Sorry, you need to enable JavaScript to visit this website.

സ്‌പോര്‍ട്‌സിനെയും കലയെയും അന്ധമായി അധിക്ഷേപിക്കരുത്; അത് നമ്മുടെ മക്കളെ വേദനിപ്പിക്കും

ഓരോന്നിനും അതിന്റേതായ പരിഗണന നല്‍കുകയെന്നത് സന്തുലിത ജീവിത വീക്ഷണത്തിന്റെ തേട്ടമാണ്. ഊണില്‍ അച്ചാറിന്നു നല്‍കുന്ന പരിഗണനക്കപ്പുറം പോയി അച്ചാര്‍ ഏറെ മുഖ്യവും ഊണെന്നത് ശാഖാപരമോ ഐഛികമോ മാത്രമായിത്തീരുകയും ചെയ്യുന്നത് ഒട്ടും ശരിയല്ല. ആരോഗ്യകാരണങ്ങളാല്‍ തേങ്ങ അരച്ചുണ്ടാക്കുന്ന കറി ഒഴിവാക്കണമെന്ന് പറഞ്ഞാല്‍, വെളിച്ചെണ്ണ തലയില്‍ തേക്കരുത്;ചിരട്ട കൊണ്ടുള്ള കൈല്‍ ഉപയോഗിക്കരുത് ; ചകിരി കൊണ്ടുള്ള കയര്‍,ചവിട്ടി എന്നിവ വര്‍ജിക്കണം..... എന്നിങ്ങനെ സംഗതിയെ സങ്കീര്‍ണ്ണമാക്കി കാര്‍ക്കശ്യം ഉണ്ടാക്കുന്നതും ശരിയല്ല.

കലയും സ്‌പോര്‍ട്‌സുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ രചനാത്മകമായി സമീപിച്ച് ജീവിത വിജയത്തിന് സഹായകമാക്കിത്തീര്‍ക്കലാണ് വിവേകം.
ഇപ്പോള്‍ ഫുട്ബാള്‍ ജ്വരമാണെങ്ങും. ഇതിനെ അന്ധമായി അടച്ചാക്ഷേപിക്കുന്നവരുടെ തീവ്രമായ നിഷേധാത്മക നിലപാട് ശരിയല്ല. വിദ്യാര്‍ഥി യുവജനങ്ങളുടെ വികാര വിചാരങ്ങളോട് വിവേകപൂര്‍വം പ്രതികരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.

