Sorry, you need to enable JavaScript to visit this website.

അസ്തമയച്ചുവപ്പിന്റെ അഴക്‌

ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമാണ് എന്റെ അസ്തമയച്ചുവപ്പുകൾ. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്ത പുസ്തകം സഹൃദയലോകത്ത് ചർച്ചചെയ്യപ്പെടുന്നുവെന്നത് ഒരു പുതിയ എഴുത്തുകാരിയെ സംബന്ധിച്ച്്് വലിയ കാര്യമാണ്. അസ്തമയച്ചുവപ്പുകൾ ഓരോരുത്തരുടേയും ജീവിതത്തിലെ സുപ്രധാനമായ അടയാളപ്പെടുത്തലാകുന്നതുകൊണ്ടും കഥകളുടെ ജീവിതാംശം നിറഞ്ഞ പ്രതിപാദനം കൊണ്ടും വായനക്കാരുടെ കയ്യടിവാങ്ങിയാണ് പുസ്തകം മുന്നേറുന്നത്.


ആശയങ്ങൾകൊണ്ട് സ്വപ്‌നം കാണുന്ന കഥാകാരിയുടെ അസ്തമയച്ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ചെറുപ്രായത്തിലെ ഹന്ന അനുഭവിച്ച തീവ്രമായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. ഭിന്നശേഷിക്കാരായ രണ്ട് സഹോദരന്മാരുടെ ഏക സഹോദരിയെന്നനിലക്ക് ആശുപത്രി വരാന്തകളിലും ചികിൽസാ കേന്ദ്രങ്ങളിലും ചെലവഴിച്ച അസ്വസ്ഥതയുടേയും അസമാധാനത്തിന്റേയും മുഹൂർത്തങ്ങളിൽ സ്വയം ആശ്വാസം എന്ന നിലയിലെഴുതിയ കുറിപ്പുകളാണ് കഥകളാണ് വികസിച്ചത്.
ഹന്നയുടെ എഴുത്തിന്റെ ആർദ്രതയും സ്‌നേഹത്തിന്റെ ആഴവും തൊട്ടറിയുന്ന ഈ കുറിപ്പ് മതി സർഗപഥത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഈ കൊച്ചുകഥാകാരിയെ തിരിച്ചറിയുവാൻ. ജീവിതം അടയാളപ്പെടുത്തുന്ന നിസ്തുല മുഹൂർത്തങ്ങളും വൈകാരിക തലങ്ങളും കൊണ്ട് സമ്പന്നമാണ് ഹന്നയുടെ ഓരോ കഥയും.

ഹന്ന കുറിക്കുന്നത് നോക്കൂ:

