തൃശൂര്‍- നെടുപുഴ പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തിയ ദമ്പതികള്‍ പരാതി നല്കാന് വന്നതാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കരുതിയത്. എന്നാല്‍ ജോഷി ആന്റണിയും ഭാര്യയും എത്തിയത് സബ് ഇന്‍സ്പെക്ടര്‍ ഡെന്നിയെ അന്വേഷിച്ചായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍മാരായ കെ. അനുദാസും, കെ.എ. തോമസും ദമ്പതിമാരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയായിരുന്നു സ്റ്റേഷന് പുറത്ത് ഡ്യൂട്ടിക്കു പോയിരുന്ന സബ് ഇന്‍സ്പെക്ടര്‍ സി.ഡി. ഡെന്നി തിരിച്ചെത്തിയത്.
''ഇതാണ് സാര്‍ ഞാന്‍ കണ്ട ദൈവം. ഇരുപതുവര്‍ഷം മുമ്പ് ഇന്നേ ദിവസം ഡെന്നി സാര്‍ എന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. യഥാര്‍ഥത്തില്‍ ഇന്നാണ് എന്റെ ജന്മദിനം''ജോഷി, ഡെന്നിയെ ചേര്‍ത്തു പിടിച്ചു. അവിടെ നിന്നിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.
ഇരുപതു വര്‍ഷം മുമ്പായിരുന്നു ജോഷിയുടെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. തൃശൂരില്‍ ഒരു സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആയിരുന്നു ജോഷി ആന്റണി. ചൊവ്വൂരില്‍ വെച്ച് എതിരെ നിന്നും വളരെ വേഗത്തില്‍ വന്ന മറ്റൊരു ബൈക്ക് ജോഷിയുടെ ബൈക്കില്‍ ഇടിച്ചു. റോഡിലേക്ക് തെറിച്ചു വീണ്, തലപൊട്ടി, ചോരയില്‍ കുളിച്ച് എഴുന്നേല്ക്കാന് സാധിക്കാതെ അബോധാവസ്ഥയില്‍ അയാള്‍ ഏറെ നേരം റോഡരികില്‍ കിടന്നു. ഈ സമയം അതിലൂടെ പോയിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്നു, രാമവര്‍മപുരം എ.ആര് ക്യാമ്പില്‍ ജോലി ചെയ്തിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സി.ഡി. ഡെന്നി.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ട്രഷറിയിലെ ഗാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് ഡെന്നി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രക്തത്തില്‍ കുളിച്ച്, ഒരാള്‍ റോഡരികില്‍ കിടക്കുന്നതുകണ്ട്, ഡെന്നി, ബസ്സിന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് അവിടെയിറങ്ങി. രക്തം തളം കെട്ടി കിടന്നിടത്തുനിന്നും അയാളെ വാരിയെടുത്തു. അതുവഴി പോയിരുന്ന ഒരു വാഹനം തടഞ്ഞു നിര്‍ത്തി. പരുക്കേറ്റയാളെ അതില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചയാളുടെ പേരും വിവരവും തിരിച്ചറിയാന്‍ അയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് ലഭിച്ചു. മാപ്രാണം വടക്കേത്തല ജോഷി ആന്റണി.
ഉടന്‍തന്നെ അയാളുടെ ഓഫീസിലേക്കും വീട്ടിലേക്കും ഫോണ്‍ വിളിച്ചറിയിച്ചു. ബന്ധുക്കളെത്തും വരെ ആശുപത്രിയില്‍ കാത്തിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കുവാന്‍ ഫോണ്‍ നമ്പര്‍ കൈമാറി, ഡെന്നി വീട്ടിലേക്കു മടങ്ങി.
രണ്ടാഴ്ചയോളം അയാള്‍ അബോധാവസ്ഥയില്‍ തുടര്‍ന്നു. മാസങ്ങളോളം നീണ്ട ആശുപത്രി വാസം. ഇടതുകാല് മുഴുവനായും തകര്‍ന്നു. മുഖത്തെ എല്ലുകളെല്ലാം പൊട്ടി. ശരീരത്തില്‍ പലഭാഗത്തും സാരമായ മുറിവേറ്റു. പതിനഞ്ചോളം ശസ്ത്രക്രിയകളാണ് നടത്തിയത്. ഏഴരവര്‍ഷം സ്ക്രെച്ചസ് ഉപയോഗിച്ചാണ് നടന്നത്. ഈ സമയങ്ങളില്‍ ജോഷിയുടേയും കുടുംബാംഗങ്ങളുടേയും സ്ഥിതി വളരെ പരിതാപകരമായിരുന്നു. ഇടയ്കിടെ ജോഷിയെ വിളിച്ച്, ഡെന്നി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ആവശ്യമുള്ളപ്പോള്‍ സഹായമെത്തിച്ചു. പ്രതിസന്ധികളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസവും നല്കി. പുറത്തുപോകാനാകാത്ത അവസ്ഥയില്‍ അയാള്‍ വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നേടി. സിവില്‍ എഞ്ചിനീയറിങ്ങ് ഡ്രോയിങ്ങ് മേഖലയില്‍ പ്രാവീണ്യം തെളിയിച്ചു, തൊഴില്‍ നേടുകയും ചെയ്തു.
ഇരുപതുവര്‍ഷത്തിനുശേഷം തന്നെ രക്ഷിച്ചവനെ നേരില്‍കാണുന്നതിനാണ് ഭാര്യയോടൊപ്പം ജോഷി നെടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്. തന്റെ രക്ഷകനായ പോലീസുദ്യോഗസ്ഥനെ പ്രകീര്‍ത്തിച്ചുകൊണ്ട് ജോഷി എഴുതിയ ഒരു കവിതയും ഡെന്നിക്ക് സമ്മാനിച്ചു. പോലീസുദ്യോഗസ്ഥരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് ജോഷിയും ഭാര്യയും യാത്രയായത്.






