ഗ്രൂപ്പ് എഫ്
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
മൊറോക്കൊ 3 2 1 0 3 7
ക്രൊയേഷ്യ 3 1 2 0 3 5
ബെല്‍ജിയം 3 1 1 1 -1 4
കാനഡ 3 0 0 3 -5 0
ദോഹ - ലോക രണ്ടാം നമ്പറും കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരുമായ ബെല്‍ജിയം പുറത്താവുന്നതു കണ്ട് ലോകകപ്പിന്റെ ഗ്രൂപ്പ് എഫ് മത്സരങ്ങള്‍ അവസാനിച്ചു. കാനഡയെ 2-1 ന് തോല്‍പിച്ച മൊറോക്കൊ 1986 നു ശേഷം ആദ്യമായാണ് പ്രി ക്വാര്‍ട്ടറിലെത്തുന്നത്. നിലവിലെ റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യയുമായി ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് ബെല്‍ജിയം പുറത്തായത്. ബെല്‍ജിയത്തിന് വിജയം അനിവാര്യമായിരുന്നു. ക്രൊയേഷ്യക്ക് തോല്‍വി ഒഴിവാക്കിയാല്‍ പ്രി ക്വാര്‍ട്ടറിലെത്താമായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിന്ന മത്സരത്തില്‍ ഗോള്‍ പിറന്നില്ല. ബെല്‍ജിയവും ക്രൊയേഷ്യയുമുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാമതെത്തിയ മൊറോക്കൊ പ്രവചനങ്ങളെ അട്ടിമറിച്ചു. ക്രൊയേഷ്യക്കെതിരെ തൊണ്ണൂറാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാഡ് അനായാസ അവസരം പാഴാക്കി. ഗോളായിരുന്നുവെങ്കില്‍ ബെല്‍ജിയം പ്രി ക്വാര്‍ട്ടറിലെത്തുകയും ക്രൊയേഷ്യ പുറത്താവുകയും ചെയ്യുമായിരുന്നു.
ക്രൊയേഷ്യയുമായി സമനില നേടുകയും ബെല്‍ജിയത്തെ 2-0 ന് തോല്‍പിക്കുകയും ചെയ്താണ് മൊറോക്കോ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. പോളണ്ട്, ഇംഗ്ലണ്ട്, പോര്‍ചുഗല്‍ ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാമതെത്തിയ 1986 ലെ പ്രകടനം അവര്‍ ആവര്‍ത്തിക്കുയായിരുന്നു. എണ്‍പത്തെട്ടാം മിനിറ്റില്‍ ലോതര്‍ മത്തായൂസ് 30 വാര അകലെ നിന്നെടുത്ത ഫ്രീകിക്ക് ഗോളായതോടെയാണ് മൊറോക്കൊ 1986 ല്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായത്.
ഈ ലോകകപ്പിന്റെ നോക്കൗട്ടിലെ ഏക അറബ് പ്രതിനിധികളായിരിക്കും മൊറോക്കൊ. കാനഡക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 25 മിനിറ്റാവുമ്പോഴേക്കും അവര്‍ രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. കാനഡ ഗോളിയുടെ അലക്ഷ്യമായ ക്ലിയറന്‍സ് പിടിച്ചെടുത്ത് നാലാം മിനിറ്റില്‍ ഹകീം സിയേഷാണ് ആദ്യ ഗോളടിച്ചത്. മൂന്നു മിനിറ്റും 38 സെക്കന്റുമുള്ളപ്പോള്‍ പിറന്ന ഗോള്‍ ടൂര്‍ണമെന്റിലെ വേഗമേറിയ രണ്ടാമത്തേതാണ്. കാനഡയുടെ അല്‍ഫോണ്‍സൊ ഡേവീസ് ക്രൊയേഷ്യക്കെതിരെ തന്നെ അറുപത്തെട്ടാം സെക്കന്റില്‍ ഗോളടിച്ചിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റില്‍ ഒറ്റക്കുള്ള കുതിപ്പില്‍ യൂസുഫ് അന്നസീരി ലീഡുയര്‍ത്തി. നാല്‍പതാം മിനിറ്റില്‍ മൊറോക്കോയുടെ നാഇഫ് അഖ്‌രിദ് അലക്ഷ്യമായി അടിച്ചത് സ്വന്തം ഗോളിയെ കീഴടക്കി വലയിലെത്തി.
രണ്ടാം പകുതിയില്‍ കാനഡയുടെ ഷോട്ട് ക്രോസ്ബാറിനടയിലിടിച്ച ശേഷം ഗോള്‍വരയില്‍ വീണുയര്‍ന്നു. റീബൗണ്ട് ഹെഡ് ചെയ്തത് തലനാരിഴക്ക് ഉയര്‍ന്നുപോവുകയും ചെയ്തു.
അറബ് ടീമുകളായ സൗദി അറേബ്യയും ഖത്തറും തുനീഷ്യയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പേഴ്‌സ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇറാനും ആദ്യ റൗണ്ട് കടന്നില്ല.






