ലോകകപ്പിനെ ജനകീയമാക്കുന്ന മാന്ത്രിക കരങ്ങൾ

ഫുട്‌ബോൾ ഇതിഹാസം പെലെയുമായി നേരിട്ട് ഇടപഴകാൻ 
അവസരം ലഭിച്ചത് ഡോ. ഖാന്റെ മനസ്സിൽ ഇന്നും തിളക്കമാർന്ന 
ഓർമ്മയാണ്. ബ്രസീൽ ലോകകപ്പിൽ എമിറേറ്റ്‌സ് എയർലൈൻസിന്റെ
ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് പെലെ ആയിരുന്നു. 
എമിറേറ്റ്‌സിനുവേണ്ടി പെലെയെ ഉൾക്കൊള്ളിച്ചുകൊണ്ട് മീഡിയാ പ്ലാനിംഗ്, 
ഫോട്ടോ ഷൂട്ട്, വിഷ്വലൈസിംഗ്, ഡിസൈനിംഗ്, പ്രൊഡക്ഷൻ തുടങ്ങി 
എല്ലാ കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് ഖാൻസ് മീഡിയ സിറ്റിയായിരുന്നു. 
ഇത്തരം അവസരങ്ങളിൽ പെലെയുമായി കൂടുതൽ അടുക്കാനും 
ഡോ. ഖാന് അവസരം ലഭിച്ചു.

ലോകമൊട്ടാകെ കാൽപന്തുകളിയുടെ ആരവത്തിൽ ആണ്ടുമുങ്ങുമ്പോൾ ഈ കേരളക്കരയും ആഹ്ലാദത്തിമിർപ്പിലാണ്. തങ്ങളുടെ ഇഷ്ടതാരങ്ങൾ മൈതാനങ്ങളിൽ പൊരുതിമുന്നേറുമ്പോൾ നെഞ്ചിൽ നെരിപ്പോടുമായി പാതിരാവോളം ടെലിവിഷനുമുന്നിൽ കാത്തിരിക്കുന്ന മലയാളികളെയാണ് എവിടെയും കാണുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുകയാണ് ഈ കായികമാമാങ്കം. കാരണം ഫുട്‌ബോൾ അവർക്ക് ഒരു വികാരമാണ്. ആ വികാരം ഹൃദയത്തിലേറ്റുവാങ്ങിയാണ് അവർ ഓരോ കളിയും കണ്ടുതീർക്കുന്നത്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഈ കായികമാമാങ്കത്തിൽ നാടും നഗരവുമെല്ലാം ഒരുപോലെ ഉത്സവത്തിലാറാടുകയാണ്.
2010, 2014, 2018, 2022 തുടങ്ങിയ നാലു ലോകകപ്പുകളുടെ അണിയറയിൽ പ്രവർത്തിക്കാൻ സൗഭാഗ്യം ലഭിച്ച ഒരു സവിശേഷവ്യക്തിത്വം മലപ്പുറം ജില്ലയിലുണ്ട്. ഡോ. മുഹമ്മദ് ഖാൻ. ഖാൻസ് മീഡിയ സിറ്റിയുടെ അമരക്കാരനായ ഇദ്ദേഹമാണ് ലോകകപ്പിന്റെ പ്രചാരണത്തിനായി മുൻപന്തിയിലുള്ളത്. ലോകകപ്പിന്റെ വിപണനമേഖല, ലിഖിത ലക്ഷണ വിദ്യകൾ, ഔദ്യോഗിക പത്രിക, പരസ്യങ്ങൾ തുടങ്ങിയവ തയ്യാറാക്കുകയും ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കുകയാണദ്ദേഹം. ലോകകപ്പിനെ ജനങ്ങളോടു ചേർത്തുനിർത്തുന്ന കർമ്മപഥത്തിൽ ഖാൻസ് മീഡിയ സിറ്റിയുടെ പങ്ക് വളരെ വലുതാണ്. വേണ്ട മാർഗ്ഗനിർദ്ദേശങ്ങളുമായി ഇതിനെല്ലാം ചുക്കാൻ പിടിക്കുകയാണ് ഡോ. മുഹമ്മദ് ഖാൻ.
