റിയോഡിജനീറോ - പ്രായം ഡാനി ആല്‍വേസിനൊപ്പമല്ല. എങ്കിലും ബ്രസീലിന്റെ ടീം ഷീറ്റില്‍ ഏറ്റവുമാദ്യം രേഖപ്പെടുത്തുന്ന പേരുകളിലൊന്നാണ് റൈറ്റ് വിംഗ് ബാക്കിന്റേത്. ബ്രസീലിന്റെ ലോകകപ്പ് പ്ലേയിംഗ് ഇലവന്‍ സ്ഥാനമുറപ്പായിരുന്നു അല്‍വേസിന്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ മുപ്പത്തഞ്ചുകാരന് പരിക്കേറ്റത് ബ്രസീലിന്റെ പദ്ധതികള്‍ തകിടം മറിച്ചിരിക്കുകയാണ്, പ്രത്യേകിച്ചും നാളെ ടീം പ്രഖ്യാപിക്കാനിരിക്കെയാണ് ഈ തിരിച്ചടി എന്നതിനാല്‍. ആര് കളിക്കും ആല്‍വേസിനു പകരം?
ബ്രസീല്‍ ടീമിന്റെ ചന്തവും ആവേശവും പ്രതിഭയുമൊക്കെ ഒത്തിണങ്ങിയ കളിക്കാരനാണ് ആല്‍വേസ്. ആല്‍വേസിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് ഏതാനും ആഴ്ചകള്‍ കൊണ്ട് ഭേദമാവമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ശസ്തക്രിയ വേണമെന്നും അഞ്ചു മാസമെങ്കിലുമെടുക്കും കായികക്ഷമത വീണ്ടെടുക്കാനെന്നുമാണ് ബ്രസീല്‍ ടീം ഡോക്ടറുടെ കുറിപ്പടി. ലോകകകപ്പില്‍ കളിക്കാനാവില്ലെന്നു മാത്രമല്ല കരിയര്‍ തന്നെ അപകടത്തിലാണ് എന്നര്‍ഥം.
കൊറിന്തിയന്‍സിന്റെ ഡിഫന്റര്‍ ഫാഗ്‌നര്‍ ലെമോസാണ് പകരക്കാരനാവാന്‍ സാധ്യത കൂടുതല്‍. ലെമോസ് നാലു തവണ ബ്രസീലിന് കളിച്ചിട്ടുണ്ട്. പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും പങ്കുചേരാനുള്ള കെല്‍പുണ്ട്. മാഴ്‌സെലോയുടെ സാന്നിധ്യം കാരണം ഇടതു വിംഗില്‍ സ്ഥാനം കിട്ടാത്ത ആരെയെങ്കിലും വലതു വിംഗിലേക്ക് മാറ്റാനും മതി. എങ്കില്‍ ഫെലിപ്പെ ലൂയിസും അലക്‌സ് സാന്‍ഡ്രോയും പരിഗണിക്കപ്പെട്ടേക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡാനിലൊ, ബയേണ്‍ മ്യൂണിക്കിന്റെ റഫീഞ്ഞ എന്നിവരാണ് പരിഗണിക്കാവുന്ന മറ്റു കളിക്കാര്‍.
റഫീഞ്ഞ ടീമിലെത്തുകയാണെങ്കില്‍ മുന്‍ ലോകകപ്പ് ജേതാവായ പിതാവ് മാസിഞ്ഞോക്ക് ഇരട്ട ആഹ്ലാദമായിരിക്കും. റഫീഞ്ഞയുടെ സഹോദരന്‍ തിയാഗൊ അല്‍കന്ററ സ്‌പെയിന്‍ ടീമിലുണ്ടാവും. സാന്‍ഡ്രൊ യുവന്റസില്‍ മികച്ച ഫോമിലാണ്. ആല്‍വേസിനെ പോലെ ആക്രമിച്ചു കളിക്കും.
പകരം ആര് കളിച്ചാലും പ്രതിരോധത്തിലും ആക്രമണത്തിലും ആല്‍വേസിനെ പോലെ ഓടിയെത്താന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ബ്രസീലിന് ആക്രമണത്തില്‍ അല്‍പമൊരു വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കും. ഒരല്‍പം പ്രതിരോധാത്മകമായി കളിക്കേണ്ടി വരും.