പൊടിപാറും പോരാട്ടം: ബംഗളൂരുവില്‍നിന്നൊരു ജാലകക്കാഴ്ച

ഇരുപത് വര്‍ഷം മുമ്പ്, നാടും വീടും വിടുന്ന ദുഃഖവുമായി ബംഗളൂരുവിലെക്ക് ചേക്കേറിയ അനേകരില്‍ ഒരുവളായിരുന്നു ഞാന്‍. മഹാനഗരം വാഗ്ദാനം ചെയ്യുന്ന തൊഴില്‍ സാധ്യതകളിലേക്ക് കണ്ണും നട്ട്, എന്റെ ഇരുപതുകളില്‍ ബംഗളൂരു എനിക്ക് അഭയമായി. പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗഭൂമി എന്ന പട്ടം കൊഴിച്ചുകളഞ്ഞ്, ആഗോള ഐ.ടി വ്യവസായത്തെ പുണര്‍ന്നു കഴിഞ്ഞിരുന്നു നഗരം അപ്പോള്‍. അത് കൊണ്ടുവന്ന മാറ്റങ്ങളും പലതായിരുന്നു- ഹരിതാഭവും പ്രസന്നവും ശാന്തസുന്ദരവുമായ ബംഗളൂരു, പൊടിയും മാലിന്യവും അസഹനീയമായ ഗതാഗതത്തിരക്കുമുള്ള നഗരമായി മാറി. അതിര്‍ത്തിക്കപ്പുറത്ത് എന്തു നടന്നാലും മൗനം ഭൂഷണമായി കരുതിയ ബംഗളൂരു, ഇന്നുള്ളതുപോലെ, രാഷ്ട്രീയ പോരാട്ടങ്ങളുടെയും നിലപാടുകളുടേയും ഭൂമികയായി മാറി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്ന ചൂണ്ടുപലകയായി മാറിയിരിക്കുന്നു അതിപ്പോള്‍.


കര്‍ണാടകയും ബംഗളൂരുവും ഇപ്പോള്‍ ഒരു വഴിത്തിരിവിലാണ്. രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സന്തുലനം തെറ്റിക്കാന്‍ ശേഷിയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. 2019 ന്റെ മോക് ഇലക്ഷന്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്നത്.  2019 ല്‍ ദക്ഷിണേന്ത്യയില്‍ വലിയ മുന്നേറ്റം ആഗ്രഹിക്കുന്ന ബി.ജെ.പിയാണ് ഒരു പ്രധാന കക്ഷി. സ്വന്തം തട്ടകം തടുത്തുനിര്‍ത്താന്‍ എല്ലാ അടവുകളും സ്വന്തമാക്കി കോണ്‍ഗ്രസും സജീവം. മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് മേല്‍ വിലങ്ങുതടിയാകാനുള്ള ശേഷിയുമായി ജനതാദള്‍-എസും സാന്നിധ്യമറിയിക്കുന്നു. മതത്തിലും ജാതിയിലും വര്‍ഗീയ കാര്‍ഡിലുമാണ് പതിവുപോലെ ബി.ജെ.പിയുടെ കണ്ണ്. കോണ്‍ഗ്രസ് ആകട്ടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായയെയാണ് ആശ്രയിക്കുന്നത്. ജനതാദളിന് അവരുടെ വിശ്വസ്ത വോട്ട് ബാങ്ക് ഒപ്പമുണ്ട്.


ബാംഗ്ലൂരിനെ മാത്രം ചുറ്റിത്തിരിയുന്ന, കന്നഡികയല്ലാത്ത ഒരാളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ പ്രയാസകരമായ തെരഞ്ഞെടുപ്പ് തന്നെയാണിത്. ശക്തമായ ഭരണവിരുദ്ധ വികാരമില്ല എന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെ വലിയ നേട്ടം. പ്രതിപക്ഷത്തിന് അണിനിരത്താന്‍ വലിയ അഴിമതിക്കഥകളുമില്ല. സിദ്ധരാമയ്യയെപ്പോലെ ശക്തനായ ഒരു പ്രാദേശിക നേതാവുണ്ടായതും ലിംഗായത്തുകളെ കൈയിലെടുത്ത അദ്ദേഹത്തിന്റെ മാസ്റ്റര്‍സ്‌ട്രോക്കും കോണ്‍ഗ്രസിന് ഗുണകരമാകും. ബി.ജെ.പിക്കാകട്ടെ, അഴിമതിക്കറ പുരണ്ട യെദ്യൂരപ്പയും ബെല്ലാരിയിലെ മൈനിംഗ് റെഡ്ഡിമാരുമാണ് ഒപ്പമുള്ളത്.
തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ കോണ്‍ഗ്രസ് പൊതുവേ അതിന്റെ നില മെച്ചപ്പെടുത്തിയ സ്ഥിതിയാണ് അവസാന ഘട്ടം വരെ കാണുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ വാഗ്ദാന ലംഘനങ്ങളും പ്രാദേശിക നേതാക്കളെ ചുറ്റിപ്പറ്റിയുള്ള അഴിമതിക്കഥകളും ബി.ജെ.പിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. വലിയ തോതില്‍ ഐ.ടി ജോലിക്കാരുള്ള ബംഗളൂരു നഗരത്തില്‍, ഓണ്‍ലൈനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമുള്ള സ്ഥാനാര്‍ഥികളുടേയും പാര്‍ട്ടികളുടെയും സാന്നിധ്യം നിര്‍ണായകമാണ്, ഇതിന്റെ പ്രാധാന്യം മുമ്പേ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഐ.ടി സെല്‍ ശക്തമാക്കുകയും പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നതില്‍ മേല്‍ക്കൈ കിട്ടാനും ശ്രമിച്ചു. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വളരെ സജീവമായിരുന്ന ബി.ജെ.പിയുടെ ഐ.ടി, സോഷ്യല്‍ മീഡിയ സെല്ലുകള്‍ക്ക് ഇത്തവണ പഞ്ച് അത്ര പോരായിരുന്നു.


ഏതെങ്കിലും പാര്‍ട്ടിയുടെ ഭാവി ഭാഗധേയത്തിലുപരി, രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷകളുമുള്ള സിവില്‍ സമൂഹത്തിന്റെ ഉണര്‍വ്വാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന ഹൃദ്യമായ സവിശേഷത. സിറ്റിസന്‍സ് ഫോര്‍ ബംഗലൂരു, ബിപാക് പോലെയുള്ള പൗരാവകാശ ഗ്രൂപ്പുകള്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച നല്ലതും ചീത്തയുമായ വിവരങ്ങള്‍ പങ്കുവെക്കുന്നു. ഈ ഗ്രൂപ്പുകളുടെ കഠിനാധ്വാനം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയാണെങ്കില്‍ ഭാവി തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തിന് ബംഗളൂരു നല്‍കുന്ന വലിയൊരു ഉപഹാരമായിരിക്കും അത്.
(മുന്‍ മാധ്യമ പ്രവര്‍ത്തകയും ബാംഗ്ലൂരില്‍ ടെക്‌നിക്കല്‍ റൈറ്ററുമാണ് ലേഖിക)

 

 

Latest News