ദോഹ - കഴിഞ്ഞ കളിയില്‍ സ്പെയിനിന്റെ യുവനിരക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ കോസ്റ്ററീക്ക ലോകകപ്പിന്റെ ഗ്രൂപ്പ് ഇ-യില്‍ ജപ്പാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് തിരിച്ചുവരവ് നടത്തി. ജപ്പാന്റ തോല്‍വി ജര്‍മനിക്ക് നേരിയ പ്രതീക്ഷയായി. ജയിച്ചിരുന്നെങ്കില്‍ ജപ്പാന് പ്രി ക്വാര്‍ട്ടറിലെത്തുമായിരുന്നു. എങ്കില്‍ ജര്‍മനി, സ്പെയിന് ടീമുകളിലൊന്ന് ആദ്യ റൗണ്ടില്‍ പുറത്തു പോവുമായിരുന്നു.
എണ്‍പത്തൊന്നാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറാണ് മത്സരത്തിലെ ഏക ഗോളടിച്ചത്. ഇതോടെ ജപ്പാനും കോസ്റ്ററീക്കക്കും രണ്ടു കളിയില്‍ മൂന്ന് പോയന്റ് വീതമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തില്‍ ജര്‍മനിയും സ്പെയിനും ഇന്ന് രാത്രി ഏറ്റുമുട്ടും. ജര്‍മനിക്ക് വിജയം അനിവാര്യമാണ്.
ജപ്പാന് പ്രതിരോധത്തിലെ പിഴവാണ് ഗോളിന് കാരണം. ജപ്പാന് പ്രതിരോധം ക്ലിയര്‍ ചെയ്യാന്‍ വൈകിയപ്പോള്‍ 18 മീറ്റര്‍ അകലെ നിന്ന് ഫുള്ളര്‍ ഷോട്ട് തൊടുത്തു. ജപ്പാന് ഗോളി ഷൂയിചി ഗോണ്ടയുടെ നീട്ടിയ കൈകളില്‍നിന്ന് തലനാരിഴ ഉയരത്തിലൂടെ പന്ത് വലയിലേക്ക് വഴി കണ്ടു.
തീര്‍ത്തും വിരസമായിരുന്നു മത്സരം. ആദ്യ പകുതിയില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പോയില്ല. രണ്ടാം പകുതി അല്പം മികച്ചതായിരുന്നു. കോസ്റ്ററീക്ക ഗോളടിക്കുന്നതു വരെ ജപ്പാനായിരുന്നു ആക്രമിച്ചു കയറിയത്. അവസാന മിനിറ്റുകളില്‍ ജപ്പാന് സമനില ഗോളിനായി ഇരമ്പിക്കയറിയപ്പോള്‍ കോസ്റ്ററീക്കന്‍ ഗോളി കയ്ലോര്‍ നവാസ് നിരവധി സെയവുകളിലൂടെ ടീമിന്റെ ലീഡ് കാത്തു. ജ്പ്പാന്‍ ആദ്യ കളിയില്‍ ജര്‍മനിയെ അട്ടിമറിച്ചിരുന്നു. കോസ്റ്ററീക്കയെ സ്പെയിന് 7-0 ന് തകര്‍ത്തു.






