Sorry, you need to enable JavaScript to visit this website.

'ഇവിടെ എല്ലാം സംഗമിക്കും'

വിഴിഞ്ഞം ഇനിയും ശാന്തമായില്ല. കേന്ദ്ര സേനയെ വിളിക്കുന്നതിലെതിർപ്പില്ലെന്നാണ് കേരള സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. കോഴിക്കോടിന്റെ തീരദേശത്തും മറ്റൊരു വിഴിഞ്ഞത്തിനുള്ള പുറപ്പാടിലാണ് ചിലരെന്നാണ് സി.പി.എം ജില്ലാ നേതാവ് ആരോപിക്കുന്നത്. കോഴിക്കോടിന്റെ തെക്കേ കടപ്പുറത്തുള്ള പള്ളിക്കണ്ടി, കോതി, നൈനാം വളപ്പ് പോലുള്ള പ്രദേശങ്ങൾ ടി.വി കാണികൾക്കും പത്രവായനക്കാർക്കും സുപരിചിതമാണ്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ കാൽപന്ത് ഭ്രമം ലോക പ്രസിദ്ധമാണ്. ദോഹ ലോകകപ്പിന്റെ വാർത്തയ്ക്കിടെ അർജന്റീനയിലെ ടി.വി സ്റ്റേഷൻ വരെ ഇവിടത്തെ കാര്യം പരാമർശിക്കുകയുണ്ടായി. കണ്ണംപറമ്പ് ഖബറിടത്തിന്റെ മതിലിനോട് ചേർന്ന് റോഡരികിൽ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ടും പള്ളിക്കണ്ടി മൈതാനത്തെ ബിഗ് സ്‌ക്രീനിലെ അർജന്റീനയുടെ കളിയെ പ്രോത്സാഹിപ്പിക്കുന്നവരുടെ വികാര പ്രകടനവുമെല്ലാം ന്യൂസ് റീഡർ പരാമർശിച്ചു. ഖത്തറിലെ മലയാളികളുടെ ബൈറ്റ് കൂടി ചേർത്തായിരുന്നു അവരുടെ ഭാഷയിലെ വാർത്ത. എന്നാൽ കോഴിക്കോടിന്റെ തീരപ്രദേശങ്ങളിൽ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശം ഇപ്പോൾ കടുത്ത ആശങ്കയിലാണ്. മുംബൈ ധാരാവിയിലെ പോലെ അടുത്തടുത്ത് വീടുകളുള്ള ഈ പ്രദേശത്ത് നഗരസഭ ഒരു വൻകിട വികസന പദ്ധതി കൊണ്ടുവരികയാണ്. ശുചി മുറി മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള എസ്.ടി.പിയാണ് പ്രദേശവാസികൾക്കുള്ള സമ്മാനം. ബലം പ്രയോഗിച്ച് ഇത് നടപ്പാക്കുമെന്നാണ് പറയുന്നത്. അനുദിനം വികസിക്കുന്ന നഗരത്തിന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർബന്ധമാണെങ്കിൽ മിനി ബൈപാസിൽ കണ്ടൽക്കാടുകളുള്ള ആളൊഴിഞ്ഞ സ്ഥലത്തോ മറ്റോ സ്ഥാപിക്കാവുന്നതേയുള്ളു. ഇവിടെ കളി കമ്പക്കാർ കാത്തിരുന്നത് മിനി സ്റ്റേഡിയം. കോർപറേഷന്റേതായി വരുന്ന സാധനം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ദുബായിൽ ഇതു പോലൊരു പ്ലാന്റിൽ ജോലി ചെയ്യുന്ന കല്ലായിക്കാരനായ പ്രവാസിയുടെ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പാറി പറക്കുന്നുണ്ട്. ഇയാൾ ജോലി ചെയ്യുന്നത് യു.എ.ഇയിലെ എസ്.ടി.