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച ഡോ. ഖാൻ സർക്കാർ സ്‌കൂൾ പഠനത്തിനുശേഷം ഗവൺമെന്റ് ആർട്‌സ് കോളേജിൽനിന്നുമായിരുന്നു ബിരുദപഠനം പൂർത്തിയാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനത്തിനുശേഷം ഫോട്ടോഗ്രഫിയിൽ ഉപരിപഠനം നടത്തി. യൗവനകാലത്ത് സിനിമാ നടനാകുകയായിരുന്നു ലക്ഷ്യം. അതിനായി നൃത്തം അഭ്യസിച്ചു. പിന്നീട് സിനിമാ ലൊക്കേഷനുകളിലെ ഫോട്ടോഗ്രാഫറായി. ആനുകാലിക സിനിമാ മാസികയിലും ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. സിനിമ ടുഡെ, ഫിലിം സ്റ്റാർ തുടങ്ങിയ സിനിമാ മാസികകൾ പ്രസിദ്ധീകരിച്ചെങ്കിലും തുടർന്നില്ല. പിന്നീടാണ് ഖാൻസ് മീഡിയ മാർക്കറ്റിംഗിലേയ്ക്കു ചുവടുമാറ്റുന്നത്.
കാൽപന്തുകളിയെ പ്രണയിച്ച ബാല്യം. പെരുവള്ളൂർ ഗ്രാമമാകട്ടെ ഫുട്‌ബോളിന് പേരുകേട്ട സ്ഥലമായിരുന്നു. നാട്ടിൻപുറങ്ങളിലെ മൈതാനങ്ങളിൽ ഫുട്‌ബോൾ കളിച്ചുനടന്ന കുട്ടിക്കാലം ഇന്നും ഡോ. ഖാന്റെ മനസ്സിലുണ്ട്. അക്കാലത്ത് സെവൻസ്, ഇലവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റുകൾ നാട്ടിൽ സജീവമായിരുന്നു. ആഫ്രിക്കൻ രാജ്യമായ സുഡാനിലെയും നൈജീരിയയിലെയും കളിക്കാർ പോലും ഞങ്ങളുടെ നാട്ടിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നു. അവരെപ്പോലെ നല്ലൊരു കളിക്കാരനാകണമെന്ന് ഞാനും പലപ്പോഴും സ്വപ്‌നം കണ്ടു. എന്നാൽ ഒരു പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരനുവേണ്ട ശക്തിയും ഊർജവും പോരാ എന്നു തോന്നിയതുകൊണ്ട് കളിക്കളത്തിൽനിന്നും വഴിമാറി സഞ്ചരിക്കുകയായിരുന്നു. എന്നിരുന്നാലും കായികരംഗത്തെ താല്പര്യം അവസാനിപ്പിച്ചിരുന്നില്ല. സാമുദായിക രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകാതെ കളിക്കളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫുട്‌ബോളിനു  കഴിയുമെന്ന് മനസ്സിലാക്കിയ കാലംതൊട്ടേ ഫിഫയുമായും ഐ.ഒ.സിയുമായും പ്രവർത്തിക്കണമെന്ന മോഹമുണ്ടായിരുന്നു. ആ സ്വപ്‌നമാണ് ഇപ്പോൾ സാഫല്യത്തിലെത്തിയിരിക്കുന്നത്.


