ജാമ്യമില്ലാ കുറ്റമാകുന്ന വകുപ്പാണിത്. ഉത്തരേന്ത്യൻ സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണം വർധിച്ച സാഹചര്യത്തിൽ കൊണ്ടുവന്ന വകുപ്പനുസരിച്ച് മലപ്പുറത്ത് ഒരു സ്ത്രീക്കെതിരെ തന്നെ പോലീസിന് കേസെടുക്കേണ്ടി വന്നു എന്ന പ്രത്യേകതയും ഈ സംഭവത്തിലുണ്ട്. അതിനപ്പുറം ഒരു പാട് ചോദ്യങ്ങൾ ഇവിടെ ബാക്കിയാവുന്നു. വേഷധാരണത്തിൽ മാന്യത പുലർത്തുന്ന ഈ പെൺക്രിമിനലുകൾക്ക് കുറ്റകൃത്യങ്ങൾ ഒളിച്ചുവെക്കാനുള്ള കേവലം മറ മാത്രമോ പർദ്ദയെന്ന് തുടങ്ങിയുള്ള നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് അവശേഷിക്കുന്നത്. 

Latest News