ഇഞ്ചുറി ടൈമില്‍ ഇറാന്‍, ലോകകപ്പിലെ മൂന്നാം ജയം

ദോഹ - ഇംഗ്ലണ്ടിനെതിരായ ആദ്യ കളിയില്‍ കനത്ത തോല്‍വി വാങ്ങിയ ഇറാന്‍ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെയ്ല്‍സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചു. ഇഞ്ചുറി ടൈമിലാണ് ഇറാന്‍ രണ്ടു ഗോളുമടിച്ചത്. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ റൂസ്ബി ചെഷ്മിയും പതിനൊന്നാം മിനിറ്റില്‍ റമീന്‍ റിസായേനും സ്‌കോര്‍ ചെയ്തു. പത്തു പേരായിച്ചുരുങ്ങിയതാണ് വെയ്ല്‍സിന് തിരിച്ചടിയായത്. ലോകകപ്പില്‍ ഇറാന്റെ മൂന്നാം വിജയമാണ് ഇത്.  അമേരിക്കയെയും മൊറോക്കോയെയുമാണ് അവര്‍ മുമ്പ് കീഴടക്കിയത്. യൂറോപ്യന്‍ ടീമിനെതിരെ ആദ്യ ജയമാണ്.
അവസാന പത്തു മിനിറ്റിലേറെ പത്തു പേരുമായി കളിച്ചാണ് വെയ്ല്‍സ് പൊരുതിയത്. രണ്ടാം പകുതിയിലുടനീളം ഇറാന്‍ ആഞ്ഞടിച്ചെങ്കിലും വെയ്ല്‍സ് ഒരു വിധം രക്ഷപ്പെടുകയായിരന്നുന്നു. 64 വര്‍ഷത്തിനു ശേഷം ലോകകപ്പ് കളിക്കുന്ന ബെയ്ല്‍സിന് ഇനി ഇംഗ്ലണ്ടിനെ തോല്‍പിച്ചേ പറ്റൂ. 
വെയ്ല്‍സ് ഇറാനെതിരായ കളിയുടെ എണ്‍പത്തേഴാം മിനിറ്റിലാണ് ഗോളി വെയ്ന്‍ ഹെന്നസി ചുവപ്പ് കാര്‍ഡ് കണ്ടത്. രണ്ടു തവണ രണ്ടാം പകുതിയില്‍ ഇറാന്റെ ഷോട്ടുകള്‍ പോസ്റ്റിന് തട്ടി മടങ്ങി. ഗോളിലേക്ക് മുന്നേറുകയായിരുന്ന ഇറാന്‍ താരം മെഹ്ദി തെരീമിക്കു നേരെ ബോക്‌സ് വിട്ടിറങ്ങി അപകടകരമായി കാലുയര്‍ത്തിയതിനാണ് റഫറി ആദ്യം മഞ്ഞക്കാര്‍ഡ് കാണിച്ചത്. പിന്നീട് വീഡിയൊ റഫറിമാരുടെ നിര്‍ദേശപ്രകാരം ദൃശ്യം പരിശോധിച്ച് ഡയരക്ട് ചുവപ്പ് കാര്‍ഡാക്കി മാറ്റി. ഒരു കളിക്കാരനെ പന്‍വലിച്ച് വെയ്ല്‍സ് റിസര്‍വ് ഗോളിയെ കളത്തിലിറക്കി. മത്സരം ഗോള്‍രഹിത സമനിലയില്‍ പുരോഗമിക്കുമ്പോഴാണ് സംഭവം.
 

Latest News