ഏർപ്പെടുന്ന ഏതു കാര്യവും വിജയപഥത്തിലെത്തിക്കാനുള്ള ഡോ. മുഹമ്മദ് ഖാന്റെ മിടുക്ക് വേറെതന്നെയാണ്. തങ്ങളുടെ മേഖലകളിൽ അശ്രാന്ത പരിശ്രമം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ മഹാരഥന്മാർക്കൊപ്പമാണ് ഖാന്റെ സ്ഥാനം. 2003 ൽ കേരളത്തിൽ ഒരു ചെറിയ മീഡിയ മാർക്കറ്റിംഗ് സംരംഭം നടത്തിപ്പോന്നിരുന്ന കാലത്താണ് അദ്ദേഹത്തിന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതിന് മികച്ച സംഘാടകനായും മികച്ച ഫോട്ടോഗ്രാഫറായും മികച്ച മാധ്യമപ്രവർത്തകനായുമെല്ലാമുള്ള അംഗീകാരം ഡോ. ഖാനെ തേടിയെത്തി. അന്നത്തെ സമാപന സമ്മേളനത്തിലെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു എമിറേറ്റ്‌സ് എയർലൈൻസ് ചെയർമാനായ ഷെയ്ക്ക് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം. അദ്ദേഹവുമായുള്ള അടുപ്പം എമിറേറ്റ്‌സ് എയർലൈൻസ് എയർബസ് 380 ന്റെ ഗ്രാഫിക്‌സ് സംബന്ധമായ ജോലികൾക്ക് അവസരം നൽകി. അതോടെ എമിറേറ്റ്‌സ് എയർലൈൻസിന്റെ ഭാഗമാകാനും കഴിഞ്ഞു. 2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാരായ എമിറേറ്റ്‌സ് എയർലൈൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ലോകകപ്പിലേയ്ക്കുള്ള ചുവടുവയ്പിന് കളമൊരുക്കിയത്.
എമിറേറ്റ്‌സ് എയർലൈൻസിനോടൊപ്പമുള്ള പ്രവർത്തനങ്ങൾക്കിടയിൽ ലോകമെമ്പാടും സഞ്ചരിക്കാനും അതുവഴി വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമായി ഇടപഴകാനും ഡോ. ഖാന് അവസരം ലഭിക്കുകയായിരുന്നു. ഇതിൽനിന്നെല്ലാമുള്ള ആർജവം ഉൾക്കൊണ്ടാണ് തനിക്കു ലഭിക്കുന്ന ഓരോ ചുമതലകളും ആവശ്യക്കാരന് വേണ്ട രീതിയിൽ ഭംഗിയായി നിർവ്വഹിക്കാനുള്ള കരുത്ത് പകരുന്നതെന്നും അദ്ദേഹം പറയുന്നു.
2010 നുശേഷം നടന്ന ലോകകപ്പുകളിലും ഡോ. ഖാന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പല ദേശങ്ങളിലെയും പ്രചാരണ പരിപാടികൾക്കൊപ്പം റോഡ് ഷോകളും മറ്റും ഖാൻസ് മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുപോന്നു. ലോകത്തിലെ ആദ്യ ബ്രാൻഡിങ് എയർ ക്രാഫ്റ്റ് ആയി എയർബസ് 380 മാറിയതും അദ്ദേഹത്തിന്റെ ആശയത്തിൽനിന്നായിരുന്നു.
