ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായി ബൂട്ട് കെട്ടിയ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ അവിശ്വസനീയ വിജയം മറ്റു ടീമുകള്‍ക്ക് ആവേശം പകരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളുടെ ചെറുത്തുനില്‍പിന് സൗദിയുടെ വിജയം പ്രചോദനമായി. ആദ്യ രണ്ടു ദിവസങ്ങളില്‍ ഖത്തറും ഇറാനും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ വിജയത്തിനു ശേഷം ദുര്‍ബലമെന്നു കരുതിയ ടീമുകള്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ജര്‍മനിയെ ജപ്പാന്‍ ഞെട്ടിച്ചു, ഡെന്മാര്‍ക്കിനെ തുനീഷ്യയും ക്രൊയേഷ്യയെ മൊറോക്കോയും ഉറുഗ്വായെ തെക്കന്‍ കൊറിയയും പിടിച്ചുകെട്ടി. പോര്‍ചുഗലിനെതിരെ ഘാന ധീരമായി പൊരുതി. ബെല്‍ജിയത്തിനെതിരെ കോണ്‍കകാഫ് ടീമായ കാനഡ കാഴ്ചവെച്ച ഗംഭീര പോരാട്ടവും ശ്രദ്ധേയമായിരുന്നു. ക്രൊയേഷ്യക്കെതിരെ മൊറോക്കൊ ജയത്തിന്റെ വക്കിലായിരുന്നു.
ഏതു ടീമിനും ഏതു ടീമിനെയും തോല്‍പിക്കാമെന്ന മനോഭാവമാണ് സൗദിയുടെ വിജയം നല്‍കിയത്. ജര്‍മനിയെ തോല്‍പിച്ച ശേഷം ജപ്പാന്റെ നായകന്‍ മായ യോഷിദ പറഞ്ഞ വാക്കുകള്‍ ഇതിന്റെ സാക്ഷ്യപത്രമാണ്: 'സൗദി അറേബ്യ ഉജ്വല വിജയം നേടുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ സ്വയം ചോദിച്ചു, എന്തുകൊണ്ട് ഞങ്ങള്‍ക്കുമായിക്കൂടാ'.
'ലോകകപ്പ് കൂടുതല്‍ തുല്യതയുള്ള ടീമുകളുടേതായി മാറുകയാണ്. ടീമുകള്‍ കുറച്ചുകാലമായി യൂത്ത് അക്കാദമികള്‍ വളര്‍ത്തിയെടുക്കാന്‍ പണം ചെലവിടുുണ്ട്. ഒരേ പ്രചോദനമുള്ള കളിക്കാരുടെ സംഘത്തെ വളര്‍ത്തിയെടുത്താല്‍ പ്രത്യേക ദിവസം ഏതു ടീമിനെയും തോല്‍പിക്കാന്‍ സാധിക്കുമെന്ന തോന്നല്‍ വളര്‍ന്നിട്ടുണ്ട്' -അമേരിക്കന്‍ ഗോളി മാറ്റ് ടേണര്‍ പറഞ്ഞു.
അര്‍ജന്റീനയുടെയും ജര്‍മനിയുടെയും വിധി ആവര്‍ത്തിക്കരുതെന്ന മുന്‍കരുതലോടെയാണ് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങുന്നത്. ദുര്‍ബലമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകള്‍ മികച്ച കളി പുറത്തെടുക്കുമ്പോഴൊക്കെ കമന്റേറ്റര്‍ സൗദിയുടെ ഇഫക്ട് എടുത്തുപറയുന്നുണ്ട്.
രണ്ടാം റൗണ്ടില്‍ ഈ സ്ഥിതി തുടരുമോ? അതോ മുന്‍നിര ടീമുകള്‍ കൂടുതല്‍ ജാഗ്രതയോടെ ഇറങ്ങുമോ? വരും ദിവസങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയും.






