ദോഹ - പോളണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ നിറഞ്ഞു കളിച്ചിട്ടും സൗദി അറേബ്യ പിന്നില്‍ . മുപ്പത്തൊമ്പതാം മിനിറ്റില്‍ പിയറ്റര്‍ സെലന്‍സ്കിയാണ് ഗോളടിച്ചത്. പോളണ്ട് ഒട്ടും അര്‍ഹിക്കാത്ത ഗോളായിരുന്നു അത്. പോളണ്ടിന്റെ ആദ്യ ശ്രമം ഗോളി മുഹമ്മദ് അല്‍ഉവൈസ് തടുത്തെങ്കിലും റീബൗണ്ടില്‍ പോളണ്ടിന് പിഴച്ചില്ല. മുഹമ്മദ് കാനുവിന്റെ കിടിലന്‍ ഷോട്ട് നേരത്തെ പോളണ്ട് ഗോളി വിരല്‍തുമ്പ് കൊണ്ട് തട്ടിയുയര്ത്തിയിരുന്നു. തുടക്കത്തില്‍ സൗദിയുടെ ഹൈപ്രസിംഗ് ഗെയിമിനു മുന്നില്‍ പോളണ്ട് വിറച്ചു. മൂന്ന് മഞ്ഞക്കാര്‍ഡ് വഴങ്ങിയാണ് അവര്‍ സൗദി ആക്രമണം പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ക്രമേണ പോളണ്ട് താളം വീണ്ടെടുത്തു. ഓപണ്‍ ഗെയിമില്‍ നിന്ന് പോളണ്ട് ലോകകപ്പില്‍ ഗോള്‍ നേടുന്നത് 20 വര്‍ഷത്തിനു ശേഷമാണ്.
ഇഞ്ചുറി ടൈമില്‍ സൗദിക്ക് വീഡിയൊ റിവ്യൂവിലൂടെ കിട്ടിയ പെനാല്‍ട്ടി സാലിം അല്‍ദോസരി പാഴാക്കി. ഗോളി വോയ്സിയേച് ചെചസ്നി വലത്തോട്ട് ചാടി തട്ടിത്തെറിപ്പിക്കുകയായിരുന്നു. റീബൗണ്ട് ഫിറാസ് അല്‍ബരീകാന്‍ തൊടുത്തുവിട്ടെങ്കിലും ഒഴിഞ്ഞവലക്കു മുകളില്‍ ക്രോസ്ബാറിനെ തൊട്ടുരുമ്മി പുറത്തുപോയി. ഈ ലോകകപ്പില്‍ പത്ത് പെനാല്‍ട്ടികളില്‍ മൂന്നാമത്തേതാണ് പാഴാവുന്നത്. അതിലൊന്ന് അമേരിക്കക്കെതിരെ പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്സ്കിയുടേതായിരുന്നു.
സൗദി ഇന്ന് ജയിച്ചാല്‍ പ്രി ക്വാര്‍ട്ടറിലെത്തും. ആദ്യ കളിയില്‍ മെക്സിക്കോയോട് പോളണ്ട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
പരിക്കേറ്റ ക്യാപ്റ്റന്‍ സല്മാന് അല്‍ഫറജും ഡിഫന്റര്‍ യാസിര്‍ അല്‍ശഹ്റാനിയുമില്ലാതെയാണ് സൗദി കളിക്കുന്നത്. സാലിം അല്‍ദോസരിയാണ് ടീമിനെ നയിക്കുന്നത്.






