ഇഞ്ചുറി ടൈം നീളുന്നു, എന്നിട്ടും കളി ഒരു മണിക്കൂര്‍

ദോഹ - ഈ ലോകകപ്പില്‍ ഇഞ്ചുറി ടൈം പതിവിലും കൂടുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. കളി തടസ്സപ്പെടുന്നത് കൂടുതല്‍ ഗൗരവത്തോടെ ഫിഫ കാണുകയാണ്. 90 മിനിറ്റും 10 മിനിറ്റോളം ഇഞ്ചുറി ടൈമുമായി 100 മിനിറ്റിലേക്ക് മത്സരം നീളുന്നു. എന്നിട്ടും യഥാര്‍ഥ കളി സമയം ഒരു മണിക്കൂര്‍ തികയുന്നില്ല. ശരാശരി 59 മിനിറ്റാണ് ഒരു മത്സരത്തില്‍ കളി നടക്കുന്നത്. 55 മുതല്‍ 67 മിനിറ്റ് വരെയാണ് ബോള്‍ ചലിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫിഫ റഫറിമാരുടെ മേധാവി പിയര്‍ലൂജി കോളിന വെളിപ്പെടുത്തി. 2018 ലെ ലോകകപ്പില്‍ ഇത് 52 മിനിറ്റ് മാത്രമായിരുന്നു. 
ഒരു ടീം കൂടുതല്‍ സമയം ഗോളാഘോഷിക്കുമ്പോള്‍ എതിര്‍ ടീമിന് ഗോള്‍ തിരിച്ചടിക്കാനുള്ള സമയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുമെന്ന് കോളിന ചൂണ്ടിക്കാട്ടി. പരിക്കിന് ഒരു മിനിറ്റും സബ്സ്റ്റിറ്റിയൂഷന് അര മിനിറ്റും അധികം നല്‍കണമെന്നാണ് റഫറിമാര്‍ക്കുള്ള നിര്‍ദേശം. ഈ ലോകകപ്പില്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ വരെ അനുവദിക്കുന്നുണ്ട്. അതിനാല്‍ ശരാശരി 10 മിനിറ്റിലേറെ ഇഞ്ചുറി ടൈം ലഭിക്കുന്നു. ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ 27 മിനിറ്റിലേറെ ഇഞ്ചുറി ടൈമുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ശരാശരി ആറര മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. 

Latest News