Sorry, you need to enable JavaScript to visit this website.

പാവങ്ങളുടെ പണം തട്ടി എത്ര ലാഭിക്കും;മോഡിയോട് ഖാര്‍ഗെ

ന്യൂദല്‍ഹി- ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്. പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിലൂടെ നരേന്ദ്ര മോഡി സര്‍ക്കാരിന് എന്ത് നേട്ടമാണെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഒമ്പത്, പത്താം ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതപ്പെടുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എട്ടാം ക്ലാസ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെന്ന് വിശദീകരിച്ചാണ് നടപടി.നേരത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു.

നരേന്ദ്ര മോഡി ജി, ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിങ്ങളുടെ സര്‍ക്കാര്‍ നിര്‍ത്തലാക്കി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈ പണം തട്ടിയെടുത്തുകൊണ്ട് നിങ്ങളുടെ സര്‍ക്കാര്‍ എത്രമാത്രം സമ്പാദിക്കും, അല്ലെങ്കില്‍ ലാഭിക്കും-ഖാര്‍ഗെ ചോദിച്ചു.


ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇനി മുതല്‍ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെയും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീമിന് കീഴിലുള്ളത്. ഈ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കയാണ്. ദരിദ്രര്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും ആരോപിച്ചു.


എസ്‌സി/എസ്ടി/ഒബിസി, ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും അവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കണ്ണടച്ചും അവരുടെ ക്ഷേമപദ്ധതികള്‍ അവസാനിപ്പിച്ചും കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപി തുടര്‍ച്ചയായി ഇത്തരം കാര്യങ്ങളാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഒന്നിനും എട്ടിനും ഇടയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തി പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റാന്‍ സര്‍ക്കാര്‍ പുതിയ വഴി കണ്ടെത്തിയിരിക്കയാണെന്ന് ബിഎസ്പി നേതാവ് ഡാനിഷ് അലി അവകാശപ്പെട്ടു.
വിദ്യാസമ്പന്നരായ കുട്ടികളാണ് അവര്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന കാര്യം മറക്കരുതെന്ന് അ്‌ദേഹം ട്വീറ്റ് ചെയ്തു.

 

Latest News