VIDEO - മഞ്ഞയണിഞ്ഞ് ലൂസൈൽ, മതിമറന്നാഘോഷം

ലുസൈൻ സ്‌റ്റേഡിയത്തിൽനിന്ന് ബ്രസീൽ-സെർബിയ മത്സരത്തിന് ശേഷം പുറത്തിറങ്ങിവരുന്ന കാണികൾ. (ചിത്രം-ഷിറാസ് സിതാര)

ലൂസൈൽ(ദോഹ)-ബ്രസീൽ-സെർബിയ മത്സരത്തിന് ശേഷം ലൂസൈൽ സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്ക് ഒഴുകിവരുന്ന കാണികൾ മനോഹര കാഴ്ചയായിരുന്നു. മഞ്ഞക്കിളിക്കൂട്ടിൽനിന്ന് ആയിരകണക്കിന് മഞ്ഞക്കിളികൾ ഒന്നിച്ചു പറന്നുയരുന്നത്ര മനോഹരം. അവരുടെ ആഹ്ലാദാരവങ്ങൾ കിളിക്കൊഞ്ചലുകളായി ചുറ്റിലും പരന്നു.

സ്‌റ്റേഡിയത്തിന്റെ വിശാലമായ മുറ്റത്ത് മഞ്ഞക്കിളികൾ കൂട്ടുകൂടി. അവർ ആഹ്ലാദത്തിന്റെ അരിമണികൾ കൊത്തിപ്പെറുക്കി. പാട്ടും കളിയുമായി തൂവൽ പൊഴിച്ചു. ബ്രസീലിന്റെ ആദ്യവിജയത്തിന്റെ കാഴ്ചകൾ കടലോളമുണ്ടായിരുന്നു. 

മലയാളികൾ നേതൃത്വം നൽകുന്ന മഞ്ഞപ്പടയും ബർമയിൽനിന്നുള്ള സംഘവുമെല്ലാം ആരാധകരെ മതിമറന്ന് ആഹ്ലാദിപ്പിച്ചു. ദോഹയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ആർട്ടിസ്റ്റ് കൂടിയായ ഷഹ്‌റാൻ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരമ്പരാഗത പാട്ട്. വിജയികൾക്ക് അഭിവാദ്യം, കാണികൾക്ക് സ്വാഗതം എന്ന് തുടങ്ങുന്ന പാട്ട് ഒരു ഘട്ടം കഴിയുമ്പോൾ കാണികളെ കൂടി പാടിപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്ന് വന്നവരും ഇതേവരികൾ പാടാൻ തുടങ്ങി.

ഒരു പാട്ടു തീരുമ്പോൾ അടുത്തത് അങ്ങിനയെങ്ങിനെ അത് മുന്നോട്ടുപോയി. ക്ഷീണമറിയാതെ അവർ പുലരും വരെ പാട്ടുമായി കൂടെക്കൂടി. 
കുറച്ചപ്പുറത്ത് മലയാളികളുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ ചെണ്ട, ബാന്റ് മേളങ്ങൾ. ആദ്യമായി ബാന്റ്‌മേളം കേൾക്കുന്നവർ പോലും ഇവിടെ കൂട്ടംകൂടി നിന്നു. ബ്രസീലിൽനിന്നുള്ള അലിൻഡ മറിയം മലയാളി സംഘത്തിനൊപ്പം നൃത്തംവെച്ചു. ഇത് സാംബാ താളമായിരുന്നില്ല. എങ്കിലും അവർ വിയർത്തുകുളിച്ചും അവിടെ തുടർന്നു. ഇഷ്ട ടീമിന്റെ വിജയം ആടിയും പാടിയും ജനം ആഘോഷിച്ചു.
പതിവിൽകവിഞ്ഞുള്ള തിരക്കായിരുന്നു റോഡുകളിലും മെട്രോയിലും. എങ്കിലും ശാസ്ത്രീയമായ വിന്യാസങ്ങളിലൂടെ അധികം കാത്തിരിപ്പില്ലാതെ തന്നെ കാണികൾക്ക് അവരവരുടെ ലക്ഷ്യസ്ഥാനത്ത് എത്താനായി. 

പതിവുപോലെ മലയാളികൾ തന്നെയായിരുന്നു ബ്രസീൽ-സെർബിയ മത്സരം കാണാനെത്തിയ പ്രവാസികളിൽ ഏറെയും. അർജന്റീനക്കേറ്റ പരാജയം ബ്രസീലിനും സംഭവിക്കുമോ എന്ന ആശങ്കയുള്ള കാണികളും ഉണ്ടായിരുന്നു.മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായത് ഈ ആശങ്കക്ക് ആഴം കൂട്ടി. എന്നാൽ രണ്ടാം പകുതിയിലെ എണ്ണം പറഞ്ഞ ഗോളുകൾ ആരാധകരെ സന്തോഷത്താൽ ആറാടിപ്പിച്ചു. സ്റ്റേഡിയത്തിൽനിന്നുയർന്ന ആഹ്ലാദാരവം കിലോമീറ്ററുകളോളം ഉയർന്നു കേട്ടു. മത്സരം തീർന്നിട്ടും ഇഷ്ടടീമിന്റെ വിജയത്തിലെ ആഹ്ലാദവുമായി ജനം ഇവിടെ ഉറങ്ങാതെ കാത്തിരുന്നു. 

 

 

Latest News