2014 ലെ ബ്രസീൽ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കാ ലോകപ്രസിദ്ധമാകാൻ നിമിത്തമായതും ഡോ. ഖാന്റെ ശ്രമഫലമായിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു രണ്ടുവർഷം മുൻപുതന്നെ വിദഗ്ദ്ധരുമൊത്ത് ബ്രസീലിലെത്തി അണിയറപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. റെയിൻബോ എന്ന കമ്പനി 2006 ൽ പുറത്തിറക്കിയ വക്കാ വക്കാ എന്ന ഗാനം വൻപരാജയമായിരുന്നു. എന്നാൽ ഡോ. ഖാനിലെ കലാമനസ്സ് ഉണർന്നപ്പോൾ ആ ഗാനത്തിന്റെ മാസ്മരിക സൗന്ദര്യം തിരിച്ചറിയുകയായിരുന്നു. കൊളംബിയയിലെത്തി ഷക്കീറ എന്ന പോപ്പ് ഗായികയെക്കൊണ്ട്  ആഫ്രിക്കൻ ശൈലിയിലുള്ള സംഗീത ഉപകരണങ്ങൾ ചേർത്തു മാറ്റി ചിട്ടപ്പെടുത്തിയതും ചടുലതാളങ്ങളോടെ നൃത്തചുവടുകളുമായി വീഡിയോ പുറത്തിറങ്ങിയതുമെല്ലാം ചരിത്രസംഭവമാണ്. ഷക്കീറയുടെ ജീവിതംപോലും മാറ്റിമറിക്കുകയായിരുന്നു ഈ ഗാനം. ലോകകപ്പ് തുടങ്ങുന്നതിനും ഒരു വർഷം മുൻപ് ഈ ഗാനം സൗജന്യമായി ലോകം മുഴുവൻ കേൾപ്പിച്ച് സൂപ്പർഹിറ്റാക്കുകയായിരുന്നു. ലോകകപ്പിന്റെ പ്രചാരണത്തിന് മുതൽക്കൂട്ടായ ഈ ഗാനം ഇന്നും പാടിനടക്കുകയാണ് ഫുട്‌ബോൾ പ്രേമികൾ.
ഫുട്‌ബോൾ ഇതിഹാസം പെലെയുമായി നേരിട്ട് ഇടപഴകാൻ അവസരം ലഭിച്ചത് ഡോ. ഖാന്റെ മനസ്സിൽ ഇന്നും തിളക്കമാർന്ന ഓർമ്മയാണ്. ബ്രസീൽ ലോകകപ്പിൽ എമിറേറ്റ്‌സ് എയർലൈൻസിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് പെലെ ആയിരുന്നു. എമിറേറ്റ്‌സിനുവേണ്ടി പെലെയെ ഉൾക്കൊള്ളിച്ചുകൊണ്ട് മീഡിയാ പ്ലാനിംഗ്, ഫോട്ടോ ഷൂട്ട്, വിഷ്വലൈസിംഗ്, ഡിസൈനിംഗ്, പ്രൊഡക്ഷൻ തുടങ്ങി എല്ലാ കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് ഖാൻസ് മീഡിയ സിറ്റിയായിരുന്നു. ഇത്തരം അവസരങ്ങളിൽ പെലെയുമായി കൂടുതൽ അടുക്കാനും ഡോ. ഖാന് അവസരം ലഭിച്ചു. ഒടുവിൽ സ്‌നേഹസമ്മാനമായി പെലെയുടെ കൈയൊപ്പിട്ട ഫിഫയുടെ ഔദ്യോഗിക ഫുട്‌േബാൾ പെലെ ഡോ. ഖാന് സമ്മാനിക്കുകയും ചെയ്തു.
2016 ലെ റിയോ ഒളിമ്പിക്‌സിൽ ഈ ഗാനത്തിന്റെ മറ്റൊരു പതിപ്പ് ഇറക്കാനും തൊട്ടടുത്ത ലോകകപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക ഗാനമായ ലാ ലാ ലാ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കാനും ഖാൻ മീഡിയ സിറ്റിക്ക് കഴിഞ്ഞു. തുടർച്ചയായി നാല് ലോകകപ്പുകളുടെ ഭാഗമാകാൻ കഴിയുക എന്നത് അപൂർവ്വ ഭാഗ്യമാണ്. അർപ്പണ മനോഭാവവും ഇച്ഛാശക്തിയും നവീന ആശയങ്ങളും ഉൾചേർന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഡോ. ഖാന് ഈ അസുലഭഭാഗ്യം കൈവരിക്കാൻ കഴിഞ്ഞത്.
