ലോകകപ്പിനെത്തുന്ന 32 പേരില്‍ പ്രായം കൊണ്ട് ആശാന് ഓസ്കര് തബാരേസ് ആണ്. വയസ്സ് 71, ജനിച്ചത് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പെ. പ്രായവും അസുഖവും കാരണം തബാരേസ് വീല്‍ചെയറിലിരുന്നാണ് പലപ്പോഴും ഉറുഗ്വായ് ടീമിന്റെ പരിശീലന സെഷന് നേതൃത്വം കൊടുക്കുന്നത്. ഇത്തവണ ഉറുഗ്വായ് ആദ്യ മത്സരം കളിക്കുമ്പോള്‍ തബാരേസ് ലോകകപ്പ് ചരിത്രത്തിലെ തന്നെ പ്രായമേറിയ കോച്ചാവും. 2010 ല്‍ ഗ്രീസിനെ പരിശീലിപ്പിച്ച ജര്മന്കാരന് ഓട്ടൊ റെഹാഗലിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ഇവര്‍ രണ്ടു പേരെ കൂടാതെ 70 പിന്നിട്ട ശേഷം കോച്ചായി എത്തിയ മറ്റൊരാളും കൂടിയേയുള്ളൂ, ഇറ്റലിക്കാരന് സെസാര്‍ മാള്‍ദീനി (2002 ല്‍ പാരഗ്വായ്യുടെ കോച്ച്).
ഉറുഗ്വായ് ടീമിനൊപ്പം തബാരേസിന് ഇത് നാലാമത്തെ ലോകകപ്പാണ്. 1990 ലെ ഇറ്റലി ലോകകപ്പില്‍ തുടങ്ങിയതാണ് സപര്യ. എന്‍സൊ ഫ്രാന്‍സിസ്കോലി, റൂബന്‍ സോസ, ആന്റോണിയൊ അല്സമെന്ഡി തുടങ്ങി ലാറ്റിനമേരിക്കയിലെ നക്ഷത്രത്തിളക്കമുള്ള കളിക്കാരടങ്ങിയ ആ ടീം പ്രി ക്വാര്‍ട്ടറില്‍ ആതിഥേയര്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. 2006 ലാണ് തബാരേസ് വീണ്ടും ഉറുഗ്വായ് കോച്ചായി തിരിച്ചെത്തുന്നത്. തബാരേസ് രണ്ടാം തവണ പരിശീലകനായ ശേഷം ഉറുഗ്വായ് ലോകകപ്പില്‍ സ്ഥിരം സാന്നിധ്യമാണ്. 2010 ല്‍ സെമിയിലെത്തി, പ്രഥമ ചാമ്പ്യന്മാര് നാലു പതിറ്റാണ്ടിനു ശേഷമായിരുന്നു അത്തവണ അവസാന നാലിലെത്തിയത്. 2014 ല്‍ ഇറ്റലിയും ഇംഗ്ലണ്ടുമടങ്ങിയ ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വായ് പ്രി ക്വാര്‍ട്ടറിലെത്തി. 2011 ല്‍ കോപ അമേരിക്ക ചാമ്പ്യന്മാരായി.
അറിയാമോ? വിദേശ കോച്ചിനു കീഴില്‍ ഇതുവരെ ഒരു ടീമും ലോകകപ്പ് നേടിയിട്ടില്ല.
ഏറ്റവുമധികം മത്സരങ്ങളില്‍ കോച്ചായ റെക്കോര്‍ഡിനുടമയാണ് ഇപ്പോള്‍ തബാരേസ്. ഒരു ടീമിന്റെ മാത്രം കോച്ചായി നൂറിലേറെ മത്സരങ്ങളില്‍ പങ്കെടുത്ത അപൂര്‍വം പരിശീലകരിലൊരാളാണ്.
15 ലോകകപ്പ് മത്സരങ്ങളില്‍ തബാരേസ് ഇതുവരെ ഉറുഗ്വായ് തന്ത്രങ്ങള്‍ക്ക് രൂപം നല്കി. 1966-1978 കാലയളവില്‍ 25 ലോകകപ്പ് മത്സരങ്ങളില്‍ കോച്ചായിരുന്ന ജര്‍മനിയുടെ ഹെല്മുറ്റ് ഷോയന്റെ പേരിലാണ് റെക്കോര്‍ഡ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ കോച്ചായ റെക്കോര്‍ഡ് തബാരേസിന്റെ പേരിലാണ്. ഫിഫയുടെ ഉന്നത ബഹുമതിയായ ഓഡര്‍ മെറിറ്റ് നേടിയിട്ടുണ്ട്.
വലിയ കളിക്കാരനൊന്നുമല്ലായിരുന്നു തബാരേസ്. കോച്ചാവുന്നതിന് മുമ്പ് പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്നു. എല്‍ മാസ്ട്രൊ എന്നാണ് ഇന്നും അറിയപ്പെടുന്നത്.