ഖത്തര്‍ ഔട്, ഡച്ച് കാത്തിരിക്കണം

നെതര്‍ലാന്റ്‌സ് 1-ഇക്വഡോര്‍ 1


ദാഹ - ലോകകപ്പില്‍ ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന നാണക്കേട് ഏറ്റുവാങ്ങിയ ഖത്തര്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരെന്ന മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലെഴുതി. സെനഗാലിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും അവര്‍ 1-3 ന് തോറ്റു. ഇക്വഡോറും നെതര്‍ലാന്റ്‌സും 1-1 സമനില പാലിച്ചതോടെ ഖത്തര്‍ ഈ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. ആര് പ്രി ക്വാര്‍ട്ടറിലെത്തുമെന്നറിയാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ വരെ കാത്തിരിക്കണം. ഡച്ചിനും ഇക്വഡോറിനും നാല് വീതവും സെനഗാലിന് മൂന്നും പോയന്റുണ്ട്. നെതര്‍ലാന്റ്‌സും ഖത്തറും തമ്മിലും ഇക്വഡോറും സെനഗാലും തമ്മിലുമാണ് അവസാന മത്സരം. 
ആറാം മിനിറ്റില്‍ കോഡി ഗാക്‌പോയാണ് ഇക്വഡോറിനെതിരെ ഡച്ചിന്റെ ഗോളടിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗാക്‌പൊ ലക്ഷ്യം കണ്ടത്. ഇടവേളക്ക് അല്‍പം മുമ്പ് ഇക്വഡോര്‍ ഗോള്‍ മടക്കിയെങ്കിലും വീഡിയൊ റഫറി ഇടപെട്ടതോടെ തീരുമാനം മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എന്നാര്‍ വലന്‍സിയ ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പ് മത്സരത്തിലാണ് വലന്‍സിയ ഗോളടിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്നു ഗോളോടെ വലന്‍സിയ ഒന്നാം സ്ഥാനത്താണ്. ഇക്വഡോറിന്റെ ഒരു ഷോട്ട് ക്രോസ്ബാറിനടിയിലടിച്ച് തെറിച്ചാണ് ഗോളാവാതെ പോയത്.
ഖത്തറിനെതിരെ 41ാം മിനിറ്റില്‍ ബുലായെ ദിയയും 48ാം മിനിറ്റില്‍ ഫമാര ജിജുവും 84ാം മിനിറ്റില്‍ ബെംബ ദിയേംഗും സെനഗാലിന്റെ ഗോളടിച്ചു. ആദ്യ കളിയില്‍ പതറിപ്പോയ ഖത്തര്‍ ഒന്നാന്തരം ആക്രമണങ്ങളോടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ പ്രതിരോധ നിര ആത്മവിശ്വാസം വീണ്ടെടുക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി. സെനഗാല്‍ ആദ്യ ഗോളടിക്കും മുമ്പെ അക്രം അഫീഫിനെ ബോക്‌സില്‍ ഇസ്മായില്‍ സാര്‍ വീഴ്ത്തിയപ്പോള്‍ ഖത്തര്‍ പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. വീഡിയൊ റഫറിമാര്‍ ഇടപെട്ടുമില്ല. രണ്ടാം പകുതിയില്‍ ത്രസിപ്പിക്കുന്ന ആക്രമണങ്ങളോടെ ഖത്തര്‍ കത്തിക്കയറിയപ്പോള്‍ സെനഗാല്‍ ഗോളി എഡ്വേഡ് മെന്‍ഡി പഴുതടച്ചു നിന്നു. എങ്കിലും പകരക്കാരനായിറങ്ങി നാലു മിനിറ്റിനകം ഗോളടിച്ച് മുഹമ്മദ് മുന്‍താരി ഖത്തറിന് പ്രതീക്ഷ നല്‍കി. ലോകകപ്പ് ചരിത്രത്തില്‍ ഖത്തറിന്റെ ആദ്യ ഗോള്‍. പക്ഷെ നിമിഷങ്ങള്‍ക്കം സെനഗാല്‍ മൂന്നാം ഗോളടിച്ചതോടെ തിരിച്ചുവരവ് അസാധ്യമായി. താളമേളങ്ങളുമായി എത്തിയ സെനഗാല്‍ ആരാധകരും മറൂണ്‍ വസ്ത്രങ്ങളിലും തോബിലും എത്തിയ ആഥിഥേയ കാണികളും അല്‍തുമാമ സ്‌റ്റേഡിയത്തെ വര്‍ണക്കടലാക്കി. 
ആദ്യ കളിയില്‍ പിഴവ് വരുത്തിയ ഗോളി സഅദ് അല്‍ഷീബിനു പകരം മിശ്അല്‍ ബര്‍ഷാമിനെ വല കാക്കാനേല്‍പിച്ചാണ് ഖത്തര്‍ ഒരുങ്ങിയത്. പതിരോധനിര ഉറച്ചുനിന്നപ്പോള്‍ സെനഗാല്‍ വഴി കാണാതെ കുഴങ്ങി. എന്നാല്‍ ഡിഫന്റര്‍ ബുആലിം കൂക്കിയുടെ പിഴവിന് വലിയ വില നല്‍കേണ്ടി വന്നു. ക്രെപിന്‍ ഡിയാറ്റയുടെ നിലംപറ്റെയുള്ള ഷോട്ട് അടിച്ചകറ്റുന്നതില്‍ കൂക്കിക്ക് പിഴച്ചു. ചാടിവീണ ദിയ വലയിലേക്ക് വെടി തൊടുത്തു. 
അതോടെ കാണികള്‍ ഒഴിഞ്ഞു തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണര്‍ കിക്കില്‍ ജിജുവിന്റെ ഗ്ലാന്‍സിംഗ് ഹെഡര്‍ ഖത്തറിന്റെ വല വീണ്ടും കുലുക്കി. അതോടെ ഖത്തര്‍ ഇരമ്പിക്കയറി. ഇസ്മായില്‍ മുഹമ്മദിന്റെ കിടിലന്‍ ഷോട്ട് മെന്‍ഡി അത്രതന്നെ മനോഹരമായി തെറിപ്പിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ ഖത്തര്‍ കാത്തിരുന്ന നിമിഷമെത്തി. മുഹമ്മദിന്റെ ക്രോസില്‍ മുന്‍താരിയുടെ ബുള്ളറ്റ് ഹെഡര്‍ മെന്‍ഡിയെ കീഴടക്കി. സെനഗാല്‍ കുലുങ്ങിയില്ല. ആറു മിനിറ്റിനകം പകരക്കാരന്‍ എന്‍ദിയായെ മൂന്നാം ഗോള്‍ കണ്ടെത്തി. 
ലോകകപ്പില്‍ ഇതിനു മുമ്പ് ഒരു ആതിഥേയ ടീമേ നോക്കൗട്ടിലെത്താതെ പുറത്തായിട്ടുള്ളൂ 2010 ല്‍ ദക്ഷിണാഫ്രിക്ക. 



 

Latest News