കയ്യിൽ 'എന്റെ അസ്തമയച്ചുവപ്പുകളും'പിടിച്ചു കുഞ്ഞിക്ക നിൽക്കുന്നത് കാണുമ്പോൾ ഞാൻ എന്താണ് ഓർത്തതെന്നറിയോ?
പണ്ട് പണ്ടൊരു കാലത്തിൽ ഒരു ഇക്കാക്കയും അനിയത്തിയും റെയിൽ മുറിച്ചു കടന്നു സ്‌കൂളിൽ പോയിരുന്നതിനെ പറ്റി. എല്ലാവരെയും പോലെ അല്ല അവനെന്നു അവരുടെ ഉമ്മി അവളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നതിനെ പറ്റി. അതിന്റെ ആഴം അറിയാതെ എന്നെ എന്താണ് ഇക്കാക്ക നോക്കാത്തതെന്ന് ഞാൻ പടച്ചോനോടും ഉമ്മിയോടും കലഹിച്ചത്. നോട്ടം തെറ്റിയ ഏതോ ഇരുണ്ട നേരത്തു എന്റെ കയ്യിൽ നിന്നും കുഞ്ഞിക്കയെ കാണാതെ പോയത്. അവൻ എവിടെ പോയിരിക്കുമെന്ന് ഓർക്കാൻ പോലും അറിയാതെ ഞാൻ നിലച്ചുപോയത്. അവൻ മരിച്ചുപോയിരിക്കരുതേ എന്ന് മാത്രം പ്രാർഥിച്ചത്. അന്ന് രാത്രിയിൽ ചോദ്യങ്ങൾ ചോദിക്കാതെ ഞാൻ ഉമ്മിയെ വെറുതെ വിട്ടത്. എല്ലാവരെയും പോലെ അല്ല ഇക്കമാർ എന്നെനിക്ക് ബോധ്യം വന്നത്. അന്ന് തൊട്ട് ഇന്ന് വരെ കുഞ്ഞിക്കയും ഞാനും തമ്മിൽ വിവരിക്കാനാവാത്ത എന്തോ ഒന്നുണ്ട്. വല്ലിക്കയിലേക്കും മോനുട്ടിയിലേക്കും എത്താതെ പോയ ഏതോ ഒരുനൂലിനറ്റം പിടിച്ചാണ് ഞാനും അവനും നടന്നതെന്ന് ഞാൻ ഇടയ്്ക്ക് ഓർക്കും.
കാലങ്ങളും നിറങ്ങളും എത്രമേൽ മാറിമറിഞ്ഞെന്ന് ഓർത്തെടുക്കാൻ പോലും പറ്റാത്തത്രയും ഞങ്ങൾ വളർന്നു. എന്നിട്ടും, അന്നത്തെ പോലെ അവനിന്നും എല്ലാരോടും പറഞ്ഞു എന്റെ പെങ്ങളാണെന്ന്! അവളെയെഴുതിയ പുസ്തകമാണെന്ന്! പണ്ട് സ്‌കൂളിൽ പോകുമ്പോ വഴിയരികിലെ ചെടികളോട് പറയും പോലെ! കയ്യിലിരിക്കുന്ന പുസ്തകത്തിൽ എന്തെഴുതിയിരിക്കുന്നു എന്ന് വായിക്കാൻ അവനാവില്ലായിരിക്കും. 
എന്നാലും, 'എന്റെ പെങ്ങളെന്ന' വലിയ ആകാശത്തിനു താഴെ ഇങ്ങനെ ജീവിച്ചുതീർക്കാനാവുന്നതല്ലാതെ മറ്റെന്താണ് സന്തോഷം എന്നോർക്കുകയായിരുന്നു ഞാൻ. കാര്യമില്ലെന്ന് കൂടെയുണ്ടായിരുന്നവർ തന്നെ പറഞ്ഞ അക്ഷരങ്ങളാണ് എന്റെ കുഞ്ഞിക്ക നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നത്. അതിലപ്പുറം വലിയൊരു ആകാശം