ദോഹ- ഡെൻമാർക്കിന് എതിരായ മത്സരത്തിൽ ഫ്രാൻസിന്റെ റാഫേൽ വരാനെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ദിദിയർ ദെഷാംപ്സ്. പരിക്കിനെ തുടർന്ന് ഒരു മാസത്തോളമായി വരാനെ ടീമിൽനിന്ന് പുറത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കാനാകുമെന്ന് വരാനെയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യമത്സരത്തിൽ തന്നെ കളിക്കാൻ പാകത്തിൽ വരാനെ ഫിറ്റ്നസ് നേടിയിരുന്നുവെന്നും പരിശീലകൻ പറഞ്ഞു. വരാനെ തിരിച്ചെത്തുന്നത് ടീമിന് ഗുണകരമാകും. പരിക്കിനെ തുടർന്ന് പോൾ പോഗ്ബ, 2018 ലോകകപ്പ് വിജയത്തിലെ താരങ്ങളായ എൻ ഗോലോ കാന്റെ, പ്രെസ്നെൽ കിംപെംബെ എന്നിവർ ടീമിലില്ല. സ്ട്രൈക്കർ കരിം ബെൻസെമയും ലൂക്കാസ് ഹെർണാണ്ടസും പരിക്കിനെ തുടർന്ന് ഖത്തർ വിടേണ്ടി വന്നു. ഇന്നത്തെ മത്സരത്തിൽ ഡെൻമാർക്കിനെ തോൽപ്പിച്ചാൽ ഫ്രാൻസിന് രണ്ടാം റൗണ്ടിലേക്ക് അനായാസം പ്രവേശിക്കാം. ടുണീഷ്യക്ക് എതിരായ മത്സരത്തിൽ ഡെൻമാർക്ക് സമനിലയാണ് നേടിയത്. ഫ്രാൻസിനെ നേരത്തെ ഡെൻമാർക്ക് തോൽപ്പിച്ചിരുന്നു. 'അവർ ഞങ്ങളെ രണ്ട് തവണ തോൽപ്പിച്ചു. അതു ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി, അതിനാൽ നാളെ അങ്ങനെയല്ലെന്ന് ഞങ്ങൾ ഉറപ്പാക്കണമെന്നും ദെഷാംപ്സ് പറഞ്ഞു.
ഇത് പ്രതികാരം ചെയ്യാനുള്ളതല്ല. കാരണം ഞങ്ങൾക്ക് ഡെന്മാർക്ക് കളിക്കാരെ അറിയാം, അവർക്ക് ഞങ്ങളെ അറിയാം ... ഞങ്ങൾ അവരുടെ കളിക്കാരെ നോക്കി അനുഭവത്തിൽ നിന്ന് പഠിച്ചുവെന്നും ദെഷാംപ്സ് പറഞ്ഞു.






