ബ്രസീൽ ബൂട്ട് കെട്ടുന്നു, ആരാധകർക്ക് അങ്കലാപ്പ്

ഗ്രൂപ്പ് ജി
സ്വിറ്റ്‌സർലന്റ്-കാമറൂൺ
ഉച്ച 1.00
പോർചുഗൽ-ഘാന
രാത്രി 7.00

ഗ്രൂപ്പ് എച്ച്
ഉറുഗ്വായ്-തെ.കൊറിയ
വൈകു: 4.00
ബ്രസീൽ-സെർബിയ
രാത്രി 10.00


ദോഹ - ബ്രസീലും പോർചുഗലും ബൂട്ട് കെട്ടുന്ന സൂപ്പർ തേസ്‌ഡേയിലേക്ക് ലോകകപ്പ്. ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമായ ബ്രസീൽ രാത്രി മത്സരത്തിൽ സെർബിയയുമായാണ് ഏറ്റുമുട്ടുക. സെർബിയ ചില്ലറക്കാരല്ല. അതിനാൽ ബ്രസീൽ ആരാധകർക്ക് അങ്കലാപ്പുണ്ട്. ഫലത്തിൽ ഇപ്പോൾ ഒരു ക്ലബ്ബുമില്ലാത്ത ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ പോർചുഗലിന് ഈ ലോകകപ്പിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ ഘാനയാണ് എതിരാളികൾ. ഇതോടെ 32 ടീമുകളും കളത്തിലിറങ്ങിക്കഴിയും. ടീമുകളെക്കുറിച്ച ഏകദേശ ചിത്രം വ്യക്തമാവും. 
ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച ഏഷ്യൻ ടീമായ തെക്കൻ കൊറിയക്ക് ഉറുഗ്വായാണ് എതിരാളികൾ. ക്യാപ്റ്റൻ സോൻ ഹ്യുംഗ് മിന്നിന്റെ പരിക്കാണ് കൊറിയയെ അലട്ടുന്നത്. രണ്ടാഴ്ച മുമ്പാണ് സോനിന് ഇടതു കണ്ണിനു സമീപം പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞാണ് ദോഹയിലേക്ക് വന്നത്. മുഖാവരണമണിഞ്ഞെങ്കിലും സോൻ കളിക്കുമെന്നാണ് സൂചന. കൊറിയയുടെ പ്രതീക്ഷകൾ സോനിന്റെ ചുമലിലാണ്. കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച ടീമാണ് കൊറിയ. സോൻ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ സംയുക്ത ടോപ്‌സ്‌കോററാണ്. ഖത്തറിൽ എത്തിയതു മുതൽ മുഖാവരണമണിഞ്ഞാണ് സോൻ പരിശീലിക്കുന്നത്. 
ഉറുഗ്വായ് നിരയിൽ ലൂയിസ് സോറസിനും എഡിൻസൻ കവാനിക്കും ഇത് നാലാമത്തെ ലോകകപ്പാണ്. സോറസ് ലോകകപ്പിൽ ഏഴ് ഗോളടിച്ചിട്ടുണ്ട്. 
ലാറ്റിനമേരിക്കൻ, യൂറോപ്യൻ വൻശക്തികൾക്കെതിരെ ലോകകപ്പിൽ ഏഷ്യൻ, അറബ് ശക്തികളുടെ അതിശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. നാലു തവണ ചാമ്പ്യന്മാരായ ജർമനിയെ 2-1 ന് ജപ്പാൻ മുട്ടുകുത്തിച്ചപ്പോൾ നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയെ മൊറോക്കൊ ഗോൾരഹിത സമനിലയിൽ തളച്ചു, ബെൽജിയത്തെ വിറപ്പിച്ചുവിട്ട ശേഷമാണ് കാനഡ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം അർജന്റീനയെ സൗദി അറേബ്യ ഞെട്ടിച്ചതിന്റെ അലകളടങ്ങും മുമ്പെയാണ് ലോകകപ്പ് മറ്റൊരു കനത്ത അട്ടിമറിയിൽ കുലുങ്ങിയത്. സൗദി നൽകിയ പാഠമാണ് ജപ്പാനും പ്രയോഗിച്ചത്. ആദ്യ പകുതിയിൽ ചിത്രത്തിലേ ഇല്ലാതിരുന്ന അവർ രണ്ടാം പകുതിയിൽ എട്ടു മിനിറ്റിനിടെ രണ്ടു തവണ നിറയൊഴിച്ചു. എഴുപത്തഞ്ചാം മിനിറ്റിൽ റിസ്തു ദോവാനും എൺപത്തിമൂന്നാം മിനിറ്റിൽ തകൂമൊ അസാനോയും ലക്ഷ്യം കണ്ടതോടെ ജർമനിക്ക് തിരിച്ചുവരാൻ സമയം കിട്ടിയില്ല. അവസാന മിനിറ്റുകളിൽ ഗോളി മാന്വേൽ നോയറുൾപ്പെടെ കയറിക്കളിച്ചെങ്കിലും ജപ്പാൻ കളിക്കാർ ഒന്നടങ്കം ബോക്‌സിലിറങ്ങി പ്രതിരോധിച്ചു. കഴിഞ്ഞ ലോകകപ്പിൽ പ്രി ക്വാർട്ടറിലെത്തിയ ഏക ഏഷ്യൻ ടീമായിരുന്നു ജപ്പാൻ. ബെൽജിയത്തിനെതിരെ 21 ന് മുന്നിലെത്തിയ ശേഷം അവർക്ക് കാലിടറുകയായിരുന്നു. ആ തോൽവിയിൽ നിന്ന് പാഠം പഠിച്ചാണ് അവസാന മിനിറ്റുകളിൽ അവർ ജർമനിക്കെതിരെ പിടിച്ചുനിന്നത്. 
മറ്റൊരു താരസമ്പന്നമായ ദിനമാണ് ലോകകപ്പിൽ. ലോക ഫുട്‌ബോളിലെ വമ്പന്മാർ ഇന്ന് ഖത്തറിലെ കളി മുറ്റത്തിറങ്ങും. ലിയണൽ മെസ്സിയുടെ അർജന്റീനക്ക് സൗദി അറേബ്യയിൽ നിന്ന് കിട്ടിയ പ്രഹരത്തിന്റെ അലയടങ്ങും മുമ്പെ നെയ്മാറും ക്രിസ്റ്റ്യാനൊ റൊണാൾഡോയും ലൂയിസ് സോറസും കളത്തിലിറങ്ങും. അർജന്റീനയെ പോലെ ഈ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്ന ബ്രസീൽ ബദ്ധവൈരികൾ വീണ കുഴിയിൽ ചെന്നുചാടാതിരിക്കാൻ എല്ലാ മുൻകരുതലുകളുമെടുക്കും. യൂറോപ്പിൽ നിന്ന് നേരിട്ട് ഫൈനൽ റൗണ്ടിലെത്തിയ സെർബിയക്കെതിരെ അവർക്ക് കാര്യങ്ങൾ എളുപ്പമാവില്ല. 
ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർചുഗലിന് ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ ഘാനയാണ് എതിരാളികൾ. മാഞ്ചസ്റ്റർ യുനൈറ്റഡ് കഴിഞ്ഞ ദിവസം പുറത്താക്കിയ ക്രിസ്റ്റ്യാനൊ ഏത് മാനസികാവസ്ഥയിലാണ് കളിക്കുകയെന്നാണ് കണ്ടറിയേണ്ടത്. സോറസിന്റെയും എഡിൻസൻ കവാനിയുടെയും ഉറുഗ്വായ്്ക്ക് സോൻ ഹ്യുംഗ് മിന്നിന്റെ തെക്കൻ കൊറിയയാണ് എതിരാളികൾ. ഇതോടെ 32 ടീമുകളും ആദ്യ കളി പൂർത്തിയാക്കും.

Latest News