ദോഹ- ലോകകപ്പ് ഫുട്‌ബോൾ പ്രാഥമിക റൗണ്ടിലെ നിർണായകമായ അവസാന മത്സരങ്ങളിൽ അമേരിക്കക്കും ഇഗ്ലണ്ടിനും ജയം. ലോകം ഉറ്റുനോക്കിയ മത്സരത്തിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് അമേരിക്ക തോൽപ്പിച്ചു. മത്സരത്തിന്റെ മുപ്പത്തിയെട്ടാമത്തെ മിനിറ്റിൽ ക്രിസ്ത്യൻ പുലിസികാണ് അമേരിക്കക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ഇറാൻ വീണ്ടും പുറത്തായി. രണ്ടു കളികളിൽ സമനിലയും ഇറാനെതിരായ വിജയവുമാണ് അമേരിക്കയെ രണ്ടാം റൗണ്ടിലെത്തിച്ചത്. അതേസമയം, വെയിൽസിനെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി രണ്ടാം റൗണ്ടിലെത്തി.
തുടക്കം മുതൽ അമേരിക്ക ഉയർത്തിയ കനത്ത ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുന്നതിൽ ഇറാൻ വിജയിച്ചിരുന്നു. എന്നാല് ഈ പ്രതിരോധം തകർത്ത് രണ്ടു തവണ ഇറാന്റെ ഗോൾ വല അമേരിക്ക കുലുക്കി. ആദ്യ പകുതിയിലെ ഇൻജുറി ടൈമിലായിരുന്നു രണ്ടാമതും ഇറാന് നേരെ ആക്രമണമുണ്ടായത്. അമേരിക്കയുടെ യൂനുസ് മൂസ ആയിരുന്നു വല കുലുക്കിയത്. എന്നാൽ ഈ ഗോൾ പിന്നീട് വീഡിയോ അസിസ്റ്റിലൂടെ റദ്ദായി.
മറ്റൊരു മത്സരത്തിൽ വെയിൽസിനെ ഇംഗ്ലണ്ട് മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗോളുകൾ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് വെയിൽസിന് മേൽ ഇംഗ്ലണ്ടിന്റെ തുടരാക്രണമുണ്ടായത്. അൻപതാമത്തെ മിനിറ്റിൽ മാർക്വസ് റാഷ്‌ഫോർഡ് ആദ്യവെടി പൊട്ടിച്ചു. രണ്ടു മിനിറ്റിന് ശേഷം ഫിൽ ഫോഡൻ ഒരു ഗോൾ കൂടി അടിച്ചു. അറുപത്തിയെട്ടാമത്തെ മിനിറ്റിൽ മാർക്വേസ് റാഷ്‌ഫോർഡ് ഇംഗ്ലണ്ടിനായി വീണ്ടും ഗോൾ നേടി. ഒരു മത്സരത്തിൽ പോലും ജയിക്കാതെയാണ് വെയിൽസ് പുറത്തുപോകുന്നത്. ഇറാനാണെങ്കിൽ വെയിൽസിനെ രണ്ടു ഗോളിന് തോൽപ്പിച്ചിരുന്നു. ബദ്ധവൈരികളായ ഇറാന്റെയും അമേരിക്കയുടെയും നൂറുകണക്കിന് ആരാധകരാണ് ഗ്രൗണ്ടിൽ എത്തിയത്. വൻ സുരക്ഷയിലാണ് മത്സരം നടന്നത്.