കാനഡയും  പുറത്ത്, ബെല്‍ജിയം നൂലിഴയില്‍

ദോഹ - തങ്ങളുടെ ആദ്യ ലോകകപ്പ് ഗോളടിച്ച കാനഡയുടെ സന്തോഷത്തിന് അല്‍പായുസ്സ്. നാലു ഗോള്‍ തിരിച്ചടിച്ച് നിലവിലെ റണ്ണേഴ്‌സ്അപ്പ് ക്രൊയേഷ്യ അവര്‍ക്ക് മടക്ക ടിക്കറ്റുറപ്പാക്കി (1-4). അറുപത്തെട്ടാം സെക്കന്റില്‍ ഗോളടിച്ച് അല്‍ഫോണ്‍സൊ ഡേവീസാണ് ക്രൊയേഷ്യയെ ഞെട്ടിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. ആദ്യ പകുതിയില്‍ തന്നെ ക്രൊയേഷ്യ രണ്ടു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ കാനഡ സമനില ഗോളിനായി പൊരുതിക്കയറുന്നതിനിടയില്‍ രണ്ടു തവണ കൂടി വല കുലുക്കി. 38 വര്‍ഷത്തിനു ശേഷം ലോകകപ്പിനെത്തിയ കാനഡ രണ്ടു കളിയിലും നന്നായി പൊരുതിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുന്ന രണ്ടാമത്തെ ടീമാണ് കാനഡ. ക്രൊയേഷ്യക്കും മൊറോക്കോക്കും നാലു പോയന്റ് വീതമായി. ഒന്നാം സ്ഥാനത്ത് ക്രൊയേഷ്യയാണ്.  രണ്ടു ടീമുകള്‍ക്കും നോക്കൗട്ടിലെത്താന്‍ അവസാന മത്സരങ്ങളില്‍ സമനില മതി. ബെല്‍ജിയത്തിന്റെ ഭാവിയാണ് ആശങ്കയിലായത്. 
ബെല്‍ജിയത്തിനെതിരെ പെനാല്‍ട്ടി പാഴാക്കിയ ഡേവീസാണ് രണ്ടാം മിനിറ്റിലെ കുതിപ്പില്‍ ക്രൊയേഷ്യന്‍ വല കുലുക്കിയത്. ക്രൊയേഷ്യ വിറച്ചുപോയെങ്കിലും പതിയെ അവര്‍ തനിസ്വരൂപം പുറത്തെടുത്തു. നിരന്തരം അവര്‍ അവസരങ്ങള്‍ തുറന്നെടുത്തു. മുപ്പത്താറാം മിനിറ്റില്‍ ആന്ദ്രെ ക്രാമരിച്ചും എട്ടു മിനിറ്റിനു ശേഷവും മാര്‍ക്കൊ ലിവായയും സ്‌കോര്‍ ചെയ്തു. എഴുപതാം മിനിറ്റില്‍ ക്രാമരിച് തന്നെ വീണ്ടും ലക്ഷ്യം കണ്ടതോടെ കാനഡയുടെ വിധി തീരുമാനമായി. ഇഞ്ചുറി ടൈമില് ലോവറൊ മേയര്‍ സ്‌കോറിംഗ് പൂര്‍ത്തിയാക്കി.

Latest News