എന്നെത്തേടി വരികയുണ്ടാകില്ല. മറ്റൊരു ചിരിക്കും എന്റെ കുഞ്ഞിക്കയുടെ കണ്ണിലെ തിളക്കത്തിനേക്കാൾ പൊലിവുണ്ടാവില്ല. ഹന്നയുടെ ഓരോ കഥയും കാലത്തോട് സംവദിക്കുന്നവയും പ്രതിരോധ ശേഷിയുള്ളതും സന്ദേശപ്രധാനവുമാണ് എന്നതിനപ്പുറം സർഗാത്മകതയുടെ സൗന്ദര്യവും സൗരഭ്യവും നിലനിർത്തുന്നവയാണെന്ന് ഒറ്റ വായനയിൽ മനസ്സിലാകും. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ചൂളയിൽ ചുട്ടെടുത്ത വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഓരോ കഥയേയും വായനക്കാരനുമായി ആഴത്തിൽ ബന്ധിപ്പിക്കും. ദീർഘകാലം തന്റെ പിതാവ് ജോലി ചെയ്ത യു.എ.ഇയിലെ പ്രശസ്തമായ ഷാർജ പുസ്തകോൽസവത്തിൽ തന്റെ ആദ്യ കൃതി പ്രകാശനം ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമായാണ് ഹന്ന കണക്കാക്കുന്നത്. ഹന്നയുടെ പിതാവ് കുഞ്ഞിമൊയ്തീൻ ദീർഘകാലം അൽ ഐനിലെ ഒയാസിസ് സ്‌കൂൾ ജീവനക്കാരനായിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമുള്ള സമർപ്പണമാണ് ഹന്നയുടെ കൃതി.
വായനയുടെ സർഗസഞ്ചാരവും ജീവിതാനുഭവങ്ങളുടെ തീവ്രതയുമൊക്കെയാവാം ഹന്നയെ ഒരെഴുത്തുകാരിയാക്കിയത്. നന്നായി വായിക്കുമായിരുന്ന ഉമ്മ ആയിഷ പകർന്നു നൽകിയ തന്റേടവും ആത്മവിശ്വാസവും മനസിൽ തോന്നുന്ന പല വികാരങ്ങളും കുത്തിക്കുറിക്കാൻ പ്രചോദനമായി. സ്‌കൂൾ, കോളേജ് കാലങ്ങളിലൊന്നും കാര്യമായി എഴുതിയിരുന്നെങ്കിലും നന്നായി വായിക്കാൻ ശ്രദ്ധിക്കുമായിരുന്നു. ഏകാന്തതയുട നിമിഷങ്ങളിൽ പുസ്തകങ്ങൾ കൂട്ടായി മാറിയപ്പോൾ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല കൃതികളും ആവർത്തിച്ച് വായിച്ചു. വായനയുടെ നൈരന്തര്യവും സാഹചര്യങ്ങളുമാകാം തന്റെ ഉള്ളിലുണ്ടായിരുന്ന എഴുത്ത് പുറത്ത് കൊണ്ടുവന്നതെന്നാണ് ഹന്ന കരുതുന്നത്. പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ദ സഹീറും ബിന്യാമിന്റെ ആടുജീവിതവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവുമെല്ലാം ഹന്നയെ സ്വാധീനിച്ച പുസ്തകങ്ങളാണ്.


