ദോഹ - ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സി-യില്‍ നിന്ന് അര്‍ജന്റീന മുന്നേറുമോയെന്നറിയാനുള്ള നിര്‍ണായക പോരാട്ടത്തില്‍ പോളണ്ട് ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുന്നു. ലിയണല്‍ മെസ്സി പെനാല്‍ട്ടി പാഴാക്കിയ ആദ്യ പകുതിയുടനീളം അര്‍ജന്റീനയുടെ ആക്രമണമായിരുന്നു. എന്നാല്‍ പോളണ്ട് പ്രതിരോധവും ഗോളി വോയ്‌സിയേഷ് ചെചസ്‌നിയും ഉറച്ചുനിന്നു. കോര്‍ണര്‍ പിടിക്കാന്‍ ശ്രമിക്കവെ മെസ്സിയുടെ മുഖത്ത് ഗോളിയുടെ കൈ കൊണ്ടതിന് ലഭിച്ച പെനാല്‍ട്ടി അര്‍ജന്റീനക്ക് പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ കൃത്യമായി ഗോളി ഇടത്തേക്കു ചാടി പന്ത് തട്ടിത്തെറിപ്പിച്ചു.
ജയിച്ചാല്‍ മിക്കവാറും ഗ്രൂപ്പ് ചാമ്പ്യന്മാരായി അവര്‍ക്ക് മുന്നേറാം. സമനിലയാണെങ്കില്‍, ചിലപ്പോള്‍ രണ്ടാം സ്ഥാനവുമായി നോക്കൗട്ടില്‍ കടന്നുകൂടാം. അല്ലെങ്കില്‍ സൗദി അറേബ്യയോ മെക്‌സിക്കോയോ തങ്ങളെ കടന്ന് രണ്ടാം സ്ഥാനത്തെത്തുന്നത് നിരാശയോടെ നോക്കി നില്‍ക്കാം. തോല്‍വിയാണെങ്കിലോ, അര്‍ജന്റീനക്കാര്‍ക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ല. പുറത്താകലിനുമപ്പുറം അതൊരു നാണക്കേടാണ്. ആ ആകാശനീലയും വെള്ളയും ജഴ്‌സിയില്‍ പിന്നെ മെസ്സിയെ കാണില്ല.
മെക്‌സിക്കോക്കെതിരായ മത്സരത്തില്‍ മെസ്സി സ്‌കോര്‍ ചെയ്തപ്പോള്‍ കണ്ട വൈകാരികരംഗങ്ങള്‍ ഈ നിമിഷത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. വെന്റിലേറ്ററില്‍ നിന്ന് എടുത്തുമാറ്റിയതിന്റെ ആശ്വാസമായിരുന്നു അത്. 2002ല്‍ ഉജ്വല ഫോമിലെത്തി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്റെ നാണക്കേട് ആവര്‍ത്തിക്കാതിരിക്കാനുള്ള അവസരമാണ് ഇനി അവര്‍ക്കു മുന്നില്‍.