പി പ്ലാന്റിൽ. ഗൾഫ് രാജ്യങ്ങളിൽ വളരെ അപൂർവമായേ വൈദ്യുതി വിതരണം തടസ്സപ്പെടാറുള്ളു. എന്നിട്ടും ഒരിക്കൽ പ്ലാന്റിന് മുകളിൽ കുടുങ്ങിയപ്പോൾ ശ്വാസം മുട്ടിയ കാര്യം ഇയാൾ പറയുന്നു. ഓപ്പറേറ്ററായി ജോലി ചെയ്യുമ്പോൾ 1600 ദിർഹം മുടക്കി ഓരോ ആറ് മാസവും വാക്്‌സിനേറ്റ് ചെയ്യണമത്രെ. ഇയാളുടെ സഹപ്രവർത്തകനായ തമിഴ്‌നാട്ടുകാരൻ ഇത്രയും വലിയ തുക മുടക്കുന്നതിലെ വിഷമം കാരണം വാക്്‌സിനേറ്റ് ചെയ്തില്ല. സോറിയാസിസ് എന്ന വരട്ടുചൊറി വന്ന് ജോലി ചെയ്യാനായില്ലെന്നും ഓഡിയോയിൽ പറയുന്നു. ഇതിന്റെയെല്ലാം ശാസ്ത്രീയ വശം പറയേണ്ടത് പരിസ്ഥിതി-ആരോഗ്യ രംഗങ്ങളിലെ വിദഗ്ധന്മാരാണ്. കോഴിക്കോട്ട് തെക്കേപ്പുറത്ത് ഇതാ വികസനത്തിന്റെ യുഗപ്പിറവി വന്നെത്തിയിരിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വിളിച്ചു കൂവുന്ന പാണന്മാരല്ല. 
*** *** ***          
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ മുഖമുദ്ര പതിവായി തുടരുന്ന യു-ടേണുകളാണ്. ഇതിൽ ചിലതെല്ലാം പൊതു സമൂഹത്തെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. അത്തരത്തിലൊന്നാണ് കെ-റെയിൽ. സ്ഥലമേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇപ്പോൾ ഗോ റ്റു യുവർ ക്ലാസസ് എന്നു കൽപിച്ചിരിക്കുകയാണല്ലോ. 
സിൽവർ ലൈനിൽ നിന്ന് സംസ്ഥാന സർക്കാർ തത്ക്കാലത്തേക്ക് പിന്മാറിയെങ്കിലും, കെ റെയിലിന്റെ ഫേസ്ബുക്ക് പേജിൽ പദ്ധതി അതിവേഗം പുരോഗമിക്കുകയാെണന്നാണ് പറയുന്നത്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു പരസ്യം വന്നിരിക്കുന്നത്.
'പദ്ധതി ഇല്ലാതായിട്ടില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർദ്ധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി...കേരളം കുതിക്കട്ടെ സിൽവർലൈനിൽ...- എന്നാണ് പരസ്യത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പരസ്യത്തിന് താഴെ ട്രോളുകളും വിമർശനങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. 'കൂടെ ബാറ്റ് ചെയ്തവരെല്ലാം റണ്ണൗട്ടായിട്ടും ഗ്രൗണ്ടിൽ തന്നെ പ്രതീക്ഷയോടെ ഇരിക്കുന്ന അഡ്മിൻ ആണെന്റെ ഹീറോ', 'ചത്ത കുട്ടിയുടെ ജാതകം ഇനിയും നോക്കണോ'- തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 
വടകരയിൽ ജില്ലാ യുവജനോത്സവത്തിന്റെ തിരക്കായിരുന്നു പിന്നിട്ട വാരത്തിൽ. നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള വേദികളിൽ എല്ലാം ഭംഗിയായി പര്യവസാനിച്ചു. ഇതിനിടയ്ക്ക് വ്യാഴാഴ്ച കോടതിക്കടുത്തുള്ള പീടികകൾക്ക് മുമ്പിൽ രണ്ടു മൂന്ന് പേർ കാര്യമായി രാഷ്ട്രീയം പറയുകയാണ്. കുറച്ച് ഉച്ചത്തിലായതിനാൽ ഇതിരൊലാളുടെ കമന്റ് വഴിയേ പോകുന്നവർക്കെല്ലാം കേൾക്കാമായിരുന്നു. അതിങ്ങനെ- ഇവിടെ എല്ലാം സംഗമിക്കും, താഴെ വാട്ടർ മെട്രോ, മുകളിൽ മെട്രോ, അതിനും മുകളിൽ സിൽവർ ലെയിൻ... 
