അല്‍റയ്യാന്‍ - സൗദി അറേബ്യയുടെ ഗ്രീന്‍ ഫാല്‍ക്കന്‍സ് മറ്റൊരു വിജയത്തിലേക്ക് പറക്കാനൊരുങ്ങുന്നു. ലോകകപ്പില്‍ സൗദിയെക്കാള്‍ റാങ്കിംഗ് കുറഞ്ഞ ഒരു ടീമേയുള്ളൂ, ഘാന. പക്ഷെ ഇന്ന് ജയിച്ചാല്‍ സൗദി നോക്കൗട്ട് ഉറപ്പാക്കും. ആദ്യ മത്സരത്തെക്കാള്‍ ആവേശത്തോടെ പൊരുതുമെന്ന് മിഡ്ഫീല്‍ഡര്‍ സാമി അല്‍നാജി ഉറപ്പ് നല്‍കുന്നു. ടീമിനെ ധീരമായി പ്രതിരോധിക്കുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ യാസില്‍ അല്‍ശഹ്‌റാനിക്കു വേണ്ടി മറ്റൊരു വിജയം നേടാന്‍ സൗദി കളിക്കാര്‍ ഉറച്ചിരിക്കുകയാണ്.
'ആദ്യ മത്സരം സൗദിയെക്കുറിച്ച ധാരണ തന്നെ മാറ്റി. പക്ഷെ അതിനും മൂന്നു പോയന്റേ കിട്ടൂ. ഞങ്ങള്‍ ഇതുവരെ നോക്കൗട്ടിലെത്തിയിട്ടില്ല' -സാലിഹ് അല്‍ശഹരി ഓര്‍മിപ്പിച്ചു.
മെക്‌സിക്കോക്കെതിരെ നിറംകെട്ട പ്രകടനമാണ് പോളണ്ട് കാഴ്ചവെച്ചത്. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി പെനാല്‍ട്ടി പാഴാക്കി. ഈ ലോകകപ്പില്‍ ഗോളാവാതെ പോയ രണ്ട് പെനാല്‍ട്ടികളിലൊന്നാണ് അത്. ലോക ഫുട്‌ബോളിലെ ഗോളടിവീരനായ ലെവന്‍ഡോവ്‌സ്‌കിക്ക് ലോകകപ്പില്‍ നാലു മത്സരം കളിച്ചിട്ടും ഒരു ഗോള്‍ പോലുമടിക്കാനായിട്ടില്ല. കോച്ച് ചെസ്ല മിഷ്‌നിയേവിഷിന്റെ 4-3-2-1 ശൈലി ഗോളടിക്കല്‍ പ്രയാസകരമാക്കുന്നു. ലെവന്‍ഡോവ്‌സ്‌കിക്ക് ഒരു സ്‌ട്രൈക്ക് പാര്‍ട്ണറില്ല, ഗോളവസരങ്ങള്‍ക്കായി മധ്യനിരയെ ആശ്രയിക്കണം. ഇത്ര പിന്നിലേക്കിറങ്ങി ഫോര്‍വേഡുകള്‍ക്ക് കളിക്കാനാവില്ലെന്നും എന്നാല്‍ കോച്ചിന്റെ വഴി അതാണെങ്കില്‍ എന്താണ് ചെയ്യാനാവുകയെന്നും ലെവന്‍ഡോവ്്‌സ്‌കി ചോദിക്കുന്നു.
ആറ് മഞ്ഞക്കാര്‍ഡുകളാണ് അര്‍ജന്റീനക്കെതിരെ സൗദി നേരിട്ടത്. ഗോളി മുഹമ്മദ് അല്‍ഉവൈസിന്റെ അത്യുജ്വല പ്രകടനവും വേണ്ടി വന്നു അര്‍ജന്റീനയെ അകറ്റിനിര്‍ത്താന്‍. മറ്റൊരു ധീരമായ പ്രകടനമാണ് ടീമില്‍ നിന്ന് സൗദി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.






