ഇറാന്‍ കളിക്കാര്‍ വായ തുറക്കുമോ?

 

ഗ്രൂപ്പ് ബി
വെയ്ല്‍സ്-ഇറാന്‍
വെള്ളി ഉച്ച 1.00

ദോഹ - ഇംഗ്ലണ്ടില്‍ നിന്നേറ്റ കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇറാന് ലോകകപ്പില്‍ വെയ്ല്‍സിനെതിരെ കഠിനയത്‌നം. പരിക്കേറ്റ സൂപ്പര്‍ ഗോളി അലി ബെയ്‌രന്‍വന്തിന് വെയ്ല്‍സിനെതിരെയും കളിക്കാനാവില്ലെന്നാണ് സൂചന. സഹതാരവുമായി കൂട്ടിയിടിച്ച ബെയ്‌രന്‍വന്തിന് മൂക്കിനാണ് പരിക്ക്. മത്സരത്തിനു ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. പകരം കളിച്ച രണ്ടാം ഗോളി ഹുസൈന്‍ ഹുസൈനി ആറ് ഗോളാണ് വഴങ്ങിയത്. 
ഇംഗ്ലണ്ടിനെതിരായ കളി ഒരു പാഠമായിരുന്നുവെന്നും വെയ്ല്‍സിനെ നേരിടാന്‍ ടീം കൂടുതല്‍ ശക്തമായി ഒരുങ്ങിയിട്ടുണ്ടെന്നും കോച്ച് കാര്‍ലോസ് ക്വിറോസ് പറഞ്ഞു. 
അമേരിക്കക്കെതിരെ 82ാം മിനിറ്റില്‍ ഗാരെത് ബെയ്‌ലിന്റെ പെനാല്‍ട്ടി ഗോളില്‍ സമനില നേടിയാണ് വെയ്ല്‍സ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. 1958 നു ശേഷം ആദ്യമായാണ് വെയ്ല്‍സ് ലോകകപ്പ് കളിക്കുന്നത്. അമേരിക്കക്കെതിരെ രണ്ടാം പകുതിയില്‍ ഇറങ്ങുകയും കളി തിരിക്കുകയും ചെയ്ത കീഫര്‍ മൂര്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 
ഇറാന്‍ ഇതുവരെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയിട്ടില്ല. ആദ്യ മത്സരം സൂചനയാണെങ്കില്‍ ഇത്തവണയും സാധ്യതയില്ല. ആദ്യ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ ദേശീയ ഗാനം മുഴക്കാന്‍ തയാറായിരുന്നില്ല. ഇത്തവണയും കളിക്കു മുമ്പെ അവര്‍ ശ്രദ്ധാകേന്ദ്രങ്ങളാവും. 

Latest News