ദോഹ - ഇറ്റലിയുടെ അജയ്യ കുതിപ്പിന്റെ റെക്കോര്‍ഡ് തകര്‍ക്കാമെന്ന് വിശ്വസിച്ചാണ് അര്‍ജന്റീന ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ ഇറങ്ങിയത്. ലിയണല്‍ മെസ്സിക്ക് നേരിയ പരിക്കുണ്ടായിരുന്നു. സൗദിയെ തോല്പിക്കാന് മെസ്സി വേണ്ടി വരില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ എഴുതിയത്. ഫിഫ റാങ്കിംഗില്‍ മുന്‍നിരയിലുള്ള ടീമാണ് അര്‍ജന്റീന. സൗദിയുടെ സ്ഥാനം 51ാമത് മാത്രം. പക്ഷെ അതൊക്കെ വായിക്കാന്‍ സൗദിയുടെ ഗ്രീന്‍ ഫാല്‍ക്കന്‍സ് മറന്നു പോയി.
ഹെര്‍വ് റെനോയുടെ തന്ത്രം അല്പം സാഹസികമായിരുന്നു. ഹൈലൈന്‍ -ഏറെ മുന്നോട്ടുകയറി പ്രതിരോധിക്കുക. പിന്നെ, പേടിയില്ലാതെ മുന്നോട്ടുകയറുക, ഒപ്പം അര്‍ജന്റീന കളിക്കാര്‍ക്കെതിരെ ഒരല്പ്യം ധാര്‍ഷ്ട്യത്തോടെ നേരിടുക. ഏതു നിമിഷവും പരാജയപ്പെടാവുന്ന തന്ത്രമാണ് ഇതെന്നു തോന്നി. ആദ്യ പകുതിയില്‍ മൂന്നു തവണ അര്‍ജന്റീനക്കാര്‍ വലയില്‍ പന്തെത്തിച്ചപ്പോഴും തലനാരിഴക്ക് ഓഫ്സൈഡായത് സൗദിയെ രക്ഷിച്ചു.
അതൊഴിച്ചാല്‍ ഗോളി മുഹമ്മദ് അല്ഉവൈസിന് കാര്യമായ പണിയില്ലായിരുന്നു. അതു ശുഭസൂചനയായി. രണ്ടാം പകുതിയില്‍ അര്‍ജന്റീന പ്രതിരോധമുറങ്ങി. ആദ്യം സാലിഹ് അല്‍ശഹരി ഒറ്റക്കുള്ള കുതിപ്പില്‍ ബോക്സില്‍ കയറി നിറയൊഴിച്ചു. അഞ്ചു മിനിറ്റിനകം സാലിം ്അല്ദോസരിയുടെ മിന്നല്പിണര് പോലുള്ള ഷോട്ട് അര്‍ജന്റീനയുടെ നെഞ്ചകത്തിലൂടെ പാഞ്ഞു.
പിന്നീട് സൗദി എല്ലാ ശക്തിയുമുപയോഗിച്ച് പ്രതിരോധിച്ചു. റഫറി തുടരെ മഞ്ഞക്കാര്ഡുകളെടുത്തപ്പോഴും അവര്‍ പിന്മാറിയില്ല. വേണ്ടിവന്നപ്പോള്‍ സമയം കളയാനും തയാറായി.
പരാജയമൊഴിവാക്കിയിരുന്നുവെങ്കില് ഇറ്റലിയുടെ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു അര്‍ജന്റീനക്ക്. ഇപ്പോള്‍ ടീമിനെ അലട്ടുന്നത് റെക്കോര്‍ഡ് നഷ്ടപ്പെട്ടതായിരിക്കില്ല. മെസ്സിയുടെ അവസാന ലോകകപ്പില്‍ ടീമിന്റെ ഭാവിയെക്കുറിച്ചായിരിക്കും. ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടും പ്രി ക്വാര്ട്ടറിലെത്തുമെന്നായിരുന്നു പ്രവചനം. അത് തിരുത്തേണ്ടി വരും.
അവശേഷിച്ച രണ്ടു കളികളില്‍ ഒരു സമനില ലഭിച്ചാല്‍ ചിലപ്പോള്‍ സൗദിക്ക് മുന്നേറാന്‍ സാധിച്ചേക്കും. അര്‍ജന്റീനക്ക് രണ്ട് ശക്തരായ എതിരാളികളെ കീഴടക്കണം. കമോണ്‍...ഖത്തറും ഇറാനും നിശാപ്പെടുത്തിയ ശേഷം ലോകകപ്പിന് ജീവന് വെച്ചിരിക്കുകയാണ്. സെനഗല്‍ തോറ്റെങ്കിലും നെതര്‍ലാന്റ്സിനോട് ഉജ്വലമായി പൊ രുതി. സൗദിയുടെ വിജയം മറ്റു ടീമുകള്‍ക്ക് പ്രചോദനമാവുമോ? ഇത് യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും മാത്രം ലോകകപ്പല്ലെന്ന് തെളിയിക്കാന്‍ മറ്റു ടീമുകള്‍ക്കാവുമോ?