ഭിന്നശേഷിക്കാരായ രണ്ട് സഹോദരങ്ങളുമൊത്ത് പലപ്പോഴും ആശുപത്രി വരാന്തകളിൽ നീണ്ട മണിക്കൂറുകൾ ചിലവഴിക്കേണ്ടി വന്നതും ജീവിതാനുഭവങ്ങളുമൊക്കെയാണ് തന്റെ എഴുത്തിന്റെ പരിസരമൊരുക്കിയത്. ആദ്യമൊക്കെ എഴുതിയത് ആരെയെങ്കിലും കാണിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകളും ഉമ്മയെ കാണിക്കുമായിരുന്നു. 
ഉമ്മ അവ വായിക്കുന്നതും ചിലപ്പോഴൊക്കെ കണ്ണുനിറയുന്നതും ഹന്ന ശ്രദ്ധിച്ചു. തന്റെ എഴുത്തും വികാരവും ഉമ്മക്ക് ഉൾകൊള്ളാനാകുന്നുവെന്നതാണ് ഹന്നയെ പ്രചോദിപ്പിച്ചത്. അങ്ങനെയാണ് പ്രതിലിപിയിൽ പലപ്പോഴേയും കുറേശ്ശെ എഴുതി തുടങ്ങിയത്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന നല്ല സൗഹൃദങ്ങളും എഴുത്തുമായി ബന്ധപ്പെട്ട കൂടുതൽ തിരിച്ചറിവുകളുമുണ്ടാകുവാൻ ഇത് സഹായകമായി. 
അങ്ങനെയാണ് സുഹൃത്ത് മുനീർ എ. റഹ് മാൻ നൽകിയ മാർഗനിർദേശങ്ങളുടേയും പ്രോൽസാഹത്തിന്റേയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കഥകൾ ക്രോഡീകരിച്ച് എന്റെ അസ്തമയ ചുവപ്പുകൾ എന്ന പേരിൽ പുസ്തകമാക്കിയത്. നവമാധ്യമങ്ങൾ തുറന്നുവെച്ച ആവിഷ്‌കാരത്തിന്റെ ഇടങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ഈ യുവ എഴുത്തുകാരി വായനക്കാരുടെ ഹൃദയം കവരുമെന്നതിൽ സംശയമില്ല.
പുസ്തകത്തിന്റെ തുടക്കത്തിൽ മുനീർ എ. റഹ്്്മാൻ കുറിക്കുന്നു. എഴുത്ത് ആത്മനിഷ്ഠമാണ് . ആശയങ്ങളും വാക്കുകളും കൊണ്ടുമാത്രം മികച്ച കഥ എഴുതാനാവില്ല. ആശയങ്ങൾകൊണ്ട് സ്വപ്‌നം കാണണം. അതിഭാവുകത്വത്തിലൂടെ സ്വയം കഥാപാത്രമായി സഞ്ചരിക്കണം. ചിന്തകൾക്ക് തീ കൊളുത്തണം. ചിലപ്പോൾ വിചാരങ്ങളെ മുറിവേൽപ്പിക്കേണ്ടി വരും. അപ്പോൾ ശക്തമായ വേനൽ മഴയിലെ ഇടിമിന്നലിലൂടെ പൊടുന്നനെ മുളക്കുന്ന കൂണുകൾ പോലെ കഥ പിറവിയെടുക്കും. ആ സമയം ഹൃദയം പെയ്‌തൊഴിഞ്ഞ മാനം പോലെ നന്നായി വെളുക്കും. ഡോ. ഹന്ന മൊയ്തീന്റെ കഥകൾ ഇങ്ങനെ പൊടുന്നനെ മുളച്ച രുചികരമായ കൂണുകൾ പോലെയാണ് . നീണ്ട നാളത്തെ തപസ്സിന് ശേഷമാണ് ഹന്ന കഥയെഴുതുന്നത്. 
ഓരോ കഥയിലും തന്റേതായ ആശയവും കൈയൊപ്പും ചാരുതയോടെ അവർ വരച്ചുചേർക്കുന്നുണ്ട്.ലളിതമായ ആഖ്യാനവും വളച്ചുകെട്ടില്ലാത്ത പ്രയോഗങ്ങളുമാണ് ആ എഴുത്തിനെ വ്യതിരിക്തമാക്കുന്നത്.
ഹന്നയുടെ പുസ്തകത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ വാക്കുകൾ ഈ യുവ കഥാകാരിയിൽ നിന്നും കൂടുതൽ മികച്ച പല രചനകളും വരാനിരിക്കുന്നുവെന്നതിന്റെ സൂചനയാണ് . തുടക്കം നന്നായാൽ പകുതി ദൗത്യം പൂർത്തിയായി എന്നാണ് ഇംഗ്ലീഷുകാർ പറയാറുള്ളത്. ഈയർഥത്തിൽ തന്റെ ആദ്യ കൃതി മികച്ച ഫോമിൽ പ്രശസ്തമായ ഷാർജാപുസ്തകോൽസവത്തിലെ ശ്രദ്ധേയമായ വേദിയിൽ പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശിതമാകുമ്പോൾ സായൂജ്യമടയുന്നത് ഹന്ന മാത്രമല്ല , വിശാലമായ കുടുംബവും സഹൃദയ ലോകവും കൂടിയാണ് .
മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ച് പടിയാറിൽ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും അപ്‌ളൈഡ് സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ ഡോ. ഹന്ന ഖത്തറിലെ അൽ ഷിഫ പോളി ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് മുഹമ്മദ് അധികാരത്തും ഖത്തർ പ്രവാസിയാണ് .

Latest News