ഇസാക്കിസം: അക്ഷരങ്ങളുടെ സ്‌നേഹവിരുന്ന്

മണലാരണ്യങ്ങളില്‍ പതിഞ്ഞ കാലടികള്‍ നോക്കി ഒറ്റപ്പെട്ട് നടക്കുമ്പോള്‍, ഉതിരുന്ന ഓരോ ശ്വാസത്തിലും നെടുവീര്‍പ്പിലും നാട്ടുവഴികളെ ഓര്‍ത്തെടുക്കുകയാണ് ഇസ്ഹാക്ക് പുഴക്കലകത്ത് തന്റെ ആദ്യ പുസ്തകത്തില്‍. ഇടക്കിടെ കഥകളായും അനുഭവങ്ങളായും ഗതകാല സ്മരണകള്‍ ഫെയ്‌സ്ബുക്കിലെ തന്റെ "ഇസാക്കിസം' പേജിലൂടെ ഇസ്ഹാക്ക് കുത്തിക്കുറിച്ചിരുന്നു. അത്രക്ക് പ്രാധാന്യം കല്‍പിക്കാതെ അലക്ഷ്യമായി കോറിയിടുന്ന അക്ഷരങ്ങള്‍ വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കി. ഒരു സൃഷ്ടി അയച്ച്, അത് പ്രസിദ്ധീകരിക്കുന്നവരുടെ കനിവും കാലവും കാത്ത് അക്ഷമയോടെ കാത്തിരിക്കേണ്ട അവസ്ഥയില്ല സോഷ്യല്‍ മീഡിയയില്‍. എഴുതുന്ന ആളിന്റെ സൗകര്യം മാത്രമാണ് അവിടെ പ്രധാനം. അതിനാല്‍ വായനക്കാര്‍ക്ക് ഇസ്ഹാക്ക് സമൃദ്ധമായ അക്ഷര സദ്യ തന്നെ ഒരുക്കി. വായനക്കാരുടെ പ്രോത്സാഹനവും അദ്ദേഹത്തിന്റെ ഉത്സാഹവുംകൂടി ആയപ്പോള്‍ ഇസാക്കിസം പുസ്തകം ആയി.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഗ്ലോബല്‍ അലുംമ്‌നി മീറ്റില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കഴിഞ്ഞ ഡിസംബറിലാണ് "ഇസാക്കിസം' പ്രകാശിതമായത്. അതോടെ 25 വര്‍ഷങ്ങളായി ജിദ്ദയിലെ സാധാരണ ബിസിനസുകാരനായ, സദാ പുഞ്ചിരി തൂകുന്ന, നാട്യങ്ങളില്ലാത്ത ആ നല്ല മനുഷ്യന്‍ ചരിത്രത്തില്‍ ഗ്രന്ഥകാരനായി രേഖപ്പെടുത്തപ്പെട്ടു. ജിദ്ദയിലെ "അക്ഷരം വായന വേദി' സംഘടിപ്പിച്ച "അക്ഷര മധുരം' പ്രമുഖ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ ആസ്വാദന സദസ്സില്‍ ഇസ്ഹാക്കിനെ ആദരിക്കുകയും "ഇസാക്കിസം' പരിചയപ്പെടുത്തുകയും ചെയ്തു.
പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍ 23 കഥകളും രണ്ടാം ഭാഗത്തില്‍ 17 ഓര്‍മ്മക്കുറിപ്പുകളുമാണ്. ഇതിലെ കഥകള്‍ ആസ്വദിക്കാന്‍ ബുദ്ധിജീവിയാകേണ്ട ആവശ്യമില്ല. കാരണം ഭാഷയുടെ ലാളിത്യം തന്നെ. കഥയിലുടനീളം സ്‌നേഹം, നന്മ, ഗ്രാമീണത,  പ്രണയം എന്നിവ മുഴച്ചു നില്‍ക്കുന്നു. അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ ജീവിച്ചവര്‍ക്ക് വല്ലാത്തൊരു അനുഭൂതി ലഭിക്കുന്നു. മലപ്പുറം ജില്ലയിലെ കുറെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വായനക്കാരില്‍ ഗൃഹാതുരത ഉണര്‍ത്തുന്നു കഥാകൃത്ത്.
ജീവിതയാത്രയില്‍ മാര്‍ഗദര്‍ശനം നല്‍കിയ പിതാവിന്റെ സ്മരണക്ക് മുന്നില്‍ സമര്‍പ്പിച്ച ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ നയനങ്ങള്‍ ഈറനണിയുകയും ഹൃദയങ്ങള്‍ നനുത്തു പോവുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിലും സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും ഉറവ വറ്റിയിട്ടില്ലെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
സൂര്യന്‍ പടിഞ്ഞാറ് വീഴാന്‍ ഒരുങ്ങുന്ന സായംസന്ധ്യയില്‍ ചുടുചായയുമായി ബാല്‍ക്കണിയിലിരുന്ന് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പറ്റി യ പുസ്തകം. ഈ പുസ്തകത്തിന്റെ അവസാന പേജില്‍ ഇങ്ങനെ വായിക്കാം. "ഞാനിവിടെയൊക്കെ തന്നെ ഉണ്ടാവും... നിങ്ങളില്‍ ഒരുവനായി... ഇടക്കിടെ ബെര്‍പ്പിച്ച് ....സിര്‍പ്പിച്ച്... സ്‌നേഹിച്ച്... പ്രണയിച്ച്... കൊന്നു കയ്യില്‍ തരും... സത്യം... സത്യം.... സത്യം...ഹല്ല പിന്നേം...'

 

Latest News