മുഖ്യമന്ത്രിയുടെ തൃക്കാക്കര പ്രസംഗത്തെയാണ് വടകരക്കാർ പോലും ട്രോളുന്നത്. 
*** *** ***
ദേശീയ ചാനലുകളിൽ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു എൻഡിടിവി. പ്രത്യേകിച്ച് അവരുടെ ന്യൂസ് ബുള്ളറ്റിനുകൾ. അദാനിയുടെ ഇടപെടൽ അവിടെയും പൊട്ടലും ചീറ്റലിനുമിടയാക്കി. എൻഡിടിവിയുടെ സ്ഥാപകരും പ്രൊമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡെന്ന  എൻ.ഡി.ടി.വിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നാണ് രണ്ടാളും  രാജിവെച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യക്കും കൈമാറിയ റെഗുലേറ്ററി ഫയലിങ് രേഖയിൽ ഇരുവരുടെയും രാജി സ്വീകരിച്ചതായി  എൻ.ഡി.ടി.വി വ്യക്തമാക്കി.  ഈ ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ അടിയന്തര പ്രാധാന്യത്തോടെ നിയമിക്കുമെന്നും ചാനൽ വ്യക്തമാക്കി.  എൻ.ഡി.ടി.വിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 85 കോടി രൂപയായിരുന്നു.
ഐസിഐസിഐ ബാങ്കിൽ നിന്ന് ആർആർപിആർ എടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ൽ വിശ്വപ്രധാൻ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. ആർആർപിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വച്ചാണ് വായ്പയെടുത്തത്. പിന്നീട് വിശ്വപ്രധാൻ അദാനി ഗ്രൂപ്പിന്റെ ഭാഗമായി. കടമെടുത്ത തുകയ്ക്ക് പകരം ആർആർപിആറിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് വളരെ വിദഗ്ധമായി അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.  55.18 ശതമാനം ഓഹരിയോടെ അദാനി ഗ്രൂപ്പിന് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. 
ഈ രണ്ടു പേർക്കു പിന്നാലെ പ്രമുഖ മാധ്യമപ്രവർത്തകൻ രവിഷ് കുമാറും എൻഡിടിവി വിട്ടു. രവിഷ് കുമാർ എൻഡിടിവിയിലെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനമാണ്  രാജി വെച്ചത്. ഇന്ത്യയിലെ ഏറ്റവും മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളാണ് രവിഷ് കുമാർ. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾ ഭരണകൂടത്തിന ് വഴങ്ങുന്നുവെന്ന ആരോപണങ്ങൾക്കിടെ വേറിട്ട് നിന്ന ചാനലും മാധ്യമപ്രവർത്തകനുമായാണ് എൻഡിടിവിയേയും രവിഷ് കുമാറിനേയും വിലയിരുത്തുന്നത്. ഹം ലോഗ്, രവിഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം അടക്കം എൻഡിടിവിയിലെ പ്രധാനപ്പെട്ട പരിപാടികളുടെ അവതാരകനായിരുന്നു രവിഷ് കുമാർ. സാധാരണക്കാരായ ആളുകളെ ബാധിക്കുന്ന വിഷയങ്ങൾ മുന്നോട്ട് കൊണ്ട് വരുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.  രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേർണലിസം, രമൺ മഗ്സസെ പുരസ്‌ക്കാരം എന്നിവ 2019ൽ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ചാനൽ വിട്ട രവീഷിന്റെ യുട്യൂബ് ചാനലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷം പിന്നിട്ടിരിക്കുകയാണ് രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ സബ്സ്‌ക്രിപ്ഷൻ. തന്റെ മേൽവിലാസം ഇനി ഇവിടെയാണെന്ന് അറിയിച്ച രവീഷ് കുമാർ യൂട്യൂബ്, ട്വിറ്റർ പേജുകളിലൂടെ പ്രേക്ഷക പിന്തുണ തേടിയിരുന്നു.
*** *** ***
ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർമാനും ഇസ്രായിൽ സംവിധായകനുമായ നദാവ് ലാപിഡ് കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിന് ഇടയാക്കി.  പ്രചാരവേലയ്ക്കു വേണ്ടിയുള്ള അശ്‌ളീല ചിത്രമാണിതെന്നും ഇത് മത്സര വിഭാഗത്തിൽ തിരുകിക്കയറ്റിയെന്നുമായിരുന്നു ലാപിഡിന്റെ വിമർശനം. 
