Sorry, you need to enable JavaScript to visit this website.

തോറ്റെങ്കിലും സ്പെയിൻ അകത്ത്, ജർമനി പുറത്ത്

ദോഹ ∙ ജയിച്ചെങ്കിലും ജർമനി പുറത്ത്. തോറ്റെങ്കിലും സ്പെയിൻ അകത്ത്. ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഇന്ന് കൗതുകങ്ങളുടെ ദിനം.


ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ സ്പെയിനെ അട്ടിമറിച്ചത്. ജപ്പാനോടു തോറ്റെങ്കിലും, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നുകൂടി. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സ്പെയിനെ വീഴ്ത്തിയത്. പകരക്കാരനായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. സ്പെയിനിന്റെ ഗോൾ ആദ്യപകുതിയിൽ അൽവാരോ മൊറാട്ട (11–ാം മിനിറ്റ്) നേടി.

സ്പെയിൻ ആദ്യ ഗോൾ: ആദ്യ മിനിറ്റു മുതൽ സ്പാനിഷ് ഗോൾമുഖം ആക്രമിച്ച് ജപ്പാൻ നയം വ്യക്തമാക്കിയതിനു പിന്നാലെയാണ് സ്പെയിൻ ലീഡ് നേടിയത്. ജപ്പാൻ ബോക്സിലേക്ക് എത്തിയ സ്പാനിഷ് മുന്നേറ്റത്തിനൊടുവിൽ ജപ്പാൻ പ്രതിരോധം രക്ഷപ്പെടുത്തിയ പന്ത് ബോക്സിനു പുറത്ത് വലതുവിങ്ങിൽ സെസാർ അസ്പിലിക്വേറ്റയിലേക്ക്. താരം ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസിൽ ഉയർന്നുചാടി തലവച്ച മൊറാട്ട പന്തിന് വലയിലേക്ക് വഴികാട്ടി. സ്കോർ 1–0

ജപ്പാൻ സമനില ഗോൾ: ആദ്യപകുതിയിൽ പന്തടക്കത്തിൽ ഏറെ പിന്നിലായിപ്പോയെങ്കിലും, കിട്ടിയ അവസരങ്ങളിലെല്ലാം സ്പെയിനെ വിറപ്പിച്ച ജപ്പാന്, രണ്ടാം പകുതിയിലാണ് അതിന്റെ പ്രതിഫലം ലഭിച്ചത്. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാൻ ലീഡു നേടി. സ്പെയിനിന്റെ പ്രതിരോധപ്പാളിച്ചയിൽ നിന്നായിരുന്നു ജപ്പാന്റെ ആദ്യ ഗോളിന്റെ പിറവി. 46–ാം മിനിറ്റിൽ ടാകെ കുബോയ്ക്കു പകരമിറങ്ങിയാണ് റിറ്റ്സു ഡൊവാൻ ജപ്പാനായി ലക്ഷ്യം കണ്ടത്. സ്പാനിഷ് പ്രതിരോധത്തിന്റെ പിഴവിൽനിന്ന് ബോക്സിനു സമീപത്തായി പന്തു ലഭിച്ച ഡൊവാൻ, രണ്ടു ചുവടു മുന്നോട്ടുവച്ച് തൊടുത്ത പൊള്ളുന്ന ഷോട്ട് സ്പാനിഷ് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തി. സ്കോർ 1–1.

Latest News