ദോഹ - ലോകകപ്പ് ഫുട്ബോളില്‍ അറബ് ടീമുകളുടെ മിന്നുന്ന പ്രകടനം തുടരുന്നു. നിലവിലെ റണ്ണേഴ്സ്അപ്് ക്രൊയേഷ്യയെ ഗോളടിക്കാതെ മൊറോക്കൊ പിടിച്ചുകെട്ടി. ചൊവ്വാഴ്ച അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിക്കുകയും ഡെന്മാര്ക്കിനെ തുനീഷ്യ സമനിലയില്‍ തളക്കുകയും ചെയ്തിരുന്നു. ക്രൊയേഷ്യക്കായിരുന്നു മൂന്‍തൂക്കമെങ്കിലും മൊറോക്കോയുടെ പ്രതിരോധം ഭേദിക്കാനും വ്യക്തമായ അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കായില്ല. ബെല്‍ജിയവും കാനഡയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൊറോക്കോക്ക് പ്രതീക്ഷ നല്‍കുന്നതാണ് മത്സര ഫലം. അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ ഖത്തറിലെ മൊറോക്കോക്കാര്‍ കൂട്ടത്തോടെ എത്തിയത് ടീമിന് വലിയ പിന്തുണയായി. 1986 ല്‍ മാത്രമേ മൊറോക്കോക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ ലോകകപ്പില്‍ നന്നായി കളിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
ക്രൊയേഷ്യക്ക് തുല്യനാണയത്തില്‍ തിരിച്ചടി നല്കാന് മൊറോക്കോക്ക് കഴിഞ്ഞെങ്കിലും ദേജാന്‍ ലോവ്റാന്‍ നയിച്ച പ്രതിരോധം തുറക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കായില്ല. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച നാലു പേര് ക്രൊയേഷ്യ നിരയിലുണ്ടായിരുന്നു. ഹക്കീം സിയേഷും അശ്റഫ് ഹക്കീമിയും വിംഗുകളില്‍ സജീവമായിരുന്നു, എന്നാല്‍ വലിയ അപകടം വിതക്കാനായില്ല. അവസരം കിട്ടിയപ്പോഴാവട്ടെ അസ്സദ്ദീന്‍ ഉനാഹി ഷൂട്ട് ചെയ്യാന്‍ അറച്ചു.
കഴിഞ്ഞ ലോകകപ്പിലെ മികച്ച താരവും ക്യാപ്റ്റനുമായ ലൂക്ക മോദ്റിച്ചിനെ മൊറോക്കൊ പ്രതിരോധം തളച്ചിട്ടതോടെ ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. മോദ്റിച്ചിനെ കളിയിലെ താരമായി പ്രഖ്യാപിച്ചപ്പോള്‍ മൊറോക്കോക്കാര്‍ നിറഞ്ഞ ഗാലറി കൂവി. മുപ്പത്തേഴുകാരന്റെ നാലാം ലോകകപ്പാണ് ഇത്.
മൊറോക്കോയുടെ മികച്ച അവസരം ലഭിച്ചത് പി.എസ്.ജി താരം അശ്റഫ് ഹക്കീമിക്കായിരുന്നു. ഹക്കീമിയുടെ വെടിയുണ്ട ഇരുകൈകളും ചേര്‍ത്താണ് ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച് തട്ടിത്തെറിപ്പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മോദ്റിച്ചിന് കിട്ടിയ അവസരം ഉയര്‍ത്തിയടിച്ച് തുലച്ചു. ദേജാന്‍ ലോവ്റാന്റെ ഷോട്ട് സുഫ്യാന് അംറാബത് ഗോള്‍ലൈനില്‍ നിന്ന് അടിച്ചകറ്റി. സലീം അമല്ലയുടെ അലക്ഷ്യമായ പാസ് പിടിച്ച ഇവാന് പെരിസിച്ചിന്റെ ഷോട്ട് അല്പമുയര്ന്നു. നിക്കോള വ്ലാസിച്ചിന്റെ ശ്രമം ഗോളി യാസീന്‍ ബൂനു കാലുകള്‍ കൊണ്ട് തടുത്തു.
തുടക്കം മോശമായെങ്കിലും ലോകകപ്പില്‍ ഏറെ ദൂരം മുന്നോട്ടുപോവാനാവുമെന്ന് മോദ്റിച് വിശ്വാസം പ്രകടിപ്പിച്ചു. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ വേണ്ടി മാത്രമല്ല ഞങ്ങള്‍ ലോകകപ്പിന് വന്നത്. അതിനെക്കാളപ്പുറമാണ് ലക്ഷ്യം -ക്യാപ്റ്റന്‍ പറഞ്ഞു.






