മെസ്സിയോ ലെവന്‍ഡോവ്‌സ്‌കിയോ?

ഗ്രൂപ്പ് സി
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
പോളണ്ട്    2    1    1    0    2    4
അര്‍ജന്റീന    2    1    0    1    1    3
സൗദി        2    1    0    1    -1    3
മെക്‌സിക്കൊ    2    0    1    1    -2    1

ദോഹ - കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലം മികച്ച കളിക്കാരനായി അറിയപ്പെട്ട ലിയണല്‍ മെസ്സിയെ ഫുട്‌ബോള്‍ ചരിത്രം എങ്ങനെയാണ് രേഖപ്പെടുത്തുക. അര്‍ജന്റീനയുടെ മിശിഹയോ അതോ പരാജിതനോ? മെസ്സി ഒരുതവണ ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ രക്ഷക്കെത്തിക്കഴിഞ്ഞു. അര്‍ജന്റീനക്ക് ലോകകപ്പ് പ്രി ക്വാര്‍ട്ടര്‍ ഉറപ്പാവണമെങ്കില്‍ ഒരിക്കല്‍കൂടി എല്ലാം ആവര്‍ത്തിക്കേണ്ടി വരും. ഒരുപാട് വിഷയങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയും പോളണ്ടും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ മെസ്സിയെയും അര്‍ജന്റീനയെയും ആരാധിക്കുന്ന കായികലോകം ശ്വാസമടക്കി കാത്തിരിക്കും. മെസ്സിയില്ലാത്ത ലോകകപ്പ് ആരാധകര്‍ക്ക് മാത്രമല്ല ഫുട്‌ബോള്‍ പ്രേമികള്‍ക്കു മുഴുവന്‍ നിരാശയാണ് സമ്മാനിക്കുക. 
ബാഴ്‌സലോണയിലെ പിന്‍ഗാമി റോബര്‍ട് ലെവന്‍ഡോസ്‌കിയെയാണ് മെസ്സിക്ക് നേരിടുക. രണ്ടു പേര്‍ക്കും മിക്കവാറും ഇത് അവസാന ലോകകപ്പായിരിക്കും. 
എന്താണ് അര്‍ജന്റീനക്ക് വേണ്ടത്? ജയിച്ചാല്‍ മിക്കവാറും ഗ്രൂപ്പ് ചാമ്പ്യന്മാരായി അവര്‍ക്ക് മുന്നേറാം. സമനിലയാണെങ്കില്‍, ചിലപ്പോള്‍ രണ്ടാം സ്ഥാനവുമായി നോക്കൗട്ടില്‍ കടന്നുകൂടാം. അല്ലെങ്കില്‍ സൗദി അറേബ്യയോ മെക്‌സിക്കോയോ തങ്ങളെ കടന്ന് രണ്ടാം സ്ഥാനത്തെത്തുന്നത് നിരാശയോടെ നോക്കി നില്‍ക്കാം. തോല്‍വിയാണെങ്കിലോ, അര്‍ജന്റീനക്കാര്‍ക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ല. പുറത്താകലിനുമപ്പുറം അതൊരു നാണക്കേടാണ്. ആ ആകാശനീലയും വെള്ളയും ജഴ്‌സിയില്‍ പിന്നെ മെസ്സിയെ കാണില്ല.
മെക്‌സിക്കോക്കെതിരായ മത്സരത്തില്‍ മെസ്സി സ്‌കോര്‍ ചെയ്തപ്പോള്‍ കണ്ട വൈകാരികരംഗങ്ങള്‍ ഈ നിമിഷത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. വെന്റിലേറ്ററില്‍ നിന്ന് എടുത്തുമാറ്റിയതിന്റെ ആശ്വാസമായിരുന്നു അത്. 2002ല്‍ ഉജ്വല ഫോമിലെത്തി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്റെ നാണക്കേട് ആവര്‍ത്തിക്കാതിരിക്കാനുള്ള അവസരമാണ് ഇനി അവര്‍ക്കു മുന്നില്‍. ഞങ്ങളുടെ ലോകകപ്പ് ആരംഭിച്ചു കഴിഞ്ഞു എന്ന് മെസ്സി പറഞ്ഞത് വെറുതെയല്ല. 2022 ല്‍ അര്‍ജന്റീനക്കു വേണ്ടി 13 ഗോളടിച്ചു മെസ്സി, മെസ്സിയുടെ കരിയറില്‍ അതൊരു റെക്കോര്‍ഡ്. പക്ഷെ ഇന്നൊരു ഗോളടിക്കാനാവുമെങ്കില്‍ അതിന്റെ മൂല്യം പതിന്മടങ്ങായിരിക്കും. 
മെസ്സി രണ്ടു കളികളും പൂര്‍ണമായി കളിച്ചു. പക്ഷെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കയുണ്ട്. മെക്‌സിക്കോക്കെതിരായ കളി പ്രയാസത്തോടെയാണ് അവസാനിപ്പിച്ചത. ലൗതാരൊ മാര്‍ടിനേസുമായി തുടരണമോയെന്നതാണ അര്‍ജന്റീനയെ കുഴക്കുന്ന മറ്റൊരു പ്രശ്‌നം. ജൂലിയന്‍ അല്‍വരേസ് സ്റ്റാര്‍ടിംഗ് ഇലവനില്‍ കളിച്ചേക്കും. പകരക്കാരനെന്ന നിലയിലുള്ള മിന്നുന്ന പ്രകടനം മെക്‌സിക്കോക്കെതിരായ ഗോളോടെ ആഘോഷിച്ച യുവ മിഡ്ഫീല്‍ഡര്‍ എന്‍സൊ ഫെര്‍ണാണ്ടസിനും അവസരം ലഭിച്ചേക്കും. രണ്ടു കളിയിലും ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനില്‍ വ്യത്യസ്ത കളിക്കാരെയാണ് ഉപയോഗിച്ചത്. 
മുപ്പത്തിനാലുകാരനായ ലെവന്‍ഡോവ്‌സ്‌കിയുടെ മുകളിലുള്ള ഭാരം ആദ്യ ലോകകപ്പ് ഗോളടിച്ചതോടെ അല്‍പം അയഞ്ഞിട്ടുണ്ടാവും. ആദ്യമായി ലോകകപ്പ് നോക്കൗട്ട് കളിക്കാനുള്ള ആഗ്രഹമാവാം ഇപ്പോള്‍ ഭരിക്കുന്നത്. 1986 ലാണ് അവസാനം പോളണ്ട് നോക്കൗട്ടിലെത്തിയത്. ഇത്തവണ ഒരു സമനില അരികിലാണ് അവര്‍ക്ക് നോക്കൗട്ട്. ലെവന്‍ഡോവ്‌സ്‌കിയോ, മെസ്സിയോ-രണ്ടാലൊന്ന് തീരുമാനിക്കണം.   

Latest News