ലോകകപ്പിലെ പങ്കാളിത്തംകൊണ്ട് തന്നെ ലോകം തിരിച്ചറിയുന്നുണ്ടെങ്കിലും അതിലേറെ സന്തോഷം പകരുന്നത് ഫുട്‌ബോൾ എന്ന ഒരേയൊരു വികാരത്തിന് കീഴിൽ ഒരുപോലെ സന്തോഷിക്കുന്ന ലോകം എന്ന വലിയൊരു കുടുംബം തനിക്കു ചുറ്റുമുണ്ടെന്ന തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എമിറേറ്റ്‌സ് എയർലൈൻസ്, ടാഗ് ഹ്യൂവർ, അർമാനി ഗ്രൂപ്പ് തുടങ്ങി നാല്പതോളം ബിസിനസ് സംരംഭങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഖാൻസ് മീഡിയ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി സംരംഭങ്ങളുടെ ഭാഗമായി എപ്പോഴും പ്രവർത്തനനിരതനായിരിക്കാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം പറയുന്നു. ലോകസമാധാനത്തിനും മാനവസമൂഹത്തിന്റെ ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള സമാധാന കൗൺസിലിന്റെ ഭാഗമായും ഡെനിസ് വേൾഡ് എന്ന സംഘടനയുടെ സെക്രട്ടറി ജനറൽ സ്ഥാനത്ത്, പീസ് ഓഫ് പാൻജിയ എന്ന പ്രോജക്ടിന്റെ ഭാഗമായും പ്രവർത്തിച്ചുവരികയാണ്. സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന സംഘടനയാണ് ഡെനിസ് വേൾഡ്. എമിറേറ്റ്‌സ് ജപ്പാൻ, എമിറേറ്റ്‌സ് ബ്രസീൽ തുടങ്ങിയ നിരവധി വികസനപദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
രാജ്യത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ച പ്രവാസി വ്യവസായികൾക്കു നൽകുന്ന പ്രവാസിരത്‌ന പുരസ്‌കാരത്തിന് അദ്ദേഹം അർഹനായിരുന്നു. കൂടാതെ സ്വച്ച് ഭാരത്, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ആസാദി കാ ഭാരത് മഹോത്സവ് തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാരത് മഹാൻ ബഹുമതിക്കും അദ്ദേഹം അർഹനായി. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച മീഡിയ പ്രമോഷനുള്ള ഒളിമ്പിക് മീഡിയ ഗോൾഡ് മെഡലിനും വ്യവസായരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള മഹാരാഷ്ട്ര ഗവർണ്ണറുടെ ഡോ. എ.പി.ജെ അബ്ദുൾകലാം അവാർഡിനും ഡോ. മുഹമ്മദ് ഖാൻ അർഹനായിരുന്നു. കൂടാതെ ടോക്കിയോ ആസ്ഥാനമായുള്ള കൗൺസിൽ ഓഫ് യൂണിവേഴ്‌സൽ പീസിന്റെ വേൾഡ് പീസ് ലീഡർ അവാർഡിനും അർഹനായി. ലോക സമാധാന ദിനമായ സെപ്തംബർ ഇരുപതിനായിരുന്നു ഈ അംഗീകാരം ഡോ. അഹമ്മദ് ഖാനെ തേടിയെത്തിയത്.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സഹായകമായി ഭവിച്ചത് പകരംവയ്ക്കാനില്ലാത്ത പ്രവർത്തനശൈലിയാണ്. ലാഭേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങളും ലോകസമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങളും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. സ്വന്തം മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനുള്ള അംഗീകാരമായാണ് മലേഷ്യ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചത്. ചിട്ടയായ പരിശ്രമവും കഠിനപ്രയ്തനവുംകൊണ്ട് ഉയരങ്ങൾ കീഴടക്കാൻ പുതുതലമുറയ്ക്കുള്ള ഉദാത്ത മാതൃകയാണ് ഡോ. മുഹമ്മദ് ഖാന്റെ ജീവിതം.

Latest News