53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് ലാപിഡ് പരസ്യ വിമർശനം ഉന്നയിച്ചത്. രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ ചർച്ചയ്ക്കും വഴിവച്ചു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീർ ഫയൽസ്. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി- അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമർശം. ഇസ്രായിൽ എന്നു കേട്ട ഉടനെ ക്ഷണിച്ചതാവാനാണ് സാധ്യത. ഇതിപ്പോൾ ജഗതി സിനിമയിൽ പറഞ്ഞത് പോലെയായി കാര്യങ്ങൾ-എന്റെ ഇസ്രായിൽ ഇങ്ങിനെയല്ലെന്ന് ആശ്വസിക്കാം. 
*** *** ***
മരിച്ചുവെന്ന വ്യാജ വാർത്തയ്‌ക്കെതിരെ പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ. വ്യാജ വാർത്ത പരന്നതോടെ നിരവധി പേരാണ് വിളിക്കുന്നതെന്നും ഇതിന് പിന്നാലെ പോകാൻ സമയം ഇല്ലെന്നും മധു മോഹൻ പ്രതികരിച്ചു. വാർത്ത അറിഞ്ഞ് വിളിക്കുന്നവരോടെല്ലാം മധു മോഹൻ തന്നെയാണ് ഫോണെടുത്ത് പ്രതികരിക്കുന്നത്. താൻ മധു മോഹൻ തന്നെയാണ്, മരിച്ചിട്ടില്ല എന്ന വാക്കുകളോടെയാണ് ഫോണുകൾ അറ്റന്റ് ചെയ്യുന്നതെന്നും മധു മോഹൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ വാർത്ത പടച്ച് വിട്ടിരിക്കുകയാണ്. ചെയ്തത് തെറ്റ് തന്നെയാണ്. വാർത്തയ്ക്ക് പിന്നിലെ സത്യം അന്വേഷിക്കാതെ ഇത്തരം വാർത്തകൾ മാധ്യമങ്ങൾ നൽകുന്നത് ശരിയല്ലെന്നും മധു മോഹൻ പറഞ്ഞു. താൻ ചെന്നൈയിൽ ജോലി തിരക്കിലാണ്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നടൻ മധു മോഹൻ മരിച്ചെന്ന നിലയിലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നത്. മധു മോഹന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്നായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. പിന്നാലെ തന്നെ മാധ്യമങ്ങൾ വാർത്ത പിൻവലിക്കുകയായിരുന്നു.
*** *** ***
ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ അതിർത്തിയിലെ പട്ടാളക്കാരൻ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്ന കഥയുണ്ട്. ഇയാൾ ടൗണിലെ എടിഎമ്മിൽ നിന്ന് നിത്യേന നൂറ് രൂപ വീതം പിൻവലിക്കും. എന്നും ഇങ്ങിനെ ചെയ്യുന്നത് ശ്രദ്ധിച്ചൊരാൾ എന്നാൽ കുറച്ചധികം പണം പിൻവലിച്ചാൽ നിത്യേന വരുന്നതൊഴിവാക്കാമല്ലോയെന്ന്  ചോദിച്ചു. അതിന് പട്ടാളക്കാരൻ പറഞ്ഞ മറുപടി ഇങ്ങനെ-ഞാൻ പണമെടുക്കുമ്പോഴെല്ലാം  മെസേജ് ചെല്ലുന്നത് നാട്ടിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കാണ്. ഞാൻ ജീവനോടെയുണ്ടെന്ന അവൾക്കറിയാൻ ഇതുപകരിക്കും. സൈനികർക്ക് ഇങ്ങിനെയൊക്കെയാവാം. കോഴിക്കോട് കോർപറേഷന്റെ പതിനഞ്ച് കോടിയോളം രൂപയാണ് ദേശസാൽകൃത ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പാവങ്ങളൊന്നുമറിഞ്ഞില്ല. നൂറ് രൂപ പിൻവലിച്ചാൽ പോലും നമുക്കൊക്കെയും ഒരു മടിയും കൂടാതെ എസ്.എം.എസ് അയക്കുന്ന ബാങ്കുകാർ കോർപറേഷനോട് ചെയ്തത് കടുത്ത അനീതിയാണ്. 

Latest News