കുട്ടി എന്തായാലും കുട്ടിയാണ്  അവനൊരു നബിയാണെങ്കിലും ശരി എന്ന ആപ്തവാക്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. എന്നാല്‍ പഴുതുകളെയും ഇളവുകളെയും വികസിപ്പിച്ചും ഉദാരവല്‍ക്കരിച്ചും വിരല്‍ വെക്കാനിടം നല്‍കിയാല്‍ ഉരല്‍ വെക്കുന്ന പ്രവണതയും നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണെന്നത് മറന്നുകൂടാ. തദാവശ്യാര്‍ഥം പലവിധ വക്രീകരണങ്ങളും നടക്കാറുമുണ്ട്.
ഹസ്സാനുബ്‌നു സാബിത് (റ) എന്ന കവിയുടെ കവിതാ സിദ്ധിയെ നബി (സ) ആദരിക്കുകയും അതിനെ ഇസ്‌ലാമിന്നു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ മഹാനായ സഹാബിയെ ചിലര്‍ പാട്ടുകാരന്‍ എന്ന് കേവലരൂപത്തില്‍ പരിചയപ്പെടുത്തി അതിനെ വമ്പന്‍ ഗാനമേളകള്‍ക്ക് ന്യായീകരണമായി വികസിപ്പിക്കാറുണ്ട്. പെരുന്നാള്‍ സുദിനത്തില്‍ പ്രവാചക ഭവനത്തില്‍ ചെറിയ കുട്ടികള്‍ പാട്ടുപാടി സന്തോഷിച്ചിരുന്നു. അതിനെതിരെ വിലക്കുമായി വന്ന അബൂബക്കറിനെ നബി (സ) പിന്തിരിപ്പിക്കുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഇത്തരം കാര്യങ്ങളെ അങ്ങേയറ്റം വരെ വലിച്ചു നീട്ടി ഇന്ന് കാണുന്ന സകല കൂത്താട്ടങ്ങള്‍ക്കും ന്യായീകരണമാക്കിക്കൂടാത്തതാണ്. സ്‌പോര്‍ട്‌സും കായികാഭ്യാസവും കുതിര സവാരിയും മറ്റും ഇസ്‌ലാമിന്ന് അന്യമല്ല. ഫുട്ബാള്‍ കായികശേഷി വളര്‍ത്താന്‍ സഹായകമായ കളിയാണ്. മറ്റ് പല കളികളും ഏറെക്കുറെ അങ്ങിനെത്തന്നെ. പക്ഷേ ''അധികമായാല്‍ അമൃതും വിഷം'' എന്ന പഴമൊഴി നാം മറക്കാതിരിക്കുക.
സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് രണ്ട് നല്ല പ്രയോഗങ്ങള്‍ നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്.  Team Spirit ,Sportsman Spirit എന്നിവയാണവ. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറെ പ്രയോജനപ്രദമാണ്. പരസ്പര സഹകരണം, വിശാലത, ആരോഗ്യകരമായ കൂട്ടായ്മ എന്നിവയാണ് ആദ്യ പ്രയോഗത്തിന്റെ പൊരുള്‍. പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ എനിക്കാവില്ലെങ്കില്‍ എന്റെ സുഹൃത്ത് അത് ചെയ്യട്ടെ എന്ന വിവേകപൂര്‍വമുള്ള, വിശാലതയുള്ള പ്രായോഗിക ബുദ്ധിയാണ് ഇതിലൂടെ വളരേണ്ടത്. ജയവും തോല്‍വിയും (കയറ്റവും ഇറക്കവും) മാറി മാറി വരുന്നതാണെന്നും ആയതിനെ സഹിഷ്ണുതാപൂര്‍വം സമചിത്തതയോടെ മാന്യമായി കാണാന്‍ സാധിക്കുന്നതാണ് രണ്ടാമത്തെ കാര്യം. (സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്) സ്വന്തം പരാജയം സസന്തോഷം അംഗീകരിക്കാനും അപരന്റെ വിജയത്തില്‍ അവരെ ഹൃദയംഗമായി അനുമോദിക്കാനും സാധിക്കുമ്പോള്‍ ഉണ്ടായിക്കിട്ടുന്ന മഹിതവും മാന്യവുമായ  സ്വഭാവം എല്ലാ നിലയിലും എല്ലാ മേഖലയിലും വളര്‍ന്നു വരണം.
ഇതൊക്കെ കളിക്കളത്തിലിറങ്ങി കളിക്കുമ്പോള്‍ ലഭ്യമാകേണ്ടതാണ്. എന്നാല്‍ അലസമായി ചടഞ്ഞിരുന്ന് കളി കണ്ടിരുന്നാല്‍ ഇതൊക്കെ കിട്ടുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇന്നത്തെ കളികാണലില്‍ ഒരുതരം വിഗ്രഹ പൂജാ പ്രവണതയും മറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒറ്റയടിക്ക് നിഷേധിക്കാന്‍ പറ്റില്ല. കളിയെ ചുറ്റിപ്പറ്റിയുള്ള ചൂത്, അനാവശ്യ വാശി, ശണ്ഠ, കലഹം, കൊല, ആത്മഹത്യ എന്നിവയൊക്കെ അപൂര്‍വ വാര്‍ത്തയൊന്നുമല്ല.
നീറുന്ന നൂറു നൂറു പ്രശ്‌നങ്ങള്‍ക്കെതിരെ വളര്‍ന്നുയരേണ്ട വികാരങ്ങളെയും വിചാരങ്ങളെയും സമര്‍ഥമായി ഒതുക്കാന്‍ അല്ലെങ്കില്‍ ഇളം തലമുറയെ ചിന്താപരമായി ഷണ്ഡീകരിക്കാന്‍ സാമ്രാജ്യത്വ മുതലാളിത്ത ദുശ്ശക്തികള്‍ കലയെയും സ്‌പോര്‍ട്‌സിനെയും ദുരുപയോഗം ചെയ്യുന്നുണ്ട്. അവരാണ് താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുന്നതും അവരെ ചുറ്റിപ്പറ്റി കള്‍ട്ടുകള്‍ ഉണ്ടാക്കി പ്രൊമോട്ട് ചെയ്യുന്നതും. ഇങ്ങനെയാണ് കളിയിലെ കാര്യം ചോര്‍ന്നു പോകുന്നത്. സമയത്തിന്റെയും സന്ദര്‍ഭത്തിന്റെയും പ്രാധാന്യം സ്‌പോര്‍ട്‌സ് നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ പായുമ്പോള്‍ സമയത്തിന്റെ വില മറക്കുന്നതായിപ്പോകരുത് നമ്മുടെ സ്‌പോര്‍ട്‌സ് പ്രേമം. ഏതായാലും ഒരു കാര്യം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. സ്‌പോര്‍ട്‌സിനെയും കലയെയും അന്ധമായി അധിക്ഷേപിക്കരുത്. അത് നമ്മുടെ മക്കളെ വേദനിപ്പിക്കും. വിവേകപൂര്‍വമാകണം നമ്മുടെ നിലപാടുകളും സമീപനങ്ങളും.